ad
Deshabhimani

ബദൽ മാധ്യമങ്ങൾക്ക്‌ പിന്തുണ നൽകുന്നത്‌ രാഷ്‌ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാക്കണം

padana congress
വെബ് ഡെസ്ക്

Published on Feb 21, 2026, 06:45 PM | 1 min read

തിരുവനന്തപുരം: നിലവിലുള്ള ബദൽ മാധ്യമങ്ങൾക്ക്‌ ശക്തമായ പിന്തുണ നൽകണമെന്ന്‌ അഞ്ചാം കേരള അന്താരാഷ്ട്ര പഠന കോൺഗ്രസ്‌ ചർച്ച ചെയ്യുന്ന രേഖയിൽ പറയുന്നു. കേരളത്തിലെ പ്രാദേശിക ചാനലുകളുടെ കൂട്ടായ്‌മ നല്ല ഉദാഹരണമാണ്‌. ബദൽ ന്യൂസ്‌ പോർട്ടലുകൾ, സംഘടിതമായ സോഷ്യൽ മീഡിയ ഇടപെടലുകൾ എന്നിവയെല്ലാം ഇന്ന്‌ പ്രധാനമാണ്‌. കോൺഗ്രസും ബിജെപിയും അതിഭീമമായ തുക മുടക്കിയാണ്‌ സോഷ്യൽ മീഡിയ രംഗത്ത്‌ പ്രവർത്തിക്കുന്നത്‌. ആ മൂലധന ശേഷിയുമായി മത്സരിക്കാൻ കഴിയില്ലെങ്കിലും ഇടതുപക്ഷ പ്രവർത്തകരെ അണിനിരത്താനായാൽ വെല്ലുവിളി നേരിടാനാകും.


1959ലെ വിമോചനസമരം മുതൽ മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ ഇടതുപക്ഷ വിരുദ്ധതയാണ്‌ സ്വീകരിച്ചിട്ടുള്ളത്‌. അതിനെ ഇടതുപക്ഷം നേരിട്ടത്‌ കേരളത്തിലെ സജീവ പൊതുമണ്ഡലങ്ങളിൽ സാധാരണ പ്രവർത്തകരുടെ ഇടപെടൽ വഴിയാണ്‌. വായനശാലകളും ക്ലബ്ബുകളും ചായക്കടകളും ബീഡിതെറുപ്പ്‌ കേന്ദ്രങ്ങളുമെല്ലാം സംവാദവേദികളായി മാറി. ഇക്കാലത്ത്‌ ഇവയെല്ലാം ദുർബലമായി. ഇ‍ൗ പശ്‌ചാത്തലത്തിൽ എല്ലാ ഇടതുപക്ഷ പ്രവർത്തകരും കൃത്യമായ ദിശാബോധത്തോടെ സോഷ്യൽ മീഡിയയിൽ ഇടപെടണം.


മുഖ്യധാരാ മാധ്യമങ്ങൾ തമസ്‌കരിക്കുന്ന പലതും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാൻ കഴിയുന്നുണ്ട്‌.അതുകൊണ്ട്‌ തന്നെ മുഖ്യധാരാ മാധ്യമങ്ങൾക്ക്‌ അതൊന്നും എക്കാലത്തേയ്‌ക്കുമായി ഒളിച്ചുവയ്‌ക്കാൻ കഴിയുന്നില്ല. സിറ്റിസൺ ജേർണലിസം പ്രസക്തമാണെങ്കിലും പരിമിതിയുണ്ട്‌. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളെല്ലാം കുത്തകകളുടെ നിയന്ത്രണത്തിലാണ്‌. ആളുകൾ എന്ത്‌ കാണണമെന്ന്‌ തീരുമാനിക്കുന്നതിൽ അവരുടെ അൽഗോരിതങ്ങൾ പ്രധാന പങ്ക്‌ വഹിക്കുന്നു.


നരേന്ദ്ര മോദി അധികാരത്തിൽ വന്നശേഷം രാജ്യത്ത്‌ മാധ്യമ സ്വാതന്ത്ര്യം ഭീകരമായ തോതിൽ തകർന്നു. മാധ്യമ സാക്ഷരതയാണ്‌ ഏറ്റവും വലിയ പ്രതിരോധം. ബദൽ മാധ്യമങ്ങൾക്ക്‌ പിന്തുണയും പ്രചാരവും നൽകേണ്ടത്‌ രാഷ്‌ട്രീയ പ്രവർത്തനമായി ഏറ്റെടുക്കണം. ധീരമായും സത്യസന്ധമായും പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകർക്ക്‌ പൂർണ പിന്തുണ നൽകണം–രേഖയിൽ പറയുന്നു.


ഞായറാഴ്‌ച രാവിലെ 9.15 മുതൽ ഹസൻ മരയ്‌ക്കാർ ഹാളിൽ നടക്കുന്ന മാധ്യമസെമിനാർ പ്രമുഖ മാധ്യമ പ്രവർത്തകൻ ശശികുമാർ ഉദ്‌ഘാടനം ചെയ്യും. ജോൺ ബ്രിട്ടാസ്‌ എംപി വിഷയം അവതരിപ്പിക്കും. എം സ്വരാജ്‌ അധ്യക്ഷനാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home