print edition ഉമ്മൻചാണ്ടി ഇൻഷുറൻസിന് ചികിത്സാപദ്ധതികൾ വെട്ടി; കാരുണ്യമില്ലാതെ കബളിപ്പിക്കൽ

അഖില ബാലകൃഷ്ണൻ
Published on Oct 18, 2026, 12:43 AM | 1 min read
തിരുവനന്തപുരം : ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസിന്റെ പേരിൽ പാവപ്പെട്ട രോഗികളുടെ ചികിത്സാ പദ്ധതി ഇല്ലാതാക്കുന്നു. നിലവിലെ കാരുണ്യ ബെനവലന്റ് ഫണ്ട്, മെഡിസെപ്, കുട്ടികൾക്കും അമ്മമാർക്കുമുള്ള ഹൃദ്യം, മിഠായി, ജനനി ശിശു സുരക്ഷ, ക്യാൻസർ രോഗികൾക്കുള്ള സുകൃതം, ഡയാലിസിസ് രോഗികൾക്കുള്ള ജീവധാര പദ്ധതികളാണ് ഇല്ലാതാക്കുന്നത്.
ഉയർന്ന വരുമാനമുള്ളവർക്കടക്കം ഇൻഷുറൻസ് നൽകാൻ ബിപിഎല്ലുകാർക്ക് ആശ്വാസമായ കാരുണ്യ പോലുള്ള പദ്ധതികൾവരെ ഇല്ലാതാക്കുകയാണ്. കാരുണ്യയിലൂടെ പ്രതിവർഷം അഞ്ച് ലക്ഷം രൂപയുടെ പരിരക്ഷയാണ് രോഗികൾക്ക് ലഭിക്കുക. പുതിയ പദ്ധതിയിൽ ആകെ 25 ലക്ഷം രൂപയാണുള്ളത്. കാൻസർ, വൃക്കരോഗം, അപൂർവ രോഗം, കുട്ടികളിലെ ജന്മനാ ഉള്ള ഹൃദ്രോഗം തുടങ്ങിയവയ്ക്ക് ലഭിച്ച പ്രത്യേക ഫണ്ടും സൗജന്യ മരുന്ന് വിതരണവും ഇല്ലാതാകും.
ഇൻഷുറൻസ് രീതിയിലേക്ക് മാറുമ്പോൾ വാർഷിക പരിധി കഴിയുന്നതോടെ സഹായം ലഭിക്കില്ല. സർക്കാർ നേരിട്ട് നൽകിയ സുരക്ഷിതമായ ചികിത്സാ സഹായം ഇൻഷുറൻസ് കമ്പനികളുടെ കർശന ഉപാധികൾക്കും ക്ലെയിം നിരസിക്കലുകൾക്കും വിധേയമാകും. ബജറ്റിൽ പുതിയ പദ്ധതിക്ക് 10 കോടി രൂപ മാത്രമാണ് മാറ്റിയത് എന്നതുതന്നെ പദ്ധതി തട്ടിപ്പെന്ന് വ്യക്തമാക്കുന്നു.
നിലവിലെ ചികിത്സാ സഹായങ്ങളും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും ചേർത്ത് ഒരു പദ്ധതിയാക്കാനുള്ള തീരുമാനം യുഡിഎഫ് സർക്കാരിന്റെ നൂറുദിന പദ്ധതി രേഖയിലുണ്ട്. എല്ലാ കുടുംബങ്ങൾക്കും വരുമാന പരിധിയില്ലാതെ 25 ലക്ഷം രൂപ വരെ സൗജന്യ ചികിത്സയാണ് വാഗ്ദാനം.









0 comments