print edition 'ദിനേശ്’ പിടിക്കാൻ ചെയർമാനെ പുറത്താക്കി സർക്കാർ

കണ്ണൂർ: അരനൂറ്റാണ്ടിലധികം പ്രവർത്തന പാരമ്പര്യമുള്ള കണ്ണൂരിലെ കേരള ദിനേശ് ബീഡി വർക്കേഴ്സ് സെൻട്രൽ സഹകരണ സൊസൈറ്റിയും യുഡിഎഫ് സർക്കാർ പിടിച്ചടക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ നോക്കുകുത്തിയാക്കി, കേന്ദ്ര സംഘം ചെയർമാൻ എം കെ ദിനേശ്‌ബാബുവിനെ സർക്കാർ പുറത്താക്കി. കണ്ണൂർ ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ പി പ്രേംരാജാണ് പുതിയ ചെയർമാൻ.
57 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ജനാധിപത്യ അട്ടിമറി. മുന്പ് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോഴൊന്നും ദിനേശിന്റെ ഭരണകാര്യങ്ങളിൽ ഇടപെട്ടിരുന്നില്ല. സർക്കാർ മാറുന്നതിനനുസരിച്ച് ഇടപെടൽ ഉണ്ടായിട്ടില്ല.
പ്രാഥമിക സംഘങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന അഞ്ചുപേരും ചെയർമാനും സർക്കാർ നോമിനിയായ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരും അടങ്ങിയതാണ് കേന്ദ്ര സംഘത്തിന്റെ ഭരണസമിതി.
ആദ്യ ചെയർമാനായിരുന്ന ജി കെ പണിക്കർ മരണംവരെ 27 വർഷം ദിനേശിന്റെ ചെയർമാനായിരുന്നു. സി വി കുഞ്ഞിരാമൻ 10 വർഷവും സി രാജൻ 13 വർഷവും ഇപ്പോഴത്തെ ചെയർമാൻ എം കെ ദിനേശ്‌ബാബു ആറു വർഷവും തലപ്പത്തുണ്ടായി.
ആറായിരം പേർക്ക് നേരിട്ടും പതിനായിരത്തോളം പേർക്ക് പരോക്ഷമായും ജോലി നൽകുന്നുണ്ട് ദിനേശ്. ഐടി, അപ്പാരൽ, ഭക്ഷ്യസംസ്‌കരണം തുടങ്ങിയ മേഖലകളിലും പ്രവർത്തിക്കുന്നു. വിരമിക്കുന്ന തൊഴിലാളികൾക്ക് ആനുകൂല്യം നൽകാനും മറ്റു വികസന പ്രവർത്തനങ്ങൾക്കുമായി പുതിയ വായ്‌പാ നടപടി ഭരണസമിതി ആലോചിക്കുന്നതിനിടെയാണ് സർക്കാർ കടന്നുകയറ്റം.
വായ്‌പ വാങ്ങുന്നതിനെതിരെ കണ്ണൂർ ഡിസിസി നേതൃത്വം സർക്കാരിന് പരാതി നൽകിയിട്ടുണ്ട്. ഗ്രാറ്റുവിറ്റി അടക്കമുള്ള വിരമിക്കൽ ആനുകൂല്യങ്ങളെ സർക്കാർ ഇടപെടൽ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ് തൊഴിലാളികൾ.










0 comments