ad
Deshabhimani

പത്തുവർഷവും മൂന്നുമാസവും സർവീസ്‌ പൂർത്തിയാക്കി മടങ്ങുന്ന ഡോബർമാൻ

"ക്രൗണി' ഇന്ന്‌ വിരമിക്കും ; സേനാചരിത്രത്തിലെ സീനിയർ

kerala police dog crouni

കേരള പൊലീസിൽനിന്ന് വിരമിക്കുന്ന ‘ക്രൗണി’ 
ട്രെയിനർ ജോബിഷ്‌ ജോസിനൊപ്പം

വെബ് ഡെസ്ക്

Published on May 06, 2025, 02:33 AM | 1 min read


മലപ്പുറം

കേരള പൊലീസ്‌ സേനയിലെ മുതിർന്ന നായ ‘ക്രൗണി’ ചൊവ്വാഴ്‌ച വിരമിക്കും. പത്തുവർഷവും മൂന്നുമാസവും സർവീസ്‌ പൂർത്തിയാക്കി മടങ്ങുന്ന ഡോബർമാൻ സേനയുടെ ചരിത്രത്തിലെ സീനിയറാണ്‌. അടുത്ത ദിവസം പടിഞ്ഞാറ്റുംമുറി എആർ ക്യാമ്പിൽ ഔദ്യോഗിക യാത്രയയപ്പ്‌ നൽകും. തൃശൂർ പൊലീസ്‌ അക്കാദമിയിൽ സേനയിലെ നായകളുടെ വൃദ്ധസദനമായ ‘വിശ്രാന്തി’യിലാകും വിശ്രമജീവിതം.


2013 നവംബർ 25നാണ്‌ ക്രൗണിയുടെ ജനനം. 2014 ജനുവരിയിൽ നാലാം ബാച്ചിൽ സേനയുടെ ഭാഗമായി. തൃശൂർ കേരള പൊലീസ്‌ അക്കാദമിയിൽ നായ പരിശീലന കേന്ദ്രത്തിൽ ഒമ്പതുമാസം പരിശീലനത്തിനുശേഷം ഇന്ത്യൻ റിസർവ്‌ ബറ്റാലിയനിലേക്ക്‌. അവിടെനിന്ന്‌ 2017ൽ മലപ്പുറം കെഎപി ബറ്റാലിയനിൽ. എക്സ്‌പ്ലോസീവ്‌ സ്‌നിഫർ വിഭാഗത്തിലെ നായയെ വിഐപി സുരക്ഷയ്ക്കാണ്‌ പ്രധാനമായും നിയോഗിച്ചത്‌. നിലമ്പൂരില്‍ കുപ്പുസാമിയുടെ നേതൃത്വത്തിലുളള മാവോയിസ്റ്റ് ഏറ്റുമുട്ടലിലും കവളപ്പാറ പ്രകൃതിദുരന്തത്തിലും കുറ്റിപ്പുറം പാലത്തിനടിയില്‍ ആയുധശേഖരം കണ്ടെത്തിയതിലും മലപ്പുറം സിവില്‍ സ്റ്റേഷൻ സ്ഫോടനക്കേസിലും പൊലീസിന്‌ വഴികാട്ടി.


സാധാരണ സേനയിൽ നായകൾക്ക്‌ 10 വയസുവരെയാണ്‌ സർവീസ്‌. ഇതിനുശേഷം സേനയിലെ മൃഗഡോക്ടർ അനുമതി നൽകിയാൽ പരമാവധി ഒരുവർഷം നീട്ടിക്കിട്ടും. ക്രൗണിക്ക്‌ ഈ ഇളവ്‌ ലഭിച്ചു. മാർച്ച്‌ 18ന്‌ നടത്തിയ പരിശോധനയിൽ അർബുദം കണ്ടെത്തിയതാണ്‌ സർവീസ്‌ അവസാനിപ്പിക്കാൻ കാരണം. ഡോബർമാൻ നായകൾക്ക്‌ പൊതുവേ ആയുസ്സ്‌ കുറവാണ്‌. ഹൃദ്രോഗമാണ്‌ വില്ലൻ. പ്രത്യേക പരിശീലനത്തിന്റെ സമ്മർദത്താൽ ആയുസ്സ്‌ വീണ്ടും കുറയും. എന്നാൽ, ക്രൗണിക്ക്‌ പ്രായത്തിന്റെ തളർച്ചയില്ലെന്ന്‌ ട്രെയിനർ ജോബിഷ്‌ ജോസ്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home