കാവിവൽക്കരണത്തിനെതിരെ പ്രതിഷേധം
print edition സമരം ചെയ്ത വിദ്യാർഥികളുടെ വീടുകളിലെത്തി പൊലീസ് ഭീഷണി

തിരുവനന്തപുരം: സർവകലാശാലകളിലെ കാവിവൽക്കരണത്തിനെതിരെ ജനാധിപത്യപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്ത പൊലീസ് വീടുകളിലെത്തിയും ഭീഷണിപ്പെടുത്തുന്നതായി പരാതി. എസ്‌എഫ്‌ഐ നേതൃത്വത്തിൽ സെക്രട്ടറിയറ്റിലേക്ക് നടന്ന മാർച്ചിൽ പങ്കെടുക്കാതിരുന്നവരുടെ പേരിൽവരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. ഇൗ വിദ്യാർഥികളുടെയും സമീപവാസികളുടെയും വീടുകളിലെത്തിയാണ് ഭീഷണിപ്പെടുത്തുന്നത്. രക്ഷിതാക്കളെയടക്കം സമ്മർദത്തിലാക്കുകയാണ് ലക്ഷ്യം.
കഴിഞ്ഞ ബുധനാഴ്‌ച നടന്ന എസ്‌എഫ്‌ഐ മാർച്ചിനുശേഷം മണിക്കൂറുകൾക്കുള്ളിൽ മൂന്ന് എഫ്‌ഐആറാണ് ഇട്ടത്. ഇതിലൊന്നിലും പേരില്ലാതിരുന്ന എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗം എം എ മനേഷിനെ രാത്രിയിൽ അറസ്റ്റ് ചെയ്‌ത് ലോക്കപ്പിലടച്ചു. എസ്‌എഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എസ് കെ ആദർശ്, ടോണി കുര്യാക്കോസ് എന്നിവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽനിന്നാണ് കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
ലാത്തികൊണ്ടുള്ള അടിയിൽ ഗുരുതര പരിക്കേറ്റ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിനൊപ്പം ആശുപത്രിയിൽ കൂട്ടിരുന്നവരായിരുന്നു ഇരുവരും. മൂന്നുപേരും നിലവിൽ റിമാൻഡിലാണ്. സമാധാനപരമായി സമരംചെയ്‌ത വിദ്യാർഥികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി എടുത്ത കേസുകളിൽ സത്യസന്ധമായ അന്വേഷണം ആവശ്യപ്പെട്ട് എസ്‌എഫ്‌ഐ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്.








0 comments