ad
Deshabhimani

ഭിന്നശേഷി ശാക്തീകരണത്തിന് 'സുശക്തി'; കുടുംബശ്രീ മാതൃകയിലുള്ള പദ്ധതിയുടെ ഉദ്ഘാടനം മാർച്ച് 9ന്

rbindu

സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദുവും, സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ചെയർപേഴ്സൺ ജയ ഡാളിയും വാർത്താ സമ്മേളനത്തിനിടെ

വെബ് ഡെസ്ക്

Published on Mar 06, 2026, 07:30 PM | 3 min read

തിരുവനന്തപുരം : ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിന് കുടുംബശ്രീ മാതൃകയിൽ അവതരിപ്പിക്കുന്ന സ്വാശ്രയ കൂട്ടായ്മയായ സുശക്തി പദ്ധതിക്ക് തുടക്കമാവുന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മാർച്ച് 9ന് ഉച്ചയ്ക്ക് 3 മണിക്ക് തിരുവന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു വാർത്താ സമ്മേളനത്തിൽ അറിയിച്ചു.


സ്വയം സഹായ സംഘങ്ങളിലൂടെ ഭിന്നശേഷിക്കാരുടെ സ്വയംപര്യാപ്തത ഉറപ്പാക്കുന്ന തരത്തിലാണ് സുശക്തി മിഷൻ സ്ഥാപിക്കുന്നത്. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പുതിയ സംരംഭമെന്ന നിലയിലാണ് പുതിയ പദ്ധതി ആരംഭിക്കുന്നത്.


ഭിന്നശേഷിക്കാരുടേയും അവരുടെ കുടുംബങ്ങളുടേയും സമ​ഗ്ര പുനരധിവാസം ലക്ഷ്യമിടുന്ന ചരിത്രസംഭവമായാണ് കുടുംബശ്രീ മാതൃകയിൽ സ്വയം സഹായ സംഘങ്ങൾക്ക് തുടക്കമിടുന്നത്. കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷനാണ് പ്രാരംഭഘട്ടത്തിൽ മിഷന്റെ നിർവഹണ ചുമതല. ബൈലോ തയ്യാറാക്കുന്നതിനും, പ്രാഥമിക നടപടികൾ മുന്നോട്ടു കൊണ്ടു പോകുന്നതിനും നേതൃത്വം നൽകിയതും ഭിന്നശേഷി ക്ഷേമ കോർപ്പറേഷനാണ്.


ശാരീരിക - മാനസിക - ഭൗതിക വെല്ലുവിളികൾ നേരിടുന്നവരെ സമൂഹത്തിൽ സമ​ഗ്രമായി ഉൾച്ചേർത്തു കൊണ്ട്, സാമൂഹികവും, സാമ്പത്തികവും, സാംസ്കാരികപരവുമായി സ്വയംപര്യാപ്തരാക്കുക എന്നതാണ് സുശക്തിയിലൂടെ വിഭാവനം ചെയ്യുന്നത്. വരുമാനദായകമായ തൊഴിൽ - സ്വയംതൊഴിൽ സംരംഭങ്ങളിലേക്ക് ഭിന്നശേഷിക്കാരെ എത്തിക്കുക എന്നതും സുശക്തി മിഷന്റെ ലക്ഷ്യമാണ്.


ഭിന്നശേഷി വിഭാ​ഗത്തിന്റെ ഉന്നമനത്തിനായി സാമൂഹികനീതി വകുപ്പിനു കീഴിലുള്ള വ്യത്യസ്ത ഏജൻസികൾ നടപ്പിലാക്കുന്ന പദ്ധതികൾ കൃത്യതയോടെ ​ഗുണഭോക്താക്കളിൽ എത്തിക്കുന്നതിനും ഈ മിഷന്റെ ഭാ​ഗമായി സാധിക്കും. ഭിന്നശേഷി സ്വയം സഹായ സംഘങ്ങളും, വ്യക്തികളും നിർമ്മിക്കുന്ന ഉല്പന്നങ്ങളുടെ ​ഗുണനിലവാരം ഉറപ്പുവരുത്തി ബ്രാൻഡ് ചെയ്ത് അവയുടെ വിപണന സാധ്യതകൾ മെച്ചപ്പെടുത്തുകയെന്നതും മിഷന്റെ ലക്ഷ്യമാണ്.


അം​ഗങ്ങൾക്ക് വരുമാനദായകമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനുള്ള പ്രോത്സാഹനവും പിന്തുണയും ഈ സ്വയം സഹായ സംഘങ്ങളിലൂടെ നൽകും. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇതര ഏജൻസികൾ എന്നിവയുടെ ദാരിദ്ര്യലഘൂകരണ പ്രവർത്തനങ്ങളും ക്ഷേമപദ്ധതികളും, തൊഴിൽ പുനരധിവാസ പദ്ധതികളും ഏറ്റെടുത്ത് സുശക്തി അം​ഗങ്ങൾക്ക് സ്ഥിരമായ ഉപജീവന സൗകര്യം ഉറപ്പാക്കും.


കുടുംബശ്രീ എപ്രകാരമാണോ സമൂഹത്തിൽ സ്ത്രീകളുടെ ദൃശ്യതയും സാന്നിധ്യവും വർധിപ്പിക്കുകയും, അവർക്ക് വരുമാനദായകമായ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കുകയും ചെയ്തത് അതേ മാതൃകയിൽ ഭിന്നശേഷിക്കാർക്ക് അവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് സുശക്തി സംവിധാനത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.


കേന്ദ്ര - സംസ്ഥാന സർക്കാരുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇതര ഏജൻസികളുടേയും സാമ്പത്തിക വികസനവും സാമൂഹികനീതിയും ലക്ഷ്യംവച്ചുള്ള വിവിധങ്ങളായ പ്രവർത്തനങ്ങളിൽ സുശക്തി പങ്കാളിത്തം വഹിക്കും. ഭിന്നശേഷിക്കാരുടെ ശാക്തീകരണം, ഭിന്നശേഷി സൗഹൃദ സാഹചര്യങ്ങളും അന്തരീക്ഷങ്ങളും ഉറപ്പാക്കൽ, പ്രാദേശിക സാമ്പത്തിക വികസനം, ദാരിദ്ര്യലഘൂകരണം, ആതുരസേവനം, സാമൂഹികനീതി, സദ്ഭരണം തുടങ്ങിയ മേഖലകളിലെ വികസനപദ്ധതികളുടെ ആസൂത്രണ നിർവഹണ പ്രവർത്തനങ്ങളിലും സുശക്തി അം​ഗങ്ങൾ പങ്കാളികളാവും.


കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷന്റെ കീഴിൽ കേരള സംഘങ്ങൾ രജിസ്‌ട്രേഷൻ ആക്ട് (2025) അനുസരിച്ചാണ് സുശക്തി രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുക. ശാരീരിക - മാനസിക - ഭൗതിക വെല്ലുവിളികൾ നേരിടുന്ന എല്ലാ വ്യക്തികളേയും, സുശക്തി സംഘത്തിന്റെ പ്രവർത്തനങ്ങളിൽ നേരിട്ട് പങ്കാളികളാവാൻ സാധിക്കത്തവരുടെ രക്ഷകർത്താക്കളേയും ഉൾപ്പെടുത്തിയാണ് സുശക്തി സ്വയം സഹായ സംഘങ്ങൾ രൂപീകരിക്കുക.


സുശക്തി സംഘത്തിന്റെ പരിധിയിൽ സ്ഥിരതാമസക്കാരായ 40 ശതമാനമോ അതിലധികമോ ശാരീരിക - മാനസിക - ഭൗതിക വെല്ലുവിളി നേരിടുന്ന സ്ത്രീയോ, പുരുഷനോ, ട്രാൻസ്ജൻഡർ വിഭാ​ഗത്തിൽപ്പെട്ടതോ ആയ 10 മുതൽ 20 വരെ വ്യക്തികളുടെ കൂട്ടായ്മായായാണ് ഓരോ സുശക്തി യൂണിറ്റും പ്രവർത്തിക്കുക.


​ഗ്രാമപഞ്ചായത്ത്, നഗരസഭ, മുനിസിപ്പാലിറ്റി അടിസ്ഥാനത്തിൽ

അപെക്സ് ബോഡിയായ ലോക്കൽ ഡെവലപ്‌മെന്റ് സൊസൈറ്റി,

ജില്ലാതല മിഷനുകൾ, സംസ്ഥാനതല മിഷൻ എന്നിവയാണ് സുശക്തി യൂണിറ്റുകളുടെ സംഘടനാ സംവിധാനം നിർവഹിക്കുന്നത്. ജില്ലാതല മിഷനാണ് ലോക്കൽ ഡെവലപ്‌മെന്റ് സൊസൈറ്റികൾക്കും, സുശക്തി യൂണിറ്റുകൾക്കും ബാങ്ക് ലിങ്കേജ് വായ്പ ഉറപ്പാക്കുന്നത്.


സംസ്ഥാനതല സാമൂഹ്യനീതി മന്ത്രി ചെയർമാൻ ആയ എക്സിക്യൂട്ടീവ് കമ്മിറ്റിയും ​ഭരണസമിതിയും ഉണ്ടായിരിക്കും. സാമൂഹ്യനീതി വകുപ്പ് മന്ത്രി, സെക്രട്ടറി, ഭിന്നശേഷി ക്ഷേമ കോർപ്പറേഷർ ചെയർപേഴ്സൺ, മാനേജിം​ഗ് ഡയറക്ടർ എന്നിവരുൾപ്പടെ 9 അം​ഗങ്ങൾ ചേ‌ർന്നതാണ് സംസ്ഥാനതല മിഷന്റെ പ്രാഥമിക അം​ഗഘടന.


സുശക്തി യൂണിറ്റുകളിൽ സമ്പാദ്യം, നിക്ഷേപം, മിതവ്യയ വായ്പ തുടങ്ങിയ എല്ലാവിധ ധനവിനിയോ​ഗ പരിപാടികളും കാര്യക്ഷമമായി നടപ്പിലാക്കുക എന്നത് സുശക്തി മിഷന്റെ ചുമതലയാണ്.


ശാരീരിക - മാനസിക - ഭൗതിക വെല്ലുവിളികൾ നേരിടുന്നവർക്ക് സാമൂഹികവും, സാമ്പത്തികവും, സാങ്കേതികവുമായ സ്വാശ്രയത്വം ആർജിക്കാൻ കഴിയുന്നവിധത്തിൽ ആശയപരവും ശാസ്ത്രീയവുമായ പരിശീലനങ്ങൾ ഈ മിഷനിലൂടെ നൽകുമെന്നും മന്ത്രി പറഞ്ഞു.


അതിവേ​ഗം വളർന്നുകൊണ്ടിരിക്കുന്ന ശാസ്ത്ര-സാങ്കേതിക അറിവുകളെയും അവയുടെ സാധ്യതകളെയും പരിചയപ്പെടുത്തി, പ്രയോ​ഗതലത്തിൽ സ്വന്തം വെല്ലുവിളികളെയും പ്രതിസന്ധികളെയും സാധ്യകളാക്കി, പൊതുസമൂഹത്തിൽ മാതൃകയാക്കാവുന്ന തലത്തിലേക്ക് സുശക്തി അം​ഗങ്ങളെ മാറ്റിയെടുക്കുകയാണ് ലക്ഷ്യം. ഭിന്നശേഷി വിഭാ​ഗക്കാരുടെ അവകാശ സം​രക്ഷണത്തിനാവശ്യമായ ഇടപെടലുകളും ബോധവത്കരണവും സുശക്തിയിലൂടെ ഏറ്റെടുക്കും.


അതേ വേദിയിൽ ശുഭയാത്ര പദ്ധതിയിൽ സംസ്ഥാന വ്യാപകമായി വിതരണം ചെയ്യുന്ന 1800 സൈഡ് വീൽ സ്കൂട്ടറുകളുടെ സംസ്ഥാനതല വിതരണ ഉദ്ഘാടനവും, ​ഹസ്തദാനം സ്ഥിരനിക്ഷേപ പദ്ധതിയുടെ സംസ്ഥാനതല സർട്ടിഫിക്കറ്റ് വിതരണത്തിന്റെ ഉദ്ഘാടനവും, സുശക്തിയുടെ ലോ​ഗോ പ്രകാശനവും മുഖ്യമന്ത്രി നിർവഹിക്കുമെന്നും മന്ത്രി അറിയിച്ചു. കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ചെയർപേഴ്സൺ ജയ ഡാളിയും മന്ത്രിക്കൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home