print edition മരുന്നിനുപോലും മരുന്നില്ല

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിലും കാരുണ്യ മെഡിക്കൽ സ്റ്റോറുകളിലും ആവശ്യമരുന്നുകളുടെ ക്ഷാമം വീണ്ടും രൂക്ഷം. പ്രമേഹം, രക്തസമ്മർദം, ഹൃദ്രോഗം എന്നിവയ്ക്കുള്ള അത്യന്താപേക്ഷിതമായ പ്രതിദിന മരുന്നുകളുടെയും ഗർഭിണികൾക്കുള്ള ഫോളിക് ആസിഡ്, അയൺ ഗുളികകളുടെയും സ്‌റ്റോക്ക് പൂർണമായി തീർന്നു.
കുഞ്ഞുങ്ങൾക്കുള്ള വിറ്റമിൻ എ വിതരണം മുടങ്ങിയിട്ട് രണ്ടുമാസത്തിലേറെയായി. പ്രാഥമിക ചികിത്സാകേന്ദ്രങ്ങൾ തുടങ്ങി മെഡിക്കൽ കോളേജ് സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിലുൾപ്പെടെ സ്ഥിതി സമാനമാണ്. ബിപിഎൽ രോഗികൾക്ക് സൗജന്യമായി നൽകിയിരുന്ന ജീവൻരക്ഷാ മരുന്നുകളും ജില്ലകളിൽ മുടങ്ങി.
കാൻസറിനുള്ള റിറ്റുക്‌സിമാബ് ഉൾപ്പെടെയുള്ള മരുന്ന് സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് ഉയർന്ന വിലയ്ക്ക് വാങ്ങേണ്ട ഗതികേടിലാണ് ജനങ്ങൾ.
എലിപ്പനി പ്രതിരോധത്തിനുള്ള ഡോക്സിസൈക്ലിനും മുണ്ടിനീർ പ്രതിരോധത്തിനുള്ള മരുന്നും മുടങ്ങി. പ്രമേഹ രോഗികൾക്കുള്ള മെറ്റ്ഫോർമിൻ, ഗ്ലിമപിറൈഡ് എന്നിവയുടെ സ്റ്റോക്കും തീർന്നു.
പിയോഗ്ലിറ്റാസോൺ ഏകദേശം 14,000 പേർക്കുള്ളത് മാത്രമാണുള്ളത്.
രക്തസമ്മർദ നിയന്ത്രണത്തിന് സാധാരണ നൽകുന്ന ആംലോഡിപിൻ, ടെൽമിസാർട്ടൻ, ഹൃദ്രോഗ സാധ്യത തടയുന്ന ആസ്‌പിരിൻ, ഗർഭിണികളിൽ വിളർച്ച തടയുന്നതിനും കുഞ്ഞിന്റെ വളർച്ചയ്ക്കും അത്യാവശ്യമായ ഫെറസ് സൾഫേറ്റ്, ഫോളിക് ആസിഡ് ഗുളികകളും സ്റ്റോക്കില്ല.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മൂന്ന് മാസത്തേക്ക് സ്റ്റോക്ക് ചെയ്ത മരുന്നുകളുടെ കാലാവധി തീർന്നതാണ് പ്രതിസന്ധി രൂക്ഷമാകാൻ കാരണം.
മരുന്ന് ക്ഷാമം അടിയന്തരമായി പരിഹരിക്കാൻ 500കോടി അനുവദിച്ചെന്നായിരുന്നു ജൂലൈയിൽ ഡയാലിസിസ് രോഗികകളുടെ മരുന്ന് വിതരണം നിലച്ചപ്പോൾ മന്ത്രി കെ മുരളീധരൻ പ്രഖ്യാപിച്ചത്.
എന്നാൽ, തുടർനടപടികളുണ്ടായില്ല. മരുന്നുക്ഷാമം രൂക്ഷമായിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് കാര്യക്ഷമമായ ഇടപെടലുണ്ടാകാത്തത് ജനങ്ങളെ വലയ്ക്കുകയാണ്.








0 comments