print edition കണ്ണിൽ പൊടിയിടാൻ കണക്കിലെ കളി; ആസൂത്രണ ബോർഡിനെ ഇല്ലാതാക്കി

തിരുവനന്തപുരം : യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി അഞ്ചുമാസം തികയുംമുമ്പ് സംസ്ഥാനത്തെ ആസൂത്രണ ബോർഡിനെ പൂർണമായും ഒതുക്കി. കേന്ദ്രബിജെപി സർക്കാർ ആസൂത്രണ കമീഷനെ ഇല്ലാതാക്കി നിതി ആയോഗ് രൂപീകരിച്ചതിന് സമാനമായ നടപടിയാണിത്. പഞ്ചാവത്സര പദ്ധതി രൂപീകരണം ആസൂത്രണബോർഡിൽനിന്ന്‌മാറ്റി സ്വകാര്യ ഏജൻസികളെ ഏൽപ്പിക്കുകയാണ് സർക്കാർ.
സാമ്പത്തികസ്ഥിതി വിലയിരുത്തുന്ന ധവളപത്രം തയ്യാറാക്കാൻ പുറത്തുനിന്നുള്ളവരെ നിയോഗിച്ചായിരുന്നു ആസൂത്രണബോർഡിനെ തകർക്കാനായി സതീശൻ സർക്കാരിന്റെ ആദ്യനീക്കം. ധനവകുപ്പിന്റെ രഹസ്യരേഖ വകുപ്പിന് പുറത്തുള്ളവരെ പരിശോധിക്കാൻ അനുവദിക്കാറില്ല. മുൻ കേന്ദ്ര കാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖർ അധ്യക്ഷനായ സമിതി ധവളപത്രം തയ്യാറാക്കിയത് എഐ ടൂളിന്റെ സഹായത്താലാണ്.
ആസൂത്രണ ബോർഡിനെ തിങ്ക് ടാങ്ക് ആക്കി മാറ്റണമെന്നത് ധവളപത്രത്തിലെ നിർദേശമായിരുന്നു. ബജറ്റിലും ഇക്കാര്യം ആവർത്തിച്ചു. എൽഡിഎഫ് സർക്കാരിന്റെ കാലത്തെ ഡോ. വി കെ രാമചന്ദ്രൻ വൈസ് ചെയർപേഴ്‌സൺ ആയ ആസൂത്രണ ബോർഡ് സർക്കാർ മാറിയതോടെ രാജിവച്ചിരുന്നു.
പുതിയ ബോർഡ് രൂപീകരണം രണ്ടുമാസം നീട്ടിയ സർക്കാർ ജൂലൈ 21ന് ആണ് ഡോ. കെ എം ചന്ദ്രശേഖറിനെ വൈസ് ചെയർപേഴ്‌സണായി നിയമിച്ചത്. ആഗസ്‌ത് 29ന് മാത്രമാണ് നാല് വിദഗ്‌ധരെ നിയമിച്ചത്. സംസ്ഥാനത്തിന്റെ 70 വർഷത്തെ ചരിത്രത്തിൽ ആദ്യമായി പഞ്ചവത്സരപദ്ധതി രൂപീകരണം വിദേശ ഏജൻസികളെ ഏൽപ്പിക്കുകയാണ്.
ഓരോ വിഷയമേഖലയ്ക്കും രാജ്യത്ത് ലഭ്യമായ ഏറ്റവും വിദഗ്ധരെ ഉൾപ്പെടുത്തിയുള്ള വർക്കിങ് ഗ്രൂപ്പുകളാണ് പഞ്ചവത്സരപദ്ധതി തയ്യാറാക്കുന്നത്. റിപ്പോർട്ടുകൾ ആസൂത്രണബോർഡിലെ വിവിധ വകുപ്പുകൾ ചർച്ചചെയ്‌താണ് കരടുപദ്ധതിക്ക് രൂപംനൽകുക. ഇതെല്ലാം സ്വകാര്യ ഏജൻസികളെ ഏൽപ്പിക്കാനാണ് സർക്കാർ തീരുമാനം.









0 comments