print edition നൈപുണ്യ പരിശീലനം: ഗുണനിലവാരം ഉറപ്പാക്കാൻ ‘സ്റ്റേറ്റ് ക്വാളിറ്റി സീൽ'

കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിന്റെ അക്രഡിറ്റേഷൻ ആൻഡ് അഫിലിയേഷൻ നയപ്രഖ്യാപനവും സ്റ്റേറ്റ് ക്വാളിറ്റി സീൽ അനാവരണവും മന്ത്രി വി ശിവൻകുട്ടി നിർവഹിക്കുന്നു
തിരുവനന്തപുരം: കേരളത്തിലെ നൈപുണ്യ പരിശീലന കേന്ദ്രങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും ഗുണനിലവാരം ഉറപ്പുവരുത്താനുമായി കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് ആവിഷ്കരിച്ച പുതിയ ‘അക്രഡിറ്റേഷൻ ആൻഡ് അഫിലിയേഷൻ പോളിസി' മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു.
ദേശീയതലത്തിൽത്തന്നെ ഇത്തരമൊരു സംരംഭം ആദ്യമായാണ് ഒരു സംസ്ഥാനം നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി പരിശീലന സ്ഥാപനങ്ങൾക്ക് നൽകുന്ന ‘സ്റ്റേറ്റ് ക്വാളിറ്റി സീൽ' അനാവരണവും മന്ത്രി നിർവഹിച്ചു. നൈപുണ്യ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി സർക്കാർ സംവിധാനങ്ങൾക്കൊപ്പം മികച്ച സ്വകാര്യ ഏജൻസികളെക്കൂടി അണിനിരത്താനാണ് പുതിയ പോളിസിയിലൂടെ ലക്ഷ്യമിടുന്നത്.
കൃത്യമായ മാനദണ്ഡങ്ങളിലൂടെയും ഗുണനിലവാര പരിശോധനയിലൂടെയും തെരഞ്ഞെടുക്കപ്പെടുന്ന സ്ഥാപനങ്ങൾക്ക് മാത്രമേ ഇനിമുതൽ സർക്കാർ അംഗീകൃതമായ ‘ക്വാളിറ്റി സീൽ' അനുവദിക്കൂ. ഇത് ഉദ്യോഗാർഥികൾക്ക് മികച്ച പരിശീലന കേന്ദ്രം തെരഞ്ഞെടുക്കാൻ സഹായമാകുമെന്നും മന്ത്രി പറഞ്ഞു. തൊഴിൽ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എസ് ഷാനവാസ് അധ്യക്ഷനായി. കെയ്സ് മാനേജിങ് ഡയറക്ടർ സൂഫിയാൻ അഹമ്മദ് സംസാരിച്ചു.










0 comments