Deshabhimani

print edition റാങ്ക് പട്ടിക കാലാവധി നീട്ടൽ: സർക്കാർ ശുപാർശ നിയമം നോക്കാതെ

psc rank holders
avatar
എസ് കിരൺബാബു

Published on Sep 10, 2026, 01:30 AM | 2 min read

തിരുവനന്തപുരം: ​പതിനെട്ട് അധ്യാപക തസ്‌തികകളിലെ റാങ്ക്പട്ടികകളുടെ കാലാവധി നീട്ടാൻ സർക്കാർ പിഎസ്‍സിക്ക് ശുപാർശ അയച്ചത് നിയമവശങ്ങൾ പരിഗണിക്കാതെ. 18 കാറ്റഗറികളിലായി സെപ്തംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ അവസാനിക്കുന്ന അധ്യാപക തസ്തികകൾ ആറ് മാസം നീട്ടണമെന്ന് ആവശ്യപ്പെട്ടാണ് തിങ്കളാഴ്ച സർക്കാർ ശുപാർശ നൽകിയത്. നിയമപ്രകാരം ഒരു പ്രത്യേക കാലയളവിലെ റാങ്ക് പട്ടികകൾ നീട്ടുകയാണെങ്കിൽ അധ്യാപക തസ്‌തിക മാത്രമായി നീട്ടാനാകില്ല. ആ കാലയളവിൽ കാലാവധി കഴിയുന്ന മുഴുവൻ തസ്തികകളുടെയും പട്ടികകൾ നീട്ടേണ്ടിവരും. ഈ കാലയളവിൽ എണ്ണൂറിലേറെ പട്ടികകളുടെ കാലാവധി അവസാനിക്കുന്നുണ്ട്. ഇതെല്ലാം നീട്ടിയാൽ വരാനിരിക്കുന്ന പട്ടികയിലെ നിയമനങ്ങളിൽ അനിശ്ചിതത്വമുണ്ടാകും. ഇത്‌ സംബന്ധിച്ച് ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും വിധികളുണ്ട്.


അതിനാൽ നിയമപരമായ സാധ്യതകളും കോടതിവിധികളും പൂർണമായി പരിശോധിച്ച ശേഷമേ പിഎസ്‍സിക്ക് അന്തിമ തീരുമാനമെടുക്കാനാകൂ. ഇതൊന്നും പരിശോധിക്കാതെ സർക്കാർ ശുപാർശ അയക്കുന്നത് അസാധാരണ നടപടിയാണ്. ഇതിനെതിരെ പരീക്ഷ എഴുതി കാത്തിരിക്കുന്ന ഉദ്യോഗാർഥികൾ കോടതിയിൽ പോകാനിടയുണ്ട്‌. റാങ്ക് നീട്ടൽ തുടർന്നാൽ പിഎസ്‌സിയുടെ തുല്യനീതി നിയമന സംവിധാനം അട്ടിമറിക്കപ്പെടും. നിലവിൽ കാലാവധി നീട്ടാനായി ശുപാർശ നൽകിയ 18 കാറ്റഗറിയിലുള്ള തസ്തികകളിൽ വിവിധ ജില്ലകളിലായി 106 റാങ്ക് പട്ടികകളാണുള്ളത്. ഇതിൽ 90 ശതമാനത്തിലേറെ നിയമനം നടത്തിയ പട്ടികളും പ്രധാന പട്ടികയിൽ നിന്ന് പൂർണമായും നിയമനം നടന്നവയുമുണ്ട്. ഇതെല്ലാം നീട്ടുന്നത് വരാനിരിക്കുന്ന റാങ്ക്പട്ടികയിലെ ഉദ്യോഗാർഥികളുടെ നിയമനത്തെ ബാധിക്കും. കാലാവധി നീട്ടുമെന്ന് സർക്കാർ പറഞ്ഞ രണ്ട് അധ്യാപക തസ്തികകളുടെ റാങ്ക് പട്ടിക കഴിഞ്ഞ ദിവസം അവസാനിക്കുകയും പുതിയ പട്ടിക നിലവിൽവരുകയും ചെയ്തു. അതിനാൽ കാലാവധി അവസാനിച്ച രണ്ട് പട്ടികകളും നീട്ടാൻ പിഎസ്‍സിക്ക് കഴിയില്ല.


പിഎസ്‍സി റാങ്ക് പട്ടികകളുടെ കാലാവധി തുടർച്ചയായി നീട്ടുന്നത് നിയമന നിരോധനം മറയ്ക്കാനുള്ള തന്ത്രമാണ്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതും വലിയതോതിൽ കുറഞ്ഞു.


റാങ്ക് പട്ടിക നീട്ടാൻ നിയമപ്രശ്നമുണ്ടെന്ന് 
മുഖ്യമന്ത്രി


18 അധ്യാപക തസ്‌തികകളിലെ റാങ്ക്പട്ടികകളുടെ കാലാവധി നീട്ടാൻ സർക്കാർ ശുപാർശ നൽകിയതിൽ നിയമപ്രശ്നങ്ങളുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. ഇത് സംബന്ധിച്ച് പിഎസ്‍സിയുമായി ചർച്ചചെയ്യും. സർക്കാരിന് ശുപാർശ ചെയ്യാനുള്ള അധികാരം മാത്രമേയുള്ളൂയെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home