Deshabhimani

അടൂർ പ്രകാശിന്റെ ഏറ്‌ മർമ്മത്ത്‌ കൊണ്ടു; ചേരിതിരിഞ്ഞ്‌ പോർവിളി തുടങ്ങി

adoor prakash
വെബ് ഡെസ്ക്

Published on Oct 02, 2026, 03:20 PM | 2 min read

തിരുവനന്തപുരം: ​ഭരണത്തിലാണെങ്കിലും അല്ലെങ്കിലും കോൺഗ്രസിൽ കാര്യങ്ങൾക്ക്‌ ഒരു മാറ്റവുമില്ല. അടൂർപ്രകാശിന്റെ ഏറ്‌ മർമ്മത്ത്‌ തന്നെയാണ്‌ കൊണ്ടത്‌. കേൾക്കാൻ കാത്തിരുന്ന പോലെ ഒരു വിഭാഗം ചാടിയെണീറ്റ്‌ പിന്തുണച്ചു. പരസ്യമായി വിഴുപ്പലക്കിയതിൽ പരാതിയുമായി ഒരു വിഭാഗം രംഗത്തുവന്നു. പരസ്‌പരം ആരോപണങ്ങളായി, പ്രത്യാരോപണങ്ങളായി. മുറിവേറ്റ സതീശൻ അനുകൂലികൾ കവചമൊരുക്കാനും ഇറങ്ങിയിട്ടുണ്ട്‌. മുഖ്യമന്ത്രി സ്ഥാനത്തിനായി നടന്ന പോരിനേക്കാൾ കടുക്കുന്ന നിലയിലേക്ക്‌ തമ്മിലടി മൂർഛിക്കുകയാണ്‌.


മുഖ്യമന്ത്രി വി ഡി സതീശന്റെ ഏകാധിപത്യത്തിനെതിരെ കെപിസിസി ഓഫീസിൽ മാധ്യമങ്ങളെ വിളിച്ചുകൂട്ടിയാണ്‌ കഴിഞ്ഞദിവസം യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് തുറന്നടിച്ചത്‌. കൺവീനറെ അനുകൂലിച്ചും പ്രതികൂലിച്ചും തലമുതിർന്ന നേതാക്കളടക്കമുള്ളവർ രംഗത്തു വന്നു. മന്ത്രിമാരായ എ പി അനിൽകുമാർ, കെ മുരളീധരൻ, റോജി എം ജോൺ എന്നിവരും രാജ്‌മോഹൻ ഉണ്ണിത്താനും കൺവീനറുടെ വാക്കുകൾ തള്ളി. എന്നാൽ, സ്‌പീക്കർ തിരുവഞ്ചൂരും ദീപ്തി മേരി വർ​ഗീസും ജെബി മേത്തറുമെല്ലാം അനുകൂലിച്ചു.


പതിവുശൈലിയിൽ വി ഡി സതീശൻ ഇക്കാര്യത്തിൽ മ‍ൗനവ്രതത്തിലാണ്‌. ഇതിനിടെ, പറഞ്ഞതിൽ ഒരടി പിന്നോട്ടില്ലെന്ന്‌ വ്യക്തമാക്കി വെള്ളിയാഴ്‌ച അടൂർപ്രകാശ്‌ പോരിനു തന്നെയാണെന്ന്‌ ഉറപ്പിച്ചത്‌ കാര്യങ്ങൾ ഒന്നുകൂടി കൊഴുപ്പിച്ചു. തന്റെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് വാർത്താസമ്മേളനത്തിൽ കാര്യങ്ങൾ പങ്കുവെച്ചതെന്നും എഐസിസി നേതൃത്വത്തെ കാര്യങ്ങൾ ധരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.


പാർടിക്കുള്ളിലെ ഭിന്നതകൾ മാധ്യമങ്ങൾക്ക് മുന്നിൽ ചർച്ച ചെയ്യേണ്ടിയിരുന്നില്ല എന്നായിരുന്നു മന്ത്രി എ പി അനിൽകുമാറിന്റെ പ്രതികരണം. അഭിപ്രായം പറയേണ്ടത് പാർടിക്കുള്ളിലാണ്. മന്ത്രസഭാ ചർച്ചകൾക്ക് രഹസ്യസ്വഭാവമുണ്ട്. അത് പുറത്തുപറയേണ്ടതില്ല. തീരുമാനമെടുത്ത് കഴിഞ്ഞാൽ മാധ്യമങ്ങളെ അറിയിക്കും. മുഖ്യമന്ത്രി പറഞ്ഞ് കഴിഞ്ഞാൽ അത് സർക്കാരിന്റെ തീരുമാനമാണെന്നും അനിൽകുമാർ പറഞ്ഞു.


അറിയിക്കേണ്ട കാര്യങ്ങൾ മുഖ്യമന്ത്രി എന്നെ അറിയിക്കാറുണ്ടെന്നായിരുന്നു കെ മുരളീധരൻ പറഞ്ഞത്‌. മുമ്പ് പത്രത്തിൽ കൂടിയാണ് അറിയുന്നത് എന്ന് പരാതി പറഞ്ഞയാളാണ്‌ മുരളീധരൻ.


കേരളത്തിലെ സാധാരണ പ്രവർത്തകരോട് എന്തെങ്കിലും അനീതി കാണിക്കുന്നുണ്ടെങ്കിൽ അതിനെതിരെ പോരാടേണ്ട യുഡിഎഫ് കൺവീനർ വ്യക്തിപരമായ താത്പര്യങ്ങൾ മാത്രം ഉയർത്തിപ്പിടിച്ച് സർക്കാരിനെ പ്രതിരോധത്തിലാക്കുന്നു എന്നായിരുന്നു ഉണ്ണിത്താന്റെ പ്രതികരണം. പരാതികളുണ്ടെങ്കിൽ പാർടിക്കുള്ളിൽ പറയണമെന്നും വിമർശിച്ചു. ഇത്തരം പ്രതികരണങ്ങൾ കോൺഗ്രസിന്റെ നന്മ ലാക്കാക്കിയല്ല. പാർടി പുനഃസംഘടന നടത്താത്തത് വീഴ്ചയാണെന്നും ഉണ്ണിത്താൻ പറഞ്ഞു.


മാന്യമായ നിലപാടുകൾ ഉണ്ടാകണം എന്നാണ് ആ​ഗ്രഹിക്കുന്നതെന്നാണ്‌ അടൂർ പ്രകാശിനെ അനുകൂലിച്ച്‌ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞത്‌. പറയേണ്ടത് കൃത്യമായി പറയണം. ജനങ്ങൾ അധികാരത്തിലേറ്റിയ സർക്കാർ എല്ലാ അവരോട് തുറന്ന് പറയേണ്ടതുണ്ട്. അത് ഉണ്ടാകുമെന്നാണ് കരുതുന്നത്. പരസ്പരം ചർച്ചചെയ്ത് എല്ലാ കാര്യങ്ങളും തീരുമാനിക്കണമെന്നും കൂടിയാലോചനകൾ വേണമെന്നും തിരുവഞ്ചൂർ പറഞ്ഞു.


അടൂർ പ്രകാശിനെ പിന്തുണച്ച് വനിതാ നേതാക്കളായ ദീപ്തി മേരി വർ​ഗീസും ജെബി മേത്തറും രംഗത്തുവന്നു. ഉൾപാർടി ജനാധിപത്യം കോൺ​ഗ്രസ് അനുവദിക്കുന്നുണ്ടെന്നും വിമർശനങ്ങൾ ഉണ്ടെങ്കിൽ നേതാക്കൾ കൂടിയാലോചിക്കട്ടെയെന്നും ദീപ്‌തി പ്രതികരിച്ചു. തുറന്നുപറയാനുള്ള എല്ലാ അവകാശവും അടൂർ പ്രകാശിനുണ്ട് എന്നാണ്‌ ജെബി പറഞ്ഞത്‌. മഹിളാ കോൺ​ഗ്രസ് കഴിഞ്ഞ മൂന്ന് മാസമായി കെപിസിസി എക്സിക്യൂട്ടീവ് വിളിക്കാൻ ആവശ്യപ്പെടുകയും ഇതു സംബന്ധിച്ച് കെപിസിസി പ്രസിഡന്റിന് കത്ത് നൽകുകയും ചെയ്‌തതാണ്‌. മുതിർന്ന നേതാവെന്ന നിലയിൽ അടൂർ പ്രകാശിന് അദ്ദേഹത്തിന്റെ തീരുമാനങ്ങളുണ്ടാകുമെന്നും ജെബി പറഞ്ഞു.


അതിവേഗതയിൽ ശരിയായ ദിശയിൽ പറക്കുന്ന വിമാനത്തിലെ മുഖ്യ പൈലറ്റിനെ സഹപൈലറ്റ് കുത്തി വിമാനം തകർക്കാൻ ശ്രമിച്ചത് പോലെയായിരുന്നു ഒരു വാർത്താസമ്മേളനം എന്നാണ് ബിആർഎം ഷെഫീർ പറഞ്ഞത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home