Deshabhimani

print edition ഇല്ലാത്ത തസ്തികയിൽ 
ചെയ്യാത്ത ജോലിക്ക്‌ ഹാജർ

Health Directorate Kerala

പ്രതീകാത്മകചിത്രം

avatar
അഖില ബാലകൃഷ്ണൻ

Published on Oct 11, 2026, 01:01 AM | 2 min read

തിരുവനന്തപുരം : ആരോഗ്യവകുപ്പ്‌ ഡയറക്ടറേറ്റിൽ ഇതുവരെയില്ലാത്ത തസ്‌തികയിൽ നിയമിച്ച കോൺഗ്രസ്‌ സംഘടനാ നേതാവിന്‌ ചെയ്യാത്ത ജോലിക്ക്‌ ഹാജർ നൽകാൻ ഉത്തരവ്‌. ജൂണിൽ ‘ചീഫ്‌ ലെയ്‌സൺ ഓഫീസർ’ എന്ന തസ്തിക സൃഷ്ടിച്ച്‌ നിയമിച്ച ഗവ. നഴ്‌സസ്‌ യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ കെ എസ്‌ സന്തോഷിന്റെ ഹാജർ ആരോഗ്യവകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിലെ ഇ ഇ സെക്ഷനിൽ ജൂൺ 26 മുതൽ രേഖപ്പെടുത്താനാണ്‌ നിർദേശം.


നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ സീനിയർ നഴ്സിങ്‌ ഓഫീസറായിരുന്ന സന്തോഷിന്‌ ജൂൺ ഒമ്പതിനാണ്‌ അനധികൃത നിയമനം നൽകിയത്. ജൂൺ 26ന്‌ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽനിന്ന് വിടുതൽചെയ്തു. നിലവിലില്ലാത്ത തസ്തികയായതിനാൽ മൂന്നുമാസത്തിലേറെ ഇയാൾ എവിടെ ജോലിചെയ്തു എന്നതിൽ വ്യക്തതയില്ല. ഇതിനിടയിലാണ് ഡയറക്ടറേറ്റിൽനിന്ന് പ്രത്യേക ഉത്തരവിറക്കി ഹാജർ രേഖപ്പെടുത്താൻ നിർദേശം.


നഴ്‌സിങ്‌ മേഖലയുടെ പ്രവർത്തനം ഏകോപിപ്പിക്കാനും നിരീക്ഷിക്കാനുമാണ്‌ നിയമനം എന്നാണ്‌ വകുപ്പ്‌ ന്യായീകരിക്കുന്നത്‌. ഡയറക്ടറേറ്റിലെ ജീവനക്കാർക്കുമേൽ നിരീക്ഷണം ശക്തിപ്പെടുത്താനും കോൺഗ്രസ് സർവീസ് യൂണിയന് സ്വാധീനമുണ്ടാക്കാനുമുള്ള തന്ത്രമാണെന്നും ആക്ഷേപമുണ്ട്‌. സന്തോഷിനുപുറമെ ഗവ. നഴ്‌സസ്‌ യൂണിയൻ സംസ്ഥാന സെക്രട്ടറി ജി ജി ഗിരീഷിനും "ചീഫ്‌ ലെയ്‌സൺ ഓഫീസർ' തസ്‌തികയിൽ നിയമനം നൽകിയിട്ടുണ്ട്. യുഡിഎഫ്‌ അധികാരത്തിലെത്തിയതുമുതൽ ഭരണാനുകൂല സംഘടനാ നേതാക്കൾക്കായി ചട്ടങ്ങൾ ലംഘിച്ച് നിയമനം വ്യാപകമാണ്‌.


നൂറുദിനത്തിലെ കള്ളമാർക്ക്‌

50 ദിവസത്തെ പ്രോഗ്രസ്‌ റിപ്പോർട്ട്‌ എന്ന കണ്ണിൽ പൊടിയിടലിനുപിന്നാലെ നൂറുദിന കർമപരിപാടിയിലും ആരോഗ്യവകുപ്പിന്റെ തട്ടിപ്പ്‌. 32 പദ്ധതികളിൽ 27 എണ്ണം പൂർത്തിയാക്കിയെന്നാണ്‌ വകുപ്പധികൃതരുടെ അവകാശവാദം. എന്നാൽ, ഇ‍ൗ പദ്ധതികൾ ഇതിൽ ഓരോന്നും പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങിയവയാണ്‌.


123 ജനകീയാരോഗ്യ കേന്ദ്രങ്ങൾക്ക്‌ പുതിയ കെട്ടിടനിർമാണം തുടങ്ങിയെന്ന്‌ അവകാശപ്പെട്ടതും നുണ. ഇതിന്‌ വകയിരുത്തിയിട്ടുള്ള തുക പൂജ്യം. അഞ്ചു പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾക്കും നാലു സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾക്കും രണ്ടു നഗര ആരോഗ്യ കേന്ദ്രങ്ങൾക്കും രണ്ടു കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കും പുതിയ മന്ദിരങ്ങൾ എന്നതും പ്രഖ്യാപനംമാത്രമാണ്‌. പണം ചെലവഴിച്ചിട്ടില്ല.


പൂർത്തിയായി എന്നുപറയുന്ന പ്രധാന പദ്ധതികൾ കാൻസർ രോഗപ്രതിരോധ പഠനം, വകുപ്പുകളുമായി ഏകോപനം, പൊതുജനാരോഗ്യ പദ്ധതികൾ ഏകോപിപ്പിക്കാൻ ക്യാമ്പയിൻ. ആരോഗ്യമേഖലയിൽ സാധാരണ പദ്ധതികൾ എന്നിവയാണ്‌. തൃശൂ‍ർ മെഡിക്കൽ കോളേജിൽ ‘സമഗ്ര സ്ട്രോക്ക് കെയർ യൂണിറ്റ്’ എന്ന എൽഡിഎഫ്‌ സർക്കാരിന്റെ പദ്ധതിയുടെ ക്രെഡിറ്റും അടിച്ചെടുത്തു. അമ്പതു ദിവസം പൂർത്തിയാക്കിയപ്പോൾ എഐ സഹായത്തോടെ ഇതേ പ്രഖ്യാപനങ്ങളുമായി പ്രോഗ്രസ്‌ റിപ്പോർട്ട്‌ ആരോഗ്യവകുപ്പ്‌ അവതരിപ്പിച്ചിരുന്നു.


ആരോഗ്യവകുപ്പ്‌ ഡയറക്ടറാകാൻ 
വീണ്ടും കസേരകളി


ആരോഗ്യവകുപ്പ്‌ ഡയറക്‌ടർ സ്ഥാനത്തേക്ക്‌ വീണ്ടും തർക്കം മുറുകുന്നു. സീനിയോറിറ്റി ലിസ്റ്റ്‌ അട്ടിമറിച്ചാണ്‌ ഡോ. വി മീനാക്ഷിയെ നിയമിച്ചതെന്ന്‌ ആരോപിച്ച്‌ ഡോ. ബി ഉണ്ണികൃഷ്‌ണൻ അഡ്‌മിനിസ്ട്രേറ്റീവ്‌ ട്രൈബ്യൂണലിനെ സമീപിച്ചു. ഭിന്നശേഷി സംവരണം ഉൾപ്പെടെ സർക്കാർ പരിഗണിച്ചില്ലെന്നാണ്‌ വാദം.


ആരോഗ്യവകുപ്പ്‌ ഡയറക്‌ടറായിരുന്ന ഡോ. കെ ജെ റീനയെ യുഡിഎഫ്‌ സർക്കാർ കാലാവധി കഴിയുംമുമ്പേ തരംതാഴ്‌ത്തി മറ്റൊരു തസ്‌-തികയിൽ നിയമിച്ചിരുന്നു. മന്ത്രി കെ മുരളീധരന്റെ കുടുംബഡോക്‌ടർ കൂടിയായ, നിലവിലെ ഹർജിക്കാരൻ ബി ഉണ്ണികൃഷ്‌ണനെ ഡയറക്‌ടറാക്കാനാണ്‌ നീക്കമെന്ന്‌ വിമർശം ഉയർന്നതോടെ അന്ന്‌ ഡോ. വി മീനാക്ഷിക്ക്‌ താൽക്കാലിക ചുമതല നൽകി. പിന്നീട്‌, ഇവർക്ക്‌ സ്ഥിരനിയമനം നൽകി. ബി ഉണ്ണികൃഷ്‌ണനെ നിയമിക്കുന്നതിൽ മറ്റ്‌ താൽപ്പര്യങ്ങളില്ലെന്ന്‌ വരുത്തിത്തീർക്കാനാണിതെന്ന്‌ ആക്ഷേപമുണ്ട്‌. ‌


വി മീനാഷിയുടെ നിയമനത്തിനെതിരെ കെ ജെ റീന അഡ്‌മിനിസ്ട്രേറ്റീവ്‌ ട്രൈബ്യൂണലിനെ സമീപിച്ച്‌ സ്റ്റേ വാങ്ങിയിരുന്നു. മീനാക്ഷി കസേര വിട്ടുനൽകാത്തതിനാൽ നാടകീയ രംഗങ്ങളാണ്‌ അന്ന്‌ ഡിഎച്ച്‌എസിൽ അരങ്ങേറിയത്‌. പിന്നീട്‌, ഹൈക്കോടതി റീനയുടെ സ്ഥലംമാറ്റം ശരിവയ്‌ക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home