Deshabhimani

print edition ജീവൻരക്ഷാമരുന്നുകളുടെ അമിതവില; മനുഷ്യജീവന് മുൻഗണന 
നൽകണമെന്ന് ഹെെക്കോടതി

kerala highcourt new 1
വെബ് ഡെസ്ക്

Published on Sep 18, 2026, 01:25 AM | 1 min read

കൊച്ചി: ജീവൻരക്ഷാമരുന്നുകളുടെ അമിതവില നിയന്ത്രണവും പേറ്റന്റ് അവകാശങ്ങളുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റി. മരുന്നുകൾ ന്യായവിലയിൽ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സ്തനാർബുദബാധിതയായിരുന്ന സ്ത്രീയാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഹർജിക്കാരി ചികിത്സയിലിരിക്കെ മരിച്ചതോടെ, കേസ് കോടതി സ്വമേധയാ ഏറ്റെടുക്കുകയായിരുന്നു.


ജസ്റ്റിസ് ഹരിശങ്കർ വി മേനോനാണ് വിഷയം പരിഗണിച്ചത്. ആരോഗ്യത്തിനുള്ള അവകാശവും ബൗദ്ധിക സ്വത്തവകാശവും തമ്മിലുള്ള പോരാട്ടത്തിൽ മനുഷ്യജീവനാണ് മുൻഗണന നൽകേണ്ടതെന്ന് കോടതി നിരീക്ഷിച്ചു.


പ്രതിമാസ ഉപയോഗത്തിന് 75,000 രൂപ ചെലവുവരുന്ന ‘റൈബോസിക്ലിബ്’ മരുന്ന് സാധാരണക്കാർക്ക് അപ്രാപ്യമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പേറ്റന്റ് കാലാവധി കഴിഞ്ഞതും കുറഞ്ഞ വിലയ്ക്ക് ലഭ്യമായതുമായ ‘പാൽബോസിക്ലിബ്’ പകരമായി ഉപയോഗിക്കാമോ എന്ന് കോടതി ആരാഞ്ഞിരുന്നു.


എന്നാൽ, ഇവ രണ്ടും വ്യത്യസ്ത പാർശ്വഫലങ്ങളുള്ളവയാണെന്നും രോഗത്തിന്റെ ആദ്യഘട്ടത്തിൽ റൈബോസിക്ലിബ് തന്നെയാണ് ഫലപ്രദമെന്നും അമിക്കസ് ക്യൂറി അഡ്വ. മൈത്രേയി സച്ചിദാനന്ദ ഹെഗ്‌ഡെ കോടതിയെ അറിയിച്ചു.


കോടിക്കണക്കിന് രൂപ ഗവേഷണത്തിനായി ചെലവഴിച്ചാണ് ഇത്തരം മരുന്നുകൾ വികസിപ്പിക്കുന്നതെന്നും പേറ്റന്റ് നിയമത്തിലെ 100–-ാം വകുപ്പുപ്രകാരം സർക്കാരിന് മരുന്നുവിലയിൽ ഇടപെടാനാകില്ലെന്നും നോവാർട്ടിസ്, എലി ലില്ലി എന്നീ മരുന്നുകമ്പനികൾ വാദിച്ചു.

വില കുറയ്ക്കാൻ നിർബന്ധിച്ചാൽ അത് പുതിയ കണ്ടുപിടിത്തങ്ങളെ ബാധിക്കും. നിശ്ചിത വിലക്കുറവിലാണ് മരുന്നുകൾ നൽകുന്നതെന്നും കമ്പനികൾ അവകാശപ്പെട്ടു.


വില നിയന്ത്രിക്കുന്നതിനായി നിയമപരമായ വകുപ്പുകൾ അടിയന്തരമായി ഉപയോഗിക്കാനാകില്ലെന്നാണ്‌ കേന്ദ്രസർക്കാർ അറിയിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home