സംസ്ഥാനത്ത് അതിശക്തമായ മഴയും കാറ്റും; 7 ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രത നിർദേശം

തിരുവനന്തപുരം : അടുത്ത മൂന്ന് മണിക്കൂറിലെ കേരളത്തിലെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട്. ഇന്ന് പത്തനംതിട്ട വയനാട്, ഇടുക്കി, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും സാധ്യയുള്ളതിനാലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും സാധ്യതയുള്ളതിനാൽ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്.
കൂടാതെ തിരുവനന്തപുരം, തിരുവനന്തപുരം സിറ്റി, കൊല്ലം ജില്ലകളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രധാന റോഡുകളിലെ വെള്ളക്കെട്ടിന് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. ശക്തതമായ കാറ്റ് വീശുന്നതിനാൽ മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസത്തിലേക്ക് നയിച്ചേയ്ക്കാം.
ശക്തമായ മഴ മുന്നറിയിപ്പുള്ളതിനാൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരണമെന്നും കാലാവസ്ഥാവ വകുപ്പ് മുന്നറിയിപ്പ് നൽകി.










0 comments