print edition സർവ്വേ നമ്പർ പരിശോധിക്കാൻ സംവിധാനമില്ല; ഇഎസ്‌എ ഭൂപടത്തിൽ അവ്യക്തത, ആശങ്ക

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖല (ഇഎസ്‌എ) അടയാളപ്പെടുത്തിയ ഭൂപടം പ്രസിദ്ധീകരിച്ചതോടെ പരാതിപ്രവാഹം. തങ്ങളുടെ ഭൂമി ഇഎസ്‌എയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് കർഷകർക്കും സാധാരണക്കാർക്കും തിരിച്ചറിയാനാകാത്തതാണ് ആശങ്കയ്‌ക്കിടയാക്കുന്നത്.
ജനവാസമേഖലയും കൃഷിയിടവും റോഡുമെല്ലാം ഇഎസ്‌എ പരിധിയിലാക്കിയിട്ടുണ്ട്. എന്നാൽ, സർവേ നമ്പർ നൽകി പരിശോധിക്കാൻ സംവിധാനമില്ലാത്തതിനാൽ ഭൂരിപക്ഷം പേർക്കും സ്വന്തം ഭൂമി ഇഎസ്‌എ പരിധിയിലാണോയെന്ന് പരിശോധിക്കാനായിട്ടില്ല. സംസ്ഥാന സർക്കാർ നിർദേശം കേന്ദ്രസർക്കാരിന് സമർപ്പിച്ച് കഴിഞ്ഞതിനാൽ പ്രശ്‌നപരിഹാരത്തിന് വഴിയുണ്ടാകില്ലെന്ന ആശങ്കയും ശക്തം.
ദേശീയപാത 85ൽ ഉൾപ്പെട്ട മൂന്നാർ ഗ്യാപ് റോഡടക്കം ഭൂപടത്തിലുണ്ട്. പത്തനംതിട്ടയിൽ ഏഴ് വില്ലേജുകൾ ഇഎസ്‌എ പരിധിയിൽ പെട്ടത് ജനവാസമേഖലകളെ കാര്യമായി ബാധിക്കും. ഇഎസ്എ വനഭൂമിയിൽ മാത്രമായി നിജപ്പെടുത്തിയെന്ന അവകാശവാദത്തിന് വിരുദ്ധമാണ് നിലവിലെ ഭൂപടം.
പരിസ്ഥിതി, കാലവസ്ഥാവ്യതിയാന ഡയറക്‌ടറേറ്റിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഭൂപടത്തിൽ സ്ഥലത്തിന്റെ അക്ഷാംശവും രേഖാംശവും (ജിയോ- കോർഡിനേറ്റുകൾ) നൽകിയോ അടുത്തുള്ള പ്രധാനപ്പെട്ട സ്ഥലപ്പേര് നൽകിയോ മാത്രം കന്പ്യൂട്ടറിൽ പരിശോധിക്കാവുന്ന നിലയിലാണ് തയാറാക്കിയിരിക്കുന്നത്.
വില്ലേജ് പരിധിയിൽ വനവും റവന്യൂഭൂമിയും വേർതിരിച്ച് കൊടുക്കണമെന്നും സർവേ നന്പർ പ്രകാരം കണ്ടെത്താൻ വഴിയൊരുക്കണമെന്നുമാണ് ആവശ്യം. ഇഎസ്‌എയിൽ ഉൾപ്പെട്ട വില്ലേജുകളിലെ പരിസ്ഥിതിലോല മേഖല കണ്ടെത്തി അതുമാത്രം ഉൾപ്പെടുത്തുകയാണ് എൽഡിഎഫ് സർക്കാർ ചെയ്‌തത്. വില്ലേജിനെ ഒറ്റയൂണിറ്റായി കണക്കാക്കി പൂർണമായും ഇഎസ്‌എയാക്കിയില്ല.
ഇഎസ്‌എ പരിധിയിലുള്ള 131 വില്ലേജുകളിൽ 33 എണ്ണം പൂർണമായി ഒഴിവാക്കിയാണ് റിപ്പോർട്ട് നൽകിയതെന്ന് യുഡിഎഫ് സർക്കാർ അവകാശപ്പെട്ടിരുന്നു. ഇഎസ്‌എ ബാധകമായ വില്ലേജിലെ ഇതര സ്ഥലങ്ങൾ ഒഴിവാക്കിയാണ് യുഡിഎഫ് സർക്കാർ റിപ്പോർട്ട് സമർപ്പിച്ചതെങ്കിൽ അത് പുറത്തുവിടണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
യുഡിഎഫ് നിർദേശം
ഇഎസ്‌എയിൽ ഉൾപ്പെട്ട വില്ലേജുകളെ പൂർണമായും പരിസ്ഥിതിലോല മേഖലയായി കണക്കാക്കി. ഇതിൽ ജനവാസ മേഖലയും കൃഷിയിടവും ഉൾപ്പെട്ടു.
എൽഡിഎഫ് നിർദേശം
ഇഎസ്‌എയിൽ ഉൾപ്പെട്ട വില്ലേജുകളിൽ പരിസ്ഥിതിലോല മേഖലയായി കണക്കാക്കേണ്ടാത്ത ജനവാസ മേഖലയും കൃഷിയിടവും ഉൾപ്പെടുത്തിയില്ല. നിർദിഷ്ട ഭൂവിവരങ്ങൾ വിവിധ സങ്കേതങ്ങൾ വഴി പരിശോധിച്ച് ആവശ്യമായ രേഖകൾ വിലയിരുത്തിയാണ് കരട് രൂപീകരിച്ചത്. ജില്ലാ കലക്ടർമാരുടെ നേതൃത്വത്തിൽ ജില്ലാതല പരിശോധനാസമിതി രൂപീകരിച്ചു.
വനാതിർത്തിയിൽ വില്ലേജുകളിലെ സ്ഥലപരിശോധന പൂർത്തിയാക്കി അപാകം നിർണയിച്ചു. പഞ്ചായത്തുകളുടെ അഭിപ്രായങ്ങൾകൂടി ഉൾപ്പെടുത്തി അന്തിമറിപ്പോർട്ട് തയ്യാറാക്കി.









0 comments