print edition തീരദേശ ഹൈവേയും അട്ടിമറിച്ചു

നിർമാണം പൂർത്തിയായ മുഹ്യുദ്ദീൻപള്ളി– കെട്ടുങ്ങൽ തീരദേശപാത
എസ് കിരൺബാബു
Published on Oct 18, 2026, 01:30 AM | 2 min read
തിരുവനന്തപുരം : തീരദേശ മേഖലയുടെയും ടൂറിസത്തിന്റെയും സമഗ്ര വികസനം ലക്ഷ്യമിട്ട് മുൻ എൽഡിഎഫ് സർക്കാർ വിഭാവനം ചെയ്ത തീരദേശ ഹൈവേ അട്ടിമറിച്ച് യുഡിഎഫ-് സർക്കാർ. ഭൂമിയേറ്റെടുക്കൽ നിർത്തിവയ്ക്കാനും ഭൂരിഭാഗം റീച്ചുകളിലെയും നിർമാണം തടഞ്ഞുവയ്ക്കാനും സർക്കാർ നിർദേശം നൽകിയതായി വിവരാവകാശരേഖ. ആഗസ്റ്റ് 13 ചേർന്ന കിഫ്ബി ബോർഡ് യോഗമാണ് കേരള റോഡ് ഫണ്ട് ബോർഡിന് നിർദേശം നൽകിയത്.
കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള തീരദേശ പാതയിൽ കോഴിക്കോട്ടും കൊല്ലത്തുമായി 25.8 കിലോമീറ്ററിൽ മാത്രമാണ് കരാറായത്. ബാക്കി 96 ശതമാനം വരുന്ന റീച്ചുകളിലെയും നടപടി മരവിപ്പിച്ചതോടെ ഫലത്തിൽ പദ്ധതി തന്നെ അനിശ്ചിതത്വത്തിലായി.
കോഴിക്കോട് ജില്ലയിലെ വടകര (7.8 കിമീ), കോഴിക്കോട് സൗത്ത് (10.60 കിമീ), കൊല്ലം ജില്ലയിലെ തങ്കശേരി–പള്ളിത്തോട്ടം–ഇരവിപുരം (7.4 കിമീ) റീച്ചുകൾ മാത്രമാണ് കരാറായത്. കാസർകോട്ടെ വലിയപറമ്പ് പാലമാണ് നിർമാണത്തിലുള്ളത്.
കല്ലിടൽ പോലും നടക്കാത്ത 260- കിലോമീറ്റർ ഭാഗത്തെ പദ്ധതികൾ റദ്ദാകും. ഇവിടെ അതിർത്തിക്കല്ലുകൾ സ്ഥാപിച്ച് സർക്കാർ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. തീരദേശവാസികളുടെ ഇൗ ഭൂമി നിയമക്കുരുക്കിലായി. വിജ്ഞാപനം വന്ന സർവേ നമ്പറുകളായതിനാൽ ഭൂമി മറ്റൊരാൾക്ക് വിൽക്കാനോ, ബാങ്കുകളിൽ പണയംവെച്ച് വായ്പയെടുക്കാനോ, പഞ്ചായത്ത് അനുമതിയോടെ പുതിയ വീട് നിർമിക്കാനോ കഴിയില്ല. പദ്ധതി മരവിപ്പിച്ചതിനാൽ സർക്കാരിൽനിന്ന് നഷ്ടപരിഹാരമോ വാഗ്ദാനം ചെയ്ത പുനരധിവാസ പാക്കേജോ ലഭിക്കില്ല.
സർക്കാർ ഔദ്യോഗികമായി ഡി-നോട്ടിഫിക്കേഷൻ നടത്തി ഭൂമിയുടെ ബാധ്യത ഒഴിവാക്കുന്നത് വരെ ഇവർ ദുരിതത്തിലാകും.
റോഡ് വികസനത്തോടൊപ്പം തീരദേശ സമ്പദ്വ്യവസ്ഥയെ മാറ്റിമറിക്കാൻ വിഭാവനം ചെയ്ത പദ്ധതിയാണിത്. ഓരോ 50 കിലോമീറ്റർ ഇടവിട്ട് 12 ബീച്ച് ടൂറിസം കേന്ദ്രങ്ങളാണ് വിഭാവനം ചെയ്തിരുന്നത്. ഒപ്പം തീരദേശ ഗ്രാമങ്ങളെ പരസ്പരം കോർത്തിണക്കുന്ന സാമ്പത്തിക ഇടനാഴിയും ആകേണ്ടതായിരുന്നു.
തലൈവരുടെ മാസ് കിഫ്ബിയുടെ ക്ലാസ്
റോഡും പാലവും സിനിമകളിൽ നേരത്തേയും കണ്ടിട്ടിട്ടുണ്ട്. എന്നാൽ, ജയിലർ 2-വിലെ കേരള ലൊക്കേഷനുകൾ തലൈവരുടെ സ്റ്റൈലിനൊപ്പം കിടപിടിക്കുന്ന തനി കേരള സ്റ്റൈൽ. യുഡിഎഫ് സർക്കാർ തകർക്കാൻ ശ്രമിക്കുന്ന കിഫ്ബി മുഖംമാറ്റിയ കേരളത്തിന്റെ വികസന കാഴ്ചകളാണ് വ്യാഴാഴ്ച തിയറ്ററുകളിലെത്തിയ ജയിലർ 2 സിനിമയ്ക്കൊപ്പം പാൻ ഇന്ത്യൻ ഹിറ്റായിക്കൊണ്ടിരിക്കുന്നത്.
കോഴിക്കോട്, കൊച്ചി, അതിരപ്പിള്ളി വെള്ളച്ചാട്ടം, അട്ടപ്പാടി തുടങ്ങിയ പ്രധാന സ്ഥലങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. തീരദേശ ഹൈവേ, കോഴിക്കോട്, മലപ്പുറം റോഡുകളെല്ലാം സിനിമയിൽ ഇടംപിടിച്ചു. 3,267.20 കോടി രൂപയാണ് തീരദേശ ഹൈവേ വികസനത്തിനായി കിഫ്ബി വഴി ചെലവഴിച്ചത്. റോഡുകൾക്കും പാലങ്ങൾക്കുമായി 21,624.03 കോടിയിലേറെ വകയിരുത്തി.
മൂന്നുകോടിയിലേറെ ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തി ദീപാലംകൃതമാക്കിയ ഫറോക്ക് പഴയപാലവും പുതിയ പാലവും ചിത്രത്തിൽ ഇടംപിടിച്ചു. ലൊക്കേഷനിൽ നിന്നുള്ള അന്നത്തെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ ചിത്രവും ഫെയ്സ്ബുക്ക് പോസ്റ്റും ഷൂട്ടിങ് സമയത്തുതന്നെ വൈറലായിരുന്നു. നെൽസൺ സംവിധാനം ചെയ്ത ജയിലർ 2 വിന് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. രജനികാന്തിന്റെ മാസിനൊപ്പം കണ്ണഞ്ചിപ്പിക്കുന്ന പശ്ചാത്തലം ഒരുക്കിയ കേരളത്തിന്റെ വികസനത്തിന് അഞ്ചിൽ അഞ്ച് റേറ്റിങ്ങും!









0 comments