ad
Deshabhimani

സ്വകാര്യ ആശുപത്രികളിൽ വീണ്ടും സമരം: 26 മുതൽ അനിശ്ചിതകാല പണിമുടക്ക്

Nurses.jpg
വെബ് ഡെസ്ക്

Published on Mar 24, 2026, 08:43 AM | 1 min read

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാർ വീണ്ടും സമരത്തിലേക്ക്. ശമ്പള പരിഷ്ക്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ മാനേജ്മെന്റുകൾ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാത്ത സാഹചര്യത്തിൽ ഈ മാസം 26 മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ അറിയിച്ചു.


പണിമുടക്കിന് മുന്നോടിയായി നാളെ സൂചനാ പണിമുടക്ക് നടത്തുമെന്നും സംഘടന വ്യക്തമാക്കി. നഴ്സുമാരുടെ അടിസ്ഥാന ശമ്പളം വർദ്ധിപ്പിക്കണമെന്ന ദീർഘകാലമായുള്ള ആവശ്യം മാനേജ്മെന്റുകൾ തള്ളിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.


നേരത്തെ സമരം ശക്തമായതിനെ തുടർന്ന് ഹൈക്കോടതി ഇടപെട്ടാണ് മാനേജ്മെന്റും യുഎൻഎയും തമ്മിലുള്ള ചർച്ചയ്ക്ക് വഴിയൊരുക്കിയത്. എന്നാൽ, ശമ്പള പരിഷ്ക്കരണത്തിൽ ഉറച്ച നിലപാട് മാനേജ്മെന്റുകൾ സ്വീകരിച്ചതോടെ ചർച്ചകൾ പരാജയപ്പെടുകയായിരുന്നു.


സുപ്രീംകോടതി നിർദ്ദേശിച്ച അടിസ്ഥാന ശമ്പളം പോലും പല സ്വകാര്യ ആശുപത്രികളും നൽകുന്നില്ലെന്നാണ് യുഎൻഎയുടെ പ്രധാന പരാതി. അനിശ്ചിതകാല സമരത്തിന് മുന്നോടിയായി നാളെ (മാർച്ച് 25) സൂചനാ പണിമുടക്ക് നടക്കും. ഇത് ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിച്ചേക്കും.


26 മുതൽ നഴ്സുമാർ പൂർണ്ണമായും പണിമുടക്കുന്നതോടെ സ്വകാര്യ ആരോഗ്യ മേഖല സ്തംഭിക്കാനിടയുണ്ട്. അത്യാഹിത വിഭാഗങ്ങളെ സമരത്തിൽ നിന്ന് ഒഴിവാക്കുമോ എന്ന കാര്യത്തിൽ സംഘടന ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.


കഴിഞ്ഞ തവണ നഴ്സുമാർ സമരത്തിനിറങ്ങിയപ്പോൾ ഇൻപേഷ്യന്റ് വിഭാഗങ്ങളുടെ പ്രവർത്തനം താറുമാറായതും ശസ്ത്രക്രിയകൾ മാറ്റിവെക്കേണ്ടി വന്നതും വലിയ വാർത്തയായിരുന്നു. മാനേജ്മെന്റുകൾ ഇനിയും പിടിവാശി തുടർന്നാൽ സമരം ശക്തമാക്കാനാണ് യുഎൻഎയുടെ തീരുമാനം. സർക്കാർ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും ശക്തമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home