Deshabhimani

print edition ഹർജി തീർപ്പാക്കി; മതചടങ്ങുകളിൽ പൊലീസ്‌ യൂണിഫോം: വ്യക്തത വരുത്തി സത്യവാങ്‌മൂലം

police uniform highcourt
വെബ് ഡെസ്ക്

Published on Sep 18, 2026, 01:26 AM | 1 min read

കൊച്ചി: ക്ഷേത്രങ്ങളിലടക്കം നിലവിൽ ആചാരപരമായി പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന ചടങ്ങുകളിൽ യൂണിഫോം ധരിക്കുന്നതിൽ വിലക്ക്‌ ഏർപ്പെടുത്തിയിട്ടില്ലെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു.


ഇതൊഴിച്ച്‌, മറ്റു മതപരമായ ചടങ്ങുകളിലാണ്‌ യൂണിഫോം വിലക്കിയിരിക്കുന്നതെന്നും പൊലീസ് ആസ്ഥാനത്തെ എഐജി ജയ്ദേവ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ഇ‍ൗ നിർദേശം പൊലീസ് സേനയുടെ മതേതരത്വവും നിഷ്പക്ഷതയും നിലനിർത്തുന്നതിന്റെ ഭാഗമാണെന്നും സൂചിപ്പിച്ചു.


കാലങ്ങളായി തുടരുന്ന ആചാരങ്ങളടക്കം കണക്കിലെടുക്കാതെയാണ് ഡിജിപി യൂണിഫോം വിലക്കി സർക്കുലർ പുറപ്പെടുവിച്ചതെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം സ്വദേശി ഡോ. പി എസ് മഹേന്ദ്ര കുമാറാണ്‌ ഹർജി നൽകിയിരുന്നത്‌.


തിരുവിതാംകൂറിലും കൊച്ചിയിലും പല ക്ഷേത്ര ചടങ്ങുകളിലും പൊലീസ് ഉദ്യോഗസ്ഥർ യൂണിഫോം ധരിച്ച്‌ പങ്കെടുക്കുന്നത് പരമ്പരാഗതമായി നിലനിൽക്കുന്ന കീഴ്‌വഴക്കമാണെന്ന്‌ ഹർജിയിൽ പറഞ്ഞിരുന്നു.


ഹർജിക്കാരന്റെ വാദം തള്ളിയാണ് പൊലീസ്‌ സർക്കുലറിൽ വ്യക്തത വരുത്തിയത്. എഐജിയുടെ വിശദീകരണം രേഖപ്പെടുത്തിയ ജസ്റ്റിസ് വി രാജ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഹർജി തീർപ്പാക്കി.


പൊലീസ് ആസ്ഥാനത്തുനിന്ന് ജൂലൈ ഒന്നിനാണ് സർക്കുലർ ഇറക്കിയിരുന്നത്. ഔദ്യോഗിക ചുമതലയുടെ ഭാഗമായല്ലെങ്കിൽ യൂണിഫോമിൽ മതചടങ്ങുകളിലോ ആചാരങ്ങളിലോ ഉദ്യോഗസ്ഥർ പങ്കെടുക്കരുതെന്നായിരുന്നു നിർദേശം.


ഉത്സവങ്ങളിലും മതപരമായ പരിപാടികളിലും ക്രമസമാധാനപാലനം, ജനക്കൂട്ടനിയന്ത്രണം, ഗതാഗതനിയന്ത്രണം, സുരക്ഷ, എസ്കോർട്ട് തുടങ്ങിയ ഔദ്യോഗിക ചുമതലകളെ ഇത് ബാധിക്കില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home