print edition കേരളനിയമസഭ: പേര് മാറ്റില്ല

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഔദ്യോഗികനാമം കേരളം എന്ന് കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തെങ്കിലും ഔദ്യോഗികരേഖകളിൽ "കേരളനിയമസഭ' എന്ന് ചേർത്തെഴുതുന്നതിൽ തെറ്റില്ലെന്ന് സ്പീക്കറുടെ റൂളിങ്. ഒറ്റപ്പദമായി ഉപയോഗിക്കുമ്പോൾ കേരളം എന്നുതന്നെ എഴുതണം. രണ്ടാമത്തെ പദമായി വരുമ്പോഴും കേരളം എന്ന് ഉപയോഗിക്കാം. എന്നാൽ, പൂർവപദമായും ശേഷം വരുന്ന വാക്കിന്റെ വിശേഷണമായും വരുമ്പോൾ കേരളം എന്നതിലെ അനുസ്വാരം ഒഴിവാക്കപ്പെടും. അതിനാൽ കേരളസർക്കാർ, കേരളസംസ്ഥാനം, കേരളപ്പിറവി എന്നിവപോലെ കേരളനിയമസഭ എന്നാണ് എഴുതേണ്ടതെന്നും സ്പീക്കർ പറഞ്ഞു. ജി ആർ അനിലിന്റെ ക്രമപ്രശ്നത്തിലായിരുന്നു റൂളിങ്.
ഹിന്ദു മത ധർമ ഭേദഗതി ബിൽ സബ്ജക്ട് കമ്മിറ്റിക്ക്
മലബാർ ദേവസ്വം ബോർഡിന്റെ കണക്കുകൾ ഫസലി വർഷത്തിനുപകരം സാമ്പത്തിക വർഷത്തെ അടിസ്ഥാനമാക്കി കൈകാര്യം ചെയ്യുന്നതിനുള്ള മദ്രാസ് ഹിന്ദു മത ധർമ എൻഡോവ്മെന്റുകൾ (ഭേദഗതി) ബിൽ മന്ത്രി കെ മുരളീധരൻ നിയമസഭയിൽ അവതരിപ്പിച്ചു. ചർച്ചയ്ക്കുശേഷം ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. 1951ലെ മദ്രാസ് ഹിന്ദു മത ധർമ ആക്ടുപ്രകാരം പ്രവർത്തിക്കുന്ന മതസ്ഥാപനങ്ങളുടെയും എൻഡോവ്മെന്റുകളുടെയും ഭരണ നിർവഹണവുമായി ബന്ധപ്പെട്ട കണക്കുകളും ഓഡിറ്റും ഇതുവരെ ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെയുള്ള ഫസലി വർഷത്തെ ആശ്രയിച്ചാണ് നടത്തിവന്നത്.
എന്നാൽ, സർക്കാരിന്റെ ബഡ്ജറ്റ് ഗ്രാന്റ് ലഭിക്കുന്ന മലബാർ ദേവസ്വം ബോർഡിന്റെ കണക്കുകൾ സാമ്പത്തിക വർഷത്തിന്റെ അടിസ്ഥാനത്തിലാണ് കൈകാര്യം ചെയ്യുന്നത്. ഈ വൈരുധ്യം ഒഴിവാക്കുകയാണ് ഭേദഗതിയുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
കോടതി ഫീസ് ഭേദഗതി ബിൽ സബ്ജക്ട് കമ്മിറ്റിക്ക്
2026ലെ കേരള കോടതി ഫീസ് ഭേദഗതി ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. കോടതിക്കുപുറത്ത് തീർപ്പാക്കുന്ന കേസുകളിൽ കക്ഷികൾ അടച്ച അധിക ഫീസ് തിരികെ നൽകേണ്ടതില്ലെന്ന വ്യവസ്ഥയടക്കമുള്ളതാണ് ബിൽ. മുഹമ്മദ് മുഹ്സിന്റെ ഭേദഗതി തള്ളിയാണ് ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടത്.
പാവപ്പെട്ടവന്റെ പോക്കറ്റടിക്കുന്ന നികുതിക്കൊള്ള: മുഹമ്മദ് മുഹ്സിൻ
നീതിക്കുവേണ്ടി കോടതികളെ സമീപിക്കുന്ന പാവപ്പെട്ട സാധാരണക്കാരന്റെ പോക്കറ്റടിക്കുന്ന ക്രൂരമായ നികുതിക്കൊള്ളയാണ് കോടതി ഫീസ് ഭേദഗതിയിലൂടെ സർക്കാർ നടപ്പാക്കുന്നതെന്ന് മുഹമ്മദ് മുഹ്സിൻ നിയമസഭയിൽ പറഞ്ഞു. 2026ലെ കേരള കോർട്ട് ഫീസും വ്യവഹാര സലയം ഭേദഗതി ബില്ലിന്മേൽ നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടതിയിൽ തീർപ്പാക്കപ്പെടുന്ന കേസുകളിൽ സാധാരണക്കാരന് തിരികെ ലഭിക്കേണ്ട ഫീസ് പോലും പിടിച്ചുവയ്ക്കാനുള്ള ക്രൂരമായ വ്യവസ്ഥകളാണ് ബില്ലിലുള്ളത്. ലക്ഷങ്ങൾ മുടക്കി പറക്കാനും ആഡംബരയാത്രകൾക്കും സ്പോൺസർഷിപ് കണ്ടെത്താൻ ഒരു മടിയുമില്ലാത്തവർ പാവപ്പെട്ടവന്റെ ചെറിയ ആശ്വാസങ്ങൾപോലും തട്ടിയെടുക്കുകയാണെന്നും മുഹ്സിൻ പറഞ്ഞു.
ആദ്യ ശ്രദ്ധക്ഷണിക്കലുമായി ഡെപ്യൂട്ടി സ്പീക്കർ
തിരുവനന്തപുരം: സംസ്ഥാന നിയമസഭയുടെ ചരിത്രത്തിലാദ്യമായി ശ്രദ്ധക്ഷണിക്കൽ അവതരിപ്പിച്ച് ഡെപ്യൂട്ടി സ്പീക്കർ. അരൂർ മണ്ഡലത്തിലെ കുടിവെള്ളപ്രശ്നമാണ് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ സഭയുടെ ശ്രദ്ധക്ഷണിച്ചത്. കുടിവെള്ളപ്രതിസന്ധി പരിഹരിക്കാൻ സംവിധാനമൊരുക്കേണ്ട തദ്ദേശസ്ഥാപനങ്ങൾക്ക് ദുരന്തനിവാരണ ഫണ്ടിൽനിന്നെങ്കിലും തുക അനുവദിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
ദുരന്തനിവാരണ ഫണ്ടിൽനിന്ന് തുകയെടുക്കാനാകില്ലെന്ന് മന്ത്രി എ പി അനിൽകുമാർ പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കർക്ക് സബ്മിഷനും ശ്രദ്ധക്ഷണിക്കലും അവതരിപ്പിക്കുന്നതിനു നിയമത്തിലോ ചട്ടത്തിലോ വിലക്കില്ല. എന്നാൽ, ഡെപ്യൂട്ടി സ്പീക്കർ പദവിയിലിരിക്കുന്നവർ സഭയിൽ ഇത്തരം കാര്യങ്ങൾ ഉന്നയിക്കാതിരിക്കുന്നതായിരുന്നു കീഴ്വഴക്കം. ഇതിന് മാറ്റമുണ്ടാക്കണമെന്ന് ജൂണിൽ ചേർന്ന സഭാ സമ്മേളനത്തിൽ ഡെപ്യൂട്ടി സ്പീക്കർ ആവശ്യപ്പെട്ടു. ഇതിനോട് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും യോജിച്ചതോടെയാണ് സ്പീക്കർ അനുമതി നൽകി റൂളിങ് നൽകിയത്. അതുപ്രകാരം ആദ്യത്തെ ശ്രദ്ധക്ഷണിക്കലായിരുന്നു തിങ്കളാഴ്ചത്തേത്.









0 comments