പി എഫ് അഡ്വാൻസ് എടുക്കുന്നതിലെ നിയന്ത്രണം പിൻവലിക്കണം: എൻജിഒ യൂണിയൻ

തിരുവനന്തപുരം: ജീവനക്കാരുടെ പി എഫ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം അവസാനിപ്പിക്കണമെന്ന് കേരള എൻജിഒ യൂണിയൻ ആവശ്യപ്പെട്ടു. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന് ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ ഒട്ടേറെ സാമ്പത്തിക നിയന്ത്രണങ്ങൾ ജീവനക്കാരുടെ മേഖലയിൽ അടിച്ചേൽപ്പിച്ചിരിക്കുകയാണ്. ഏൺഡ് ലീവ് സറണ്ടർ മരവിപ്പിച്ച് ഉത്തരവിറക്കിയ സർക്കാർ വിദ്യാഭ്യാസ വകുപ്പിന്റെ ഡയറ്റ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് യഥാസമയം ശമ്പളം വിതരണം ചെയ്യുന്നില്ലെന്നും എൻജിഒ യൂണിയൻ പ്രസ്താവനയിൽ അറിയിച്ചു.
ശമ്പളവും പെൻഷനും വേണ്ടി വരുമാനത്തിൻ്റെ സിംഹഭാഗവും ചെലവഴിക്കുകയാണെന്ന് സർക്കാർ തെറ്റായ പ്രചാരണം നടത്തുന്നു. അതുവഴി ജനങ്ങളെ സിവിൽ സർവ്വീസിനെതിരാക്കാൻ ശ്രമിക്കുകയാണ്. അർഹമായ അവകാശ ആനുകൂല്യങ്ങൾ അനുവദിക്കുന്നതിൽ സർക്കാർ വീഴ്‌ച വരുത്തുന്നു. ജീവനക്കാർ പ്രതിമാസ ശമ്പളത്തിൽ നിന്നും അവരുടെ പി എഫ് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചിരിക്കുന്ന തുക പിൻവലിക്കാനുള്ള അപേക്ഷപോലും സമർപ്പിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇത് യാതൊരുവിധത്തിലും അംഗീകരിക്കാനാവില്ല. പിഎഫ് നിയന്ത്രണം അടിയന്തരമായി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ടുപോകുമെന്ന് എൻജിഒ യൂണിയൻ അറിയിച്ചു.









0 comments