Deshabhimani

print edition പനിക്കിടക്കയിൽ 
80,627 പേർ; ​അഞ്ചാംപനിയിൽ പത്തിരട്ടി വർധന

...
വെബ് ഡെസ്ക്

Published on Oct 04, 2026, 01:30 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത്‌ രൂക്ഷമാകുന്ന മരുന്നുപ്രതിസന്ധിക്കിടെ പത്തുദിവസത്തിനുള്ളിൽ സർക്കാർ ആശുപത്രികളിൽ പനി ബാധിച്ച്‌ ചികിത്സ തേടിയത്‌ 80,627 പേർ. 869 പേർക്ക്‌ രോഗം ഗുരുതരമായി കിടത്തിചികിത്സയും വേണ്ടിവന്നു. 624 പേർക്ക്‌ ഡെങ്കിപ്പനിയും 204 പേർക്ക്‌ മഞ്ഞപ്പിത്തവും 97 പേർക്ക്‌ എലിപ്പനിയും സ്ഥിരീകരിച്ചു. ഇൻഫ്ലുവൻസ രോഗികളുടെ എണ്ണത്തിൽ ദിവസേന ഇരട്ടിയിലധികം വർധനയാണ്‌ രേഖപ്പെടുത്തുന്നത്‌. 10 ദിവസത്തിനുള്ളിൽ 628 പേർക്ക്‌ രോഗവും ഒരാളുടെ മരണവും റിപ്പോർട്ട്‌ ചെയ്തു. എലിപ്പനി ബാധിച്ച്‌ എട്ടുപേരും ഡെങ്കിപ്പനി ബാധിച്ച്‌ രണ്ടു പേരും മരിച്ചു.


പകർച്ചപ്പനി വ്യാപനം ഗുരുതരമായി തുടരുമ്പോഴും ആരോഗ്യവകുപ്പിന്റെ പ്രതിരോധ നടപടികൾ എങ്ങുമെത്തുന്നില്ല. കഴിഞ്ഞവർഷത്തേക്കാൾ, രോഗികളുടെ എണ്ണത്തിലെ വർധന ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്പോഴും പനി കൂടിയിട്ടില്ലെന്നാണ്‌ മന്ത്രി കെ മുരളീധരൻ പറയുന്നത്‌. സംസ്ഥാനത്ത്‌ 18 ഇനം മരുന്നുകളുടെ ക്ഷാമമുണ്ടെന്ന്‌ സമ്മതിച്ച മന്ത്രി ശനിയാഴ്‌ച മാറ്റിപ്പറഞ്ഞു. മരുന്നുകൾക്ക്‌ പ്രതിസന്ധിയില്ലെന്നും എല്ലാം മാധ്യമ സൃഷ്ടിയാണെന്നുമാണ്‌ വാദം. എലിപ്പനി കൂടുതൽ രൂക്ഷമായ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ പൂർണമായും തീർന്നെന്ന വാർത്ത പുറത്തുവന്നിരുന്നു. ഇതെല്ലാം, മറച്ചുവച്ചാണ്‌ മന്ത്രിയുടെ വ്യാജപ്രചരണം



​അഞ്ചാംപനിയിൽ പത്തിരട്ടി വർധന


സംസ്ഥാനത്ത്‌ അഞ്ചാംപനി ബാധിച്ചവരുടെ എണ്ണത്തിൽ കഴിഞ്ഞവർഷത്തെക്കാൾ പത്തിരട്ടി വർധന. ഇ‍ൗ വർഷം 477 പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചതെങ്കിൽ കഴിഞ്ഞവർഷം 37 പേർക്കായിരുന്നു. 23ന്‌ മലപ്പുറം പൊൻമലയിൽ ഒന്നരവയസ്സുള്ള കുഞ്ഞ്‌ മരിക്കുകയും ചെയ്തു. 
 അഞ്ചാംപനി ബാധിച്ച കുട്ടികളിൽ സങ്കീർണ്ണതകളും അന്ധതയും തടയാൻ ലോകാരോഗ്യ സംഘടനയുടെ ശുപാർശപ്രകാരം നൽകിയിരുന്ന വിറ്റാമിൻ എ വിതരണവും സർക്കാർ ആശുപത്രികളിൽ രണ്ടുമാസമായി പൂർണമായും മുടങ്ങി.






Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home