print edition ആസൂത്രണബോർഡ് നോക്കുകുത്തി; പഞ്ചവത്സരപദ്ധതി രൂപീകരണം സ്വകാര്യ ഏജൻസികൾക്ക്

ഒക്ടോബർ 3ന്റെ നോട്ടിഫിക്കേഷൻ
കൊല്ലം: എഴുപത് വർഷത്തെ ചരിത്രത്തിൽ ആദ്യമായി സംസ്ഥാനത്തിന്റെ പഞ്ചവത്സര പദ്ധതി (2027– 32) രൂപീകരണം സ്വകാര്യവൽക്കരിക്കുന്നു. സംസ്ഥാന ആസൂത്രണബോർഡിനെ നോക്കുകുത്തിയാക്കി പതിനഞ്ചാം പദ്ധതി രൂപീകരണത്തിന് വിദേശ ഏജൻസികളെ അടക്കം നിയോഗിക്കുന്നതിന് ടെൻഡർ ക്ഷണിക്കാൻ സർക്കാർ വിജ്ഞാപനമിറക്കി. ഇനി മുതൽ സ്വകാര്യ ഏജൻസികൾക്കാകും പദ്ധതി രൂപീകരണത്തിനുള്ള വർക്കിങ് ഗ്രൂപ്പ് ചർച്ചകളുടെ മേൽനോട്ടച്ചുമതല.
കരട് നിർദേശം തയ്യാറാക്കുക, നയരൂപീകരണം, ഡാറ്റ വിശകലനം, പദ്ധതികളുടെയും പ്രോഗ്രാമുകളുടെയും അവലോകനം, ദേശീയ –-അന്തർദേശീയ ബെഞ്ച്മാർക്കിങ്ങും മികച്ച മാതൃക കണ്ടെത്തലും, പ്രോജക്‌ടുകൾ, നിർവഹണ ചട്ടക്കൂടുകൾ എന്നിവയുടെ വികസനം, വർക്കിങ് ഗ്രൂപ്പ് റിപ്പോർട്ടുകളുടെയും പ്ലാൻ രേഖകളുടെയും തയ്യാറാക്കൽ തുടങ്ങിയവ ഉൾപ്പെടെ ഏജൻസിയുടെ ചുമതലയിലാണ്.
ഇതുവരെ ആസൂത്രണബോർഡ് വിദഗ്‌ധസമിതി നിർവഹിച്ചിരുന്ന ചുമതലകളാണ് ഇതെല്ലാം. പഞ്ചവത്സര പദ്ധതിയുടെ തുടക്കംമുതൽ ഇതുവരെ ഓരോ വിഷയ മേഖലയ്ക്കും വിദഗ്ധരെ ഉൾപ്പെടുത്തി ആസൂത്രണ ബോർഡാണ് വർക്കിങ് ഗ്രൂപ്പുകൾക്ക് രൂപം നൽകിയിരുന്നത്. അവർ തയ്യാറാക്കുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പ്ലാനിങ് ബോർഡിലെ വിവിധ ഡിവിഷനുകൾ വകുപ്പുകളുമായി ചർച്ചചെയ്‌ത് കരട് പദ്ധതിരേഖയ്ക്ക് രൂപം നൽകും.
ഇത് ആസൂത്രണ ബോർഡ് പരിഗണിച്ച് അംഗീകാരം നൽകുന്നതാണ് ഇതുവരെയുള്ള രീതി. ബിജെപി സർക്കാർ കേന്ദ്ര ആസൂത്രണ കമീഷനെ തകർത്ത അതേ രീതിയാണ് സംസ്ഥാന സർക്കാർ പിൻതുടരുന്നത്.
നിതി ആയോഗിലെ ഉന്നതസംഘം കഴിഞ്ഞ ദിവസം സംസ്ഥാന പ്ലാനിങ് ബോർഡ് സന്ദർശിച്ചിരുന്നു.









0 comments