കടുത്ത ഉഷ്ണതരംഗം: സംസ്ഥാനത്തെ അങ്കണവാടികൾക്ക് ഒരാഴ്ച അവധി; പോഷകാഹാരം വീട്ടിലെത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗവും കടുത്ത ചൂടും തുടരുന്ന പശ്ചാത്തലത്തിൽ അങ്കണവാടികളിലെ പ്രീ സ്‌കൂൾ പ്രവർത്തനങ്ങൾ ഒരാഴ്ചത്തേക്ക് നിർത്തിവയ്ക്കാൻ വനിത ശിശുവികസന വകുപ്പ് തീരുമാനിച്ചു. ദുരന്തനിവാരണ അതോറിറ്റിയുടെ സുരക്ഷാ മുന്നറിയിപ്പും ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദേശവും കണക്കിലെടുത്താണ് നടപടി.
അങ്കണവാടികളുടെ മറ്റ് അനുബന്ധ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ നടക്കും. അവധി നൽകിയ സാഹചര്യത്തിൽ കുട്ടികൾക്ക് നൽകേണ്ട സപ്ലിമെന്ററി ന്യൂട്രീഷ്യൻ (പോഷകാഹാരം) ജീവനക്കാർ നേരിട്ട് വീടുകളിലെത്തിക്കും. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഉഷ്ണതരംഗത്തിന് സാധ്യതയുണ്ട്.
ഈ ജില്ലകളിൽ ദുരന്തനിവാരണ അതോറിറ്റി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ താപനില സാധാരണയേക്കാൾ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പാലക്കാട് 41 °C വരെ. കൊല്ലം, തൃശൂർ: 40 °C വരെ. കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്: 38 °C വരെ. ആലപ്പുഴ, മലപ്പുറം, കണ്ണൂർ, കാസറഗോഡ്: 37 °C വരെ. തിരുവനന്തപുരം: 36 °C വരെ.
പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നും നിർജ്ജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കണമെന്നും ആരോഗ്യവിദഗ്ധർ നിർദ്ദേശിച്ചു.










0 comments