print edition നെല്ല് സംഭരണം; പണം അക്കൗണ്ടിലെത്തില്ല

തിരുവനന്തപുരം: സപ്ലൈകോ വഴി സംഭരിക്കുന്ന നെല്ലിന്റെ വില കർഷകർക്ക് നേരിട്ട് നൽകുമെന്ന വാഗ്ദാനം ജലരേഖയാക്കി സംസ്ഥാന സർക്കാർ. കിലോയ്‌ക്ക് 35 രൂപ സംഭരണവില ഉറപ്പാക്കുമെന്ന വാഗ്‌ദാനവും നടപ്പാക്കില്ല.
കഴിഞ്ഞ വർഷങ്ങളിൽ എൽഡിഎഫ് സർക്കാർ നൽകിയിരുന്ന സംസ്ഥാന പ്രോത്സാഹന ബോണസ് (എസ്ഐബി) ഇത്തവണയും തുടരും. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നിയമസഭയിൽ ഉയർന്ന ചോദ്യങ്ങളുടെ മറുപടിയിലാണ് സർക്കാർ നയം വ്യക്‌തമായത്.
ഉൽപ്പാദനച്ചെലവ് ഉയരുമ്പോഴും എസ്ഐബി തുക വർധിപ്പിക്കാൻ സർക്കാർ തയ്യാറാകാത്തത് വായ്‌പയെടുത്ത് കൃഷിയിറക്കിയവരെ പ്രതിസന്ധിയിലാക്കി. പിആർഎസ് വായ്‌പാ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പ്രശ്‌നങ്ങൾക്ക് പരിഹാരമായി കർഷകരുടെ അക്കൗണ്ടിലേക്ക് പണം നൽകുമെന്നായിരുന്നു യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്‌ദാനം. എ ന്നാൽ ഇത് നടപ്പാക്കാൻ നബാർഡിന്റെ ധനസഹായം ലഭ്യമാക്കുന്നതിനുള്ള സാധ്യത തേടുമെന്ന് മാത്രമായിരുന്നു മന്ത്രിയുടെ മറുപടി. അതിനുള്ള നടപടികളൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല.
സർക്കാരിന്റെ ഇരട്ടത്താപ്പും മില്ലുടമകളുമായുള്ള ഒത്തുകളിയും കാരണം പലയിടങ്ങളിലും കൊയ്‌ത നെല്ല് സംഭരിക്കാനാവാതെ കർഷകർ ബുദ്ധിമുട്ടുകയാണ്. എൽഡിഎഫിന്റെ കാലത്ത് മില്ലുടമകളുടെ സമ്മർദത്തിന് വഴങ്ങാതെ സെൻട്രൽ വെയർഹൗസിങ് കോർപറേഷന്റെ വെയർഹൗസുകൾ പ്രയോജനപ്പെടുത്തിയാണ് നെല്ല് സംഭരണം നടത്തിയത്.
സെൻട്രൽ വെയർഹൗസിങ് കോർപറേഷനുമായി എസ്‌ഒപി നോഡൽ ഏജൻസിയായ സപ്ലൈകോ ഒപ്പുവച്ചിരുന്നു. സംസ്ഥാനം നൽകുന്ന പ്രോത്സാഹന ബോണസ് നിർത്തലാക്കണമെന്ന കേന്ദ്ര നിർദേശമുണ്ടായിട്ടും തുക നൽകാനുള്ള തീരുമാനവുമായി എൽഡിഎഫ് സർക്കാർ മുന്നോട്ട് പോയി. 2025 നവംബർ ഒന്നുമുതൽ സംഭരണ വില 28.20 രൂപയിൽനിന്ന് 30 ആക്കിയും ഉയർത്തി. കർഷകരെ സഹായിക്കുന്ന നിലപാടിൽനിന്ന് പിന്നോട്ടില്ലെന്ന എൽഡിഎഫ് സർക്കാർ നയത്തിന്റെ ഭാഗമായിട്ടായിരുന്നു നടപടി.
എന്നാൽ ഇപ്പോൾ സർക്കാർ നൽകുന്നതിനെക്കാൾ എട്ടു രൂപവരെ കുറച്ചാണ് മില്ലുടമകൾ നേരിട്ട് കർഷകരിൽനിന്ന് നെല്ല് സംഭരിക്കുന്നത്. താങ്ങുവിലയിൽ 72 പൈസയുടെ വർധന ഉണ്ടായതോടെ ഇത്തവണ ഉയർന്ന സംഭരണവില പ്രഖ്യാപിച്ച് സർക്കാർ നെല്ല് സംഭരിക്കുമെന്ന് കരുതിയ കർഷകരുടെ പ്രതീക്ഷയും തകർന്നു.









0 comments