Deshabhimani

print edition കേരള മാതൃക ‘മോർച്ചറി’യിൽ; ആരോഗ്യത്തിന്‌ ചികിത്സ വേണം

kerala health sector Mortuary

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Oct 11, 2026, 01:00 AM | 2 min read

തിരുവനന്തപുരം : ലോകത്തിനുമുന്നിൽ അഭിമാനമായിരുന്ന കേരളത്തിന്റെ ആരോഗ്യമേഖല മോർച്ചറിയിലായ സ്ഥിതിയാണ്‌ യുഡിഎഫ്‌ സർക്കാരിന്റെ നാലുമാസത്തെ ഭരണത്തിൽ. കഴിഞ്ഞ മാസംമാത്രം 20 ലേറെ ചികിത്സാ പിഴവും അനാസ്ഥയും റിപ്പോർട്ട്‌ ചെയ്തു.

പരിയാരം മെഡിക്കൽ കോളേജിലും കോട്ടയം മെഡിക്കൽ കോളേജിലും ശസ്ത്രക്രിയക്കിടെ യുവതികൾ മരിച്ചു. ആലപ്പുഴയിൽ തിമിര ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ കണ്ണിൽ ലെൻസ്‌ തറച്ചു. പുനലൂർ താലൂക്ക്‌ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ നവജാത ശിശുവും പേരൂർക്കടയിൽ ചികിത്സവൈകി ഗർഭസ്ഥശിശുവും മരിച്ചു. ആംബുലൻസ്‌ ഇല്ലാതെ അടിമാലിയിൽ ചികിത്സ വൈകി യുവാവ്‌ മരിച്ചു.


കെടുകാര്യസ്ഥതയിലും പിടിപ്പുകേടിലും മുറിവേറ്റ ജീവിതങ്ങൾ ഇനിയുമുണ്ട്‌. ഇതിനുപുറമേ മരുന്നില്ല, ഡോക്ടർമാരില്ല, വൈദ്യുതിയില്ല എന്തിന്‌ പഞ്ഞിപോലുമില്ല. മരുന്നും അവശ്യ ഉപകരണങ്ങളും കിട്ടാതെ പാലക്കാട്‌ മെഡിക്കൽ കോളേജിൽ ഹ‍ൗസ്‌ സർജൻമാർ സമരം ചെയ്തു. റിയേജന്റ്‌ ക്ഷാമംമൂലം ലാബ്‌ പരിശോധന മുടങ്ങി. തലപ്പത്ത്‌ ആളില്ലാതെ ആയുർവേദം, അലോപ്പതി, ഹോമിയോ മരുന്നുവിതരണം അവതാളത്തി
ലായി.

ഇതിനിടയിലാണ്‌, വകുപ്പ്‌ മന്ത്രി കെ മുരളീധരനും ഉദ്യോഗസ്ഥരും തമ്മിൽ തർക്കം. മൂന്നുമാസത്തിനിടയിൽ ഒരു തസ്തികയിൽ മൂന്നിലേറെ മാറ്റം. എതിർക്കുന്ന ഉദ്യോഗസ്ഥരോട്‌ പ്രതികാരനടപടി. കരുതലോടെ കൊണ്ടുപോകേണ്ട ആരോഗ്യവകുപ്പിനെ അമ്മാനമാടുകയാണ്‌ മന്ത്രി. ഭരണത്തിലെത്തുംമുമ്പ്‌ അശാസ്ത്രീയ പ്രസ്താവന നടത്തിയ മുരളീധരൻ മന്ത്രിയായശേഷം രജിസ്ട്രേഷൻ പോലുമില്ലാത്ത പാരമ്പര്യചികിത്സയ്ക്ക്‌ നിയമപരിരക്ഷ പ്രഖ്യാപിച്ചു.


എൽഡിഎഫ്‌ സർക്കാർ നിയമം കൊണ്ടുവന്ന്‌ റദ്ദാക്കിയതാണ്‌ മെഡിക്കൽ കോളേജ്‌ ഡോക്ടർമാരുടെ സ്വകാര്യപ്രാക്ടീസ്‌. അത്‌ തിരികെകൊണ്ടുവരാനും നീക്കം നടത്തി. സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുമെന്ന്‌ പറഞ്ഞതിന്‌ പിന്നാലെ കടലാസിലുള്ള കെ കരുണാകരൻ മെഡിക്കൽ കോളേജിനായി സ്വകാര്യനിക്ഷേപനീക്കവും തുടങ്ങി. ടെൻഡർ നടപടികൾ അട്ടിമറിച്ച്‌ വൻകിട കമ്പനികളിൽനിന്നും മരുന്നുവാങ്ങാനും ശ്രമം നടക്കുന്നു.


നീളുന്ന മരണക്കണക്ക്‌

യുഡിഎഫ്‌ സർക്കാർ അധികാരത്തിലെത്തി 150 ദിവസത്തിനുള്ളിൽ 358 പേരാണ്‌ സംസ്ഥാനത്ത്‌ പകർച്ചവ്യാധികളിൽ മരിച്ചത്‌. 12ലേറെ പേർ ചികിത്സാപിഴവുകൾ മൂലവും മരിച്ചു. 370 പേരുടെ ജീവൻ പൊലിഞ്ഞിട്ടും ആരോഗ്യവകുപ്പിനോ മന്ത്രിക്കോ കുലുക്കമില്ല. പരാതിയുണ്ടെങ്കിൽ അന്വേഷിക്കാമെന്നാണ്‌ ഓരോ ചികിത്സാപിഴവിലും മറുപടി. പിന്നീട്‌ നടപടിയുമില്ല, അന്വേഷണവുമില്ല. ഏറ്റവും വലിയ ഷിഗല്ല വ്യാപനമാണ്‌ സംസ്ഥാനത്ത്‌ ഇത്തവണ റിപ്പോർട്ട്‌ ചെയ്തത്‌. 451 പേർക്ക്‌ നാലു മാസത്തിനുള്ളിൽ രോഗം സ്ഥിരീകരിച്ചു. മുൻ വർഷങ്ങളുടെ പത്തിരട്ടിയിലേറെയാണ്‌ വർധന. ഏഴു പേർ മരിച്ചു. ഷിഗല്ല രോഗികളിൽ അസിത്രോമൈസിൻ എന്ന ആന്റിബയോട്ടിക്‌ പരാജയപ്പെട്ടിട്ടും അടിയന്തര പരിഹാരത്തിന്‌ ആരോഗ്യവകുപ്പിന്റെ ഇടപെടലുണ്ടായില്ല. ഇൻ-ഫ്ലുവൻസ രോഗബാധിതരുടെ എണ്ണവും ക്രമാതീതമായി ഉയർന്നു. നാലുമാസത്തിൽ 11,005 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു, 119 പേർ മരിച്ചു. കഴിഞ്ഞവർഷം 7,100പേർക്കാണ്‌ രോഗം ബാധിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home