print edition നഴ്‌സിങ് സീറ്റ് വെട്ടൽ സ്വകാര്യ കോളേജുകളെ സഹായിക്കാൻ

തിരുവനന്തപുരം: കെ കരുണാകരന്റെ പേരിലുള്ള ഇല്ലാത്ത മെഡിക്കൽ കോളേജിനായി നഴ്‌സിങ് സീറ്റുകൾ വെട്ടിച്ചുരുക്കിയ സർക്കാർ നടപടി സ്വകാര്യമേഖലയ്ക്കു വേണ്ടിയെന്ന ആക്ഷേപം ശക്തം. എൽഡിഎഫ് സർക്കാർ ജില്ലയിലെ വിദ്യാർഥികൾക്കുവേണ്ടി അധികമായി അനുവദിച്ച 100 സർക്കാർ സീറ്റാണ് ഇല്ലാതാക്കുന്നത്.
ഈ അധ്യയനവർഷത്തെ എൽബിഎസ് അഡ്മിഷൻ നടപടികൾ പൂർത്തിയായി വരുന്ന ഘട്ടത്തിലാണ് സർക്കാരിന്റെ ഉത്തരവ്. അലോട്ട്‌മെന്റ് ലിസ്റ്റിൽ ഉൾപ്പെട്ട് പ്രവേശനത്തിനായി കാത്തിരുന്ന നൂറുകണക്കിന് വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും ഇതോടെ കടുത്ത അനിശ്ചിതത്വത്തിലായി.
സീറ്റുകൾ മറ്റ് ആറ് സർക്കാർ കോളേജുകളിലേക്ക് (തിരുവനന്തപുരം- 20, കോട്ടയം -20, എറണാകുളം- 20, കണ്ണൂർ- 20, തൃശൂർ- 10, കോഴിക്കോട് -10) താൽക്കാലികമായി പുനർവിന്യസിക്കുമെന്നാണ് സർക്കാർ ഉത്തരവിലുള്ളത്. എന്നാൽ, പുനർവിന്യസിച്ച സീറ്റുകൾക്ക് അംഗീകാരം കിട്ടുമോയെന്ന കാര്യത്തിലും അവ്യക്തത തുടരുകയാണ്. ട്രയൽ അലോട്ട്‌മെന്റുവരെ കഴിഞ്ഞ ഘട്ടത്തിൽ ഇനി പുതിയ ഇൻസ്പെക്ഷനുകളും അനുമതികളും സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയില്ലെന്നത് ഉറപ്പാണ്.
തൽഫലമായി, ഈ 100 സർക്കാർ സീറ്റ് പൂർണമായും നഷ്ടപ്പെടാനാണ് സാധ്യത. സർക്കാർ സീറ്റുകൾ ഇല്ലാതാക്കി പാവപ്പെട്ട വിദ്യാർഥികളെ വൻ തുക ഡൊണേഷനും ഫീസും ഈടാക്കുന്ന സ്വകാര്യ മാനേജ്‌മെന്റ് കോളേജുകളിലേക്ക് തള്ളിവിടാനാണ് സർക്കാർ ശ്രമം.









0 comments