അനുമതിയില്ലാതെ വിദേശയാത്ര: എസ് ശ്രീജിത്തിന് തിരിച്ചടി; സർക്കാർ നൽകിയ ക്ലീൻ ചിറ്റ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: അനുമതിയില്ലാതെയുള്ള വിദേശയാത്ര നടത്തിയ കേസില്‍ എഡിജിപി എസ് ശ്രീജിത്തിന് സർക്കാർ നൽകിയ ക്ലീൻ ചിറ്റ് ഹൈക്കോടതി റദ്ദാക്കി. ശ്രീജിത്തിനെതിരായ ആരോപണം വ്യാജമാണെന്നായിരുന്നു ചീഫ് സെക്രട്ടറി റിപ്പോർട്ട് നൽകിയത്. ഇതാണ് ഇപ്പോൾ ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്. റിപ്പോർട്ടിൽ എസ് ശ്രീജിത്തിന് സരക്ഷണമൊരുക്കിയതിന് ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയെ കോടതി വിമർശിച്ചു.
നിയമ നടപടി സ്വീകരിക്കാതെ പരാതിക്കാരനെയും ആരോപണ വിധേയനെയും ഒരുമിച്ചിരുത്തി സംയുക്ത ഹിയറിങ് നടത്താൻ പാടില്ലായിരുന്നു. പരാതിക്കാരന് സ്വതന്ത്രമായി മൊഴിനൽകാൻ അവസരം നിഷേധിച്ചെന്ന് കോടതി വിമർശിച്ചു. പരാതിയിൽ പുതുതായി അന്വേഷണം നടത്താൻ ആഭ്യന്തര വിജിലൻസ് വകുപ്പിന് ഹൈക്കോടതി നിർദേശം നൽകി.
അനുമതിയില്ലാത്ത വിയേശയാത്രയും ചട്ടലംഘനവും ആരോപിച്ചാണ് ദിപിന്‍ എടവന ശ്രീജിത്തിനെതിരെ പരാതി നൽകിയത്. പിന്നീട് വിഷയത്തിൽ ഇടപെട്ട ഹൈക്കോടതി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ എഡിജിപിയ്ക്കെതിരായ ആരോപണം വ്യാജമാണെന്നായിരുന്നു സർക്കാർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട്. ഇതാണ് ഇപ്പോൾ കോടതി റദ്ദാക്കിയിരിക്കുന്നത്.










0 comments