ad
Deshabhimani

print edition ഹൃദയപൂർവം 
കൈയൊപ്പുചാർത്തി

ldf election.JPG

എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന്

avatar
ഒ വി സുരേഷ്‌

Published on Apr 10, 2026, 02:50 AM | 2 min read

തിരുവനന്തപുരം: കാത്തുകാത്തിരുന്ന വിധിദിനമെത്തിയപ്പോൾ ആഘോഷപൂർവം ബൂത്തുകളിലെത്തി ജനങ്ങൾ വോട്ടുചെയ്‌തത്‌ തുടർഭരണത്തിലേക്ക്‌ കൈയൊപ്പുചാർത്താനെന്ന്‌ വ്യക്തം. ഇതുവരെയുള്ള സർവേകളും വിലയിരുത്തലുകളും ബുത്തിലെത്തിയവരുടെ പ്രതികരണങ്ങളും വ്യക്തമാകുന്നത്‌ അതാണ്‌. ഇരുണ്ട കാലം പിന്നിട്ട്‌ വളർന്നുവികസിച്ച പത്തുവർഷത്തെ അനുഭവത്തിൽനിന്ന്‌ ജനങ്ങൾ ചോദിച്ചത്‌ എന്തിനുവേണ്ടിയാണ്‌ ഇ‍ൗ സർക്കാർ മാറേണ്ടത്‌ എന്നാണ്‌.


തുടർഭരണത്തിന്റെ അലയൊലികളായിരുന്നു കേരളം കേട്ടത്‌. സർക്കാരിനെതിരെ ഏതെങ്കിലും അഴിമതിയാരോപണമോ, വിമർശമോ പ്രതിപക്ഷത്തിന്‌ ഉന്നയിക്കാനുണ്ടായിരുന്നില്ല. കേരളം മുഴുവൻ ചർച്ചചെയ്‌തത്‌ പ്രതിപക്ഷത്തിന്റെ അഴിമതിയായിരുന്നു. വയനാട്ടിലെ ദുരന്തബാധിതർക്കായി പിരിച്ച പണം മുക്കിയ പാർടി എന്ന വിമർശം തെരഞ്ഞെടുപ്പ്‌ ദിവസവും നാട്‌ ചർച്ചചെയ്‌തു. ഹരിയാനയിലെ സീറ്റിന്‌ കോഴ വിവാദത്തിൽ ഉന്നത കോൺഗ്രസ്‌ നേതാക്കൾക്കുള്ള പങ്കും നിഷേധിക്കാനായിട്ടില്ല. വികസന പദ്ധതികളെയെല്ലാം എതിർക്കുന്ന പ്രതിപക്ഷത്തിന്റെ ശീലവും ചർച്ചയായി.


സംസ്ഥാനത്തെ വികസനം ജനങ്ങളെ സ്വാധീനിച്ചിട്ടുണ്ട്‌ എന്നുറപ്പ്‌. ഇ‍ൗ നേട്ടങ്ങൾ തുടരാനാണ്‌ എൽഡിഎഫ്‌ വോട്ടുചെയ്‌തത്‌. കോവിഡ്‌ കാലവും നിപായും പ്രളയവും മുണ്ടക്കൈ ദുരന്തവും നേരിട്ട്‌ പത്തുവർഷം പൂർത്തിയാക്കുന്ന സർക്കാരിനെതിരെ ഭരണവിരുദ്ധവികാരമില്ല എന്നത്‌ കോൺഗ്രസ്‌ നേതാക്കളും സമ്മതിക്കുന്നു. തുടർഭരണമുണ്ടാകുമെന്ന മുൻ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെ വാക്കുകളും സൂചനയാണ്‌. മെയ്‌ നാലുവരെ ഇനി കാത്തിരിപ്പാണ്‌. തെരഞ്ഞെടുപ്പുകാലത്ത്‌ ഇവിടെത്തി ഇല്ലാക്കഥകൾ പറഞ്ഞ്‌ കേരളത്തെ അപമാനിക്കാൻ ശ്രമിച്ച കോൺഗ്രസ്‌ നേതാക്കൾക്കുള്ള ജനങ്ങളുടെ കനത്ത മറുപടികൂടിയാകുമിത്‌.


ജനഹിതം എല്‍ഡിഎഫിന്റെ 
മൂന്നാം ഊഴത്തിന്: 
ബിനോയ് വിശ്വം


തിരുവനന്തപുരം: എല്‍ഡിഎഫിന്റെ മൂന്നാം ഊഴത്തിനായാണ് ജനങ്ങളെല്ലാം വോട്ട് ചെയ്തതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എല്ലാ ജില്ലയിലും വോട്ടര്‍മാര്‍ക്ക് ഒരേ മനസ്സാണ്. വിജയിക്കേണ്ടത് ഇടതുപക്ഷമാണെന്ന് അവരെയെല്ലാം ബോധ്യപ്പെടുത്തിയിട്ടുണ്ട്. 10 കൊല്ലത്തെ ജീവിതാനുഭവം, വലതുപക്ഷ ഭീഷണി മുഴക്കുന്ന ബിജെപിയുടെ കടന്നുവരവും അവര്‍ക്ക് ചൂട്ട് പിടിക്കുന്ന കേരളത്തിലെ കോണ്‍ഗ്രസും ജനങ്ങള്‍ക്ക് മുന്നിലുണ്ട്. അതുകൊണ്ട് ബിജെപിയെയും കൂട്ടാളിയായി മാറിയ കോണ്‍ഗ്രസിനെയും പരാജയപ്പെടുത്തിയേ മുന്നോട്ട് പോകാനാകൂ എന്ന് എല്ലാവര്‍ക്കും ബോധ്യമുണ്ടെന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട്‌ പറഞ്ഞു.


ജനങ്ങൾ എൽഡിഎഫിനെ 
ചേർത്തുപിടിക്കും: ജോസ്‌ കെ മാണി


പാലാ: ജനങ്ങളെ ചേർത്തുപിടിച്ച എൽഡിഎഫിനെ തെരഞ്ഞെടുപ്പിൽ ജനങ്ങളും ചേർത്തുപിടിക്കുമെന്ന്‌ കേരള കോൺഗ്രസ്‌ എം ചെയർമാനും പാലായിലെ എൽഡിഎഫ്‌ സ്ഥാനാർഥിയുമായ ജോസ്‌ കെ മാണി. വോട്ട്‌ ചെയ്‌ത ശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഏതു പ്രതിസന്ധിയിലും ഒപ്പമുണ്ടായിരുന്ന എൽഡിഎഫ്‌ സർക്കാരിനെ ജനം ഹൃദയത്തിൽ സൂക്ഷിക്കും. തുടർഭരണം ഉറപ്പാണ്‌. കഴിഞ്ഞ പ്രാവശ്യം കിട്ടിയതിനേക്കാൾ സീറ്റ്‌ കേരള കോൺഗ്രസ്‌ എമ്മിന്‌ ലഭിക്കും. പാലായിലെ ജനങ്ങളിൽ പൂർണ വിശ്വാസമുണ്ട്‌.


വാഗ്‌ദാനങ്ങൾ നിറവേറ്റാത്ത സാഹചര്യങ്ങൾ കേരളം കണ്ടിട്ടുണ്ട്‌. എന്നാൽ, എൽഡിഎഫ്‌ എല്ലാ വാഗ്‌ദാനങ്ങളും നിറവേറ്റുകയും പ്രതീക്ഷക്കപ്പുറമുള്ള വികസനങ്ങൾ നടപ്പാക്കുകയും ചെയ്‌തെന്നും ജോസ്‌ കെ മാണി പറഞ്ഞു.


പിതാവ്‌ കെ എം മാണിയെ അനുസ്‌മരിച്ച്‌ ഫേസ്‌ബുക്കിലിട്ട പോസ്‌റ്റിനു താഴെ അതിരൂക്ഷമായ സൈബർ ആക്രമണമാണ്‌ നടക്കുന്നത്‌. വ്യക്തിഹത്യ മാത്രം ലക്ഷ്യമിട്ട്‌ ആസൂത്രിതവും സംഘടിതവുമായ രീതിയിലാണ്‌ രാഷ്‌ട്രീയ എതിരാളികൾ കമന്റുകളിടുന്നത്‌. ഇത്‌ അങ്ങേയറ്റം വേദനാജനകമാണെന്നും ജോസ്‌ കെ മാണി പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home