Deshabhimani

print edition എലിപ്പനി പ്രതിരോധം പാളി; മരണം 99

rat
വെബ് ഡെസ്ക്

Published on Sep 13, 2026, 01:30 AM | 2 min read

കണ്ണൂർ : ആരോഗ്യവകുപ്പിന്റെ എലിപ്പനി പ്രതിരോധം പാളി. സംസ്ഥാനത്ത്‌ ഇ‍ൗ വർഷം ഇതുവരെ 1981 പേർക്ക്‌ എലിപ്പനി ബാധിച്ചതായും 99 പേർ മരിച്ചതായും ആരോഗ്യ ഡയറക്ടറേറ്റിന്റെ സ്ഥിരീകരിച്ച കണക്കുകൾ. 1,240 പേർക്ക്‌ രോഗംബാധിച്ചതായും 75 പേർ മരിച്ചതായും സംശയവുമുണ്ട്‌. മേയ്‌ മുതലാണ്‌ രോഗബാധയിൽ കുത്തനെ വർധനയുണ്ടായത്‌.


മെയ്‌ ഒന്നുമുതൽ ആഗസ്‌ത്‌ 31 വരെ 1321 പേർക്ക്‌ രോഗബാധയുണ്ടായി. 77 പേർ മരിച്ചു. സെപ്‌തംബറിൽ ഇതുവരെയായി 171 കേസുകൾ സ്ഥിരീകരിച്ചു. 11 മരണം. ജൂലൈയിലാണ്‌ ഏറ്റവും കൂടുതൽപേർ മരിച്ചത്‌. 32. രോഗം സ്ഥിരീകരിച്ചത്‌ 415 പേർക്ക്. ആഗസ്‌തിൽ 432 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. ഏപ്രിലിൽ 133 പേർക്കാണ്‌ രോഗബാധ സ്ഥിരീകരിച്ചത്‌. എട്ട്‌ മരണം.

​

എലിപ്പനിക്കെതിരെ പ്രതിരോധവും അവബോധവും ശക്തമാക്കാൻ ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ് ‘മേളം’ ക്യാന്പയിൻ ആരംഭിച്ചിരുന്നു. രോഗബാധയുടെ തീവ്രത കുറയ്ക്കുക, അവയവങ്ങളെ ബാധിക്കുന്ന ഗുരുതര അവസ്ഥകളിലേക്ക് രോഗിയെത്താതിരിക്കാൻ ശ്രദ്ധിക്കുക, എലിപ്പനിയുണ്ടാക്കുന്ന ബാക്ടീരിയകളുടെ സ്രോതസ്സുകൾ ഇല്ലാതാക്കുക, രോഗവ്യാപനം നിരീക്ഷിക്കുകയും പ്രതിരോധ മരുന്നുകളുടെ വിതരണം ഉറപ്പാക്കുകയുംചെയ്യുക തുടങ്ങിയവയാണ്‌ ലക്ഷ്യമിട്ടത്‌.


ഇവ ഫലപ്രദമായി നടപ്പാക്കുന്നതിൽ വകുപ്പ്‌ പൂർണപരാജയമായി. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കേണ്ട കാലവർഷത്തിൽ ഉൾപ്പെടെ ആരോഗ്യവകുപ്പിൽ അടിച്ചേൽപ്പിച്ച സ്ഥലംമാറ്റങ്ങൾ ക്യാന്പയിൻ ലക്ഷ്യം കാണുന്നതിന്‌ തടസമായി. ആരോഗ്യവകുപ്പ്‌ ചുമതലക്കാരുടെ അഭ്യർഥന തിരസ്‌കരിച്ചാണ്‌ ഭരണമാറ്റത്തിന്‌ പിന്നാലെ പലവട്ടം കൂട്ട സ്ഥലംമാറ്റ ഉത്തരവുകളിറങ്ങിയത്‌.


ഡോക്ടർമാരുടെ ഒഴിവുകൾ നികത്താത്തതും രോഗപ്രതിരോധത്തിൽ പാളിച്ചയുണ്ടാക്കി. 14 ജില്ലകളിലും ആരോഗ്യമേഖലയിൽ ഡോക്ടർമാരുടെത്‌ ഉൾപ്പെടെ തസ്‌തികകൾ ഒഴിഞ്ഞുകിടപ്പാണ്‌.

​​

എലിപ്പനി


എലി, അണ്ണാൻ, പശു, ആട്, നായ എന്നിവയുടെ വിസർജ്യം കലർന്ന വെള്ളവുമായോ മണ്ണുമായോ സമ്പർക്കം കാരണമാകാം. പെട്ടെന്നുണ്ടാകുന്ന ശക്തമായ പനി, കഠിന തലവേദന, പേശീവേദന, പനിയോടൊപ്പമുള്ള വിറയൽ എന്നിവയാണ് പ്രധാന ലക്ഷണം. കാൽവണ്ണയ്ക്ക് വേദന, നടുവേദന, കണ്ണിന് ചുവപ്പുനിറം, മഞ്ഞപ്പിത്തം, ത്വക്കിനും കണ്ണുകൾക്കും മൂത്രത്തിനും മഞ്ഞനിറം തുടങ്ങിയവയും ഉണ്ടാകാം.


പ്രതിരോധം ഇങ്ങനെ


മലിനജലവുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നവർ കൈയുറ, കാലുറ, മാസ്‌ക് എന്നിവ ഉപയോഗിക്കുക * കൈകാലുകളിൽ മുറിവുകളുണ്ടെങ്കിൽ മലിനജലത്തിൽ ഇറങ്ങരുത്‌. * വ്യക്തിശുചിത്വം പാലിക്കുക, പരിസരം വൃത്തിയാക്കുക * കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കളിയും കുളിയും വേണ്ട * ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം ഡോക്‌സിസൈക്ലിൻ ഗുളിക കഴിക്കുക * പ്രാരംഭ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സതേടുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home