print edition എസ്എംഎ രോഗികളോടും വഞ്ചന


അഖില ബാലകൃഷ്ണൻ
Published on Oct 12, 2026, 01:30 AM | 1 min read
തിരുവനന്തപുരം: സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) രോഗബാധിതരോട് യുഡിഎഫ് സർക്കാരിന്റെ വഞ്ചന. രോഗികൾക്ക് സൗജന്യമായി നൽകിയിരുന്ന ബ്രാൻഡഡ് മരുന്ന് ഒഴിവാക്കി പകരം നാറ്റ്കോം കമ്പനിയുടെ വിലക്കുറവുള്ള ജനറിക് മരുന്നുകൾ വാങ്ങാൻ ഓർഡർ നൽകി. രോഗികളുടെയും സംഘടനയായ ക്യുർ എസ്എംഎയുടെയും ശക്തമായ എതിർപ്പ് അവഗണിച്ചാണിത്. മരുന്നുകൾ സ്റ്റോക്ക് ചെയ്യുന്നതിൽ വന്ന വീഴ്ച മറയ്ക്കാനാണ് നീക്കം.
സ്വിസ് കമ്പനിയായ റോചെയുടെ റിസ്ഡിപ്ലാം മരുന്നാണ് ഇതുവരെ രോഗികൾക്ക് നൽകിയിരുന്നത്. കുപ്പിക്ക് 5.4 ലക്ഷം രൂപ വരുന്ന മരുന്നിന്റെ വില കഴിഞ്ഞ സർക്കാർ വിലപേശി ഒരു ലക്ഷം രൂപവരെ കുറച്ചാണ് വാങ്ങിയത്. ക്രൗഡ് ഫണ്ടിങ് മുഖേനയാണ് കൂടുതലും പണം കണ്ടെത്തിയിരുന്നതും. ഇൗ മരുന്നിന്റെ ജനറിക് പതിപ്പാണ് നാറ്റ്കോം കമ്പനിയുടെ ‘റിസ്ഡിനാറ്റ്'. റോചെയുമായുള്ള പേറ്റന്റ് കേസിനുശേഷം മരുന്ന് വിൽക്കാൻ കഴിഞ്ഞ ഒക്ടോബറിലാണ് നാറ്റ്കോമിന് സുപ്രീംകോടതി അനുമതി നൽകിയത്.
ആഗസ്തിലാണ് കമ്പനി നിയമനടപടി പൂർത്തിയാക്കിയത്. 15,900 രൂപ വരുന്ന ജനറിക് മരുന്ന് 8000 രൂപയ്ക്ക് ലഭ്യമാക്കാമെന്ന് പറഞ്ഞ് കഴിഞ്ഞ സർക്കാരിന്റെ കാലത്തും കമ്പനി കെഎംഎസിസിഎല്ലിനെ സമീപിച്ചിരുന്നു. മരുന്നിന് നാഷണൽ ഡ്രഗ് റെഗുലേറ്ററി ബോർഡ് അംഗീകാരമുണ്ടെങ്കിലും ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാക്കാതെ കുട്ടികളിൽ മരുന്ന് പരീക്ഷിക്കുന്നതിൽ രോഗികളുടെ ബന്ധുക്കളും സംഘടനയും എതിർപ്പ് അറിയിച്ചു. നിലവിൽ നൽകിയിരുന്ന മരുന്ന് തുടരാൻ തീരുമാനിച്ചു.
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയശേഷവും സമാന ആവശ്യം രോഗികളുടെ ഭാഗത്തുനിന്ന് ഉന്നയിച്ചിരുന്നു. മരുന്നിന്റെ സ്റ്റോക്ക് തീരാറായത് മുൻകൂട്ടി അറിയിച്ചിട്ടും സർക്കാർ അവഗണിച്ചു. ഇതെല്ലാം, മറച്ചുവച്ചാണ് അഞ്ചുലക്ഷം രൂപയുടെ മരുന്ന് 8000 രൂപയ്ക്ക് വാങ്ങി ലാഭമുണ്ടാക്കിയെന്ന നിലയ്ക്കുള്ള പ്രചാരണം. രാജ്യത്ത് എസ്എംഎ രോഗികൾക്ക് സൗജന്യമായി മരുന്ന് ലഭ്യമാക്കിയത് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കേരളമാണ്.12 വയസ് വരെ സൗജന്യമായി നൽകിയിരുന്ന മരുന്ന് 25 വയസുവരെ നൽകാൻ ഫെബ്രുവരിയിൽ തീരുമാനിച്ച് 30 കോടിയും അനുവദിച്ചു. യുഡിഎഫ് സർക്കാർ ഇൗ തുകയും വെട്ടിക്കുറച്ചു.








0 comments