print edition റബർ താങ്ങുവില വർധന കണ്ണിൽ പൊടിയിടാൻ

കോട്ടയം: കർഷകർക്ക് പ്രയോജനപ്പെടാത്ത രീതിയിൽ സംസ്ഥാന സർക്കാർ റബറിന്റെ താങ്ങുവില വർധിപ്പിച്ചത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ. നിലവിൽ ലഭിക്കുന്ന വിലയേക്കാൾ വളരെ കുറവാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന 250 രൂപ. കോട്ടയത്ത് ആർഎസ്എസ് നാലിന് റബർ ബോർഡ് വില കിലോ 282 രൂപയാണ്. ഇത് സർവകാല റെക്കോഡാണ്. പ്രാദേശിക വിപണിയിൽ 274 രൂപ വരെ ലഭിക്കുന്നുണ്ട്. ഇത്രയും ഉയർന്ന വില കിട്ടുമ്പോൾ 250 രൂപ താങ്ങുവില പ്രഖ്യാപിച്ചതിലെ യുക്തിയെന്തെന്നാണെന്ന് കർഷകർ ചോദിക്കുന്നു.
വില 250ൽ താഴ്ന്നാൽ, വ്യത്യാസം സർക്കാർ നൽകുന്നതാണ് റബർ പ്രൊഡക്ഷൻ ഇൻസന്റീവ് പദ്ധതി. റബർ ബോർഡിന്റെ പല സബ്സിഡികളും മുടങ്ങുകയും, ഉൽപ്പാദനച്ചെലവ് വർധിക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിൽ, കിലോയ്ക്ക് 300 രൂപയെങ്കിലും കർഷകന് ലഭിച്ചാലേ ലാഭകരമാകൂ. അതത് സമയത്തെ വിപണി സാഹചര്യം പരിഗണിച്ചാണ് എൽഡിഎഫ് സർക്കാർ മുമ്പ് താങ്ങുവില വർധിപ്പിച്ചത്. കിലോയ്ക്ക് 180 രൂപയിൽ താഴെ ലഭിച്ചിരുന്നപ്പോഴാണ് എൽഡിഎഫ് സർക്കാർ 200 രൂപ താങ്ങുവില നൽകിയത്. ഇത് ലക്ഷക്കണക്കിന് റബർ കർഷകർക്ക് ഗുണം ചെയ്തു. നിലവിലെ വിലയേക്കാൾ കുറഞ്ഞ താങ്ങുവില പ്രഖ്യാപിക്കുന്നത് ഇതാദ്യമാണ്.
റബറുൽപാദക രാജ്യങ്ങളായ മലേഷ്യ, ഇന്തോനേഷ്യ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ ഉൽപ്പാദനം കുറഞ്ഞത് ഇന്ത്യയിൽ റബർവില ഉയരാൻ കാരണമായി. സിന്തറ്റിക് റബറിന്റെ വരവ് കുറഞ്ഞതിനാൽ വൻകിട ടയർ കമ്പനികൾ സ്വാഭാവിക റബർ വാങ്ങുന്നത് വില ഉയരാൻ സഹായിച്ചു. അതിനാൽ വില 250ലും കുറയാനുള്ള സാഹചര്യമില്ലെന്ന് മേഖലയിലെ വിദഗ്ധർ പറയുന്നു. ഉയരാനാണ് സാധ്യത. അങ്ങനെയെങ്കിൽ താങ്ങുവിലയായി ഒരു രൂപ പോലും സർക്കാരിന് കൊടുക്കേണ്ടിവരില്ല. താങ്ങുവില 300 രൂപയാക്കണമെന്നാണ് കർഷകരുടെ ആവശ്യം. ഇതിന് കേന്ദ്രസർക്കാരിന്റെ സഹായം ആവശ്യമാണെങ്കിലും അവർ ഇതിനോട് മുഖം തിരിക്കുകയാണ്.
റബർ വില സ്ഥിരതാ ഫണ്ട് കുടിശ്ശിക അനുവദിക്കാൻ ഇടപെടുമെന്ന് മന്ത്രി
കോട്ടയം: റബർ കർഷകരെ സഹായിക്കാനായുള്ള വില സ്ഥിരതാ ഫണ്ടിനത്തിൽ കർഷകർക്ക് കിട്ടാനുള്ള 20 കോടി രൂപ ഉടൻ വിതരണം ചെയ്യാനാവശ്യമായ ഇടപെടൽ നടത്തുമെന്ന് മന്ത്രി മോൻസ് ജോസഫ്. കോട്ടയത്തെ റബർ ബോർഡ് ആസ്ഥാനത്ത് ചെയർമാൻ എൻ ഹരിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വന്യമൃഗ ശല്യം ഉൾപ്പെടെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൃഷി, വനം വകുപ്പ് മന്ത്രിമാരും റബർ ബോർഡ് ചെയർമാനും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗം വിളിക്കുമെന്ന് മന്ത്രി പറഞ്ഞു. റബർ ബോർഡ് ചെയർമാൻ എൻ ഹരി അധ്യക്ഷനായി. എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. എ വസന്തഗേശ്, റബർ പ്രൊഡക്ഷൻ കൺട്രോളർ ഡോ. ടി സിജു, എൻഐആർടി ഡയറക്ടർ പ്രിയ വർമ എന്നിവർ സംസാരിച്ചു.










0 comments