print edition ബിജെപി കോർ കമ്മിറ്റി നാളെ; വിവാദങ്ങളൊതുക്കാൻ ഉന്നത നേതാവിന്റെ ഇടപെടൽ


വി എസ് വിഷ്‌ണുപ്രസാദ്
Published on Aug 09, 2026, 02:18 AM | 1 min read
തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പ്രചാരണ ഫണ്ട് കുംഭകോണം ഉൾപ്പെടെ വിവാദങ്ങൾ കത്തിനിൽക്കുന്ന സാഹചര്യത്തിൽ ബിജെപി കോർ കമ്മിറ്റിയോഗം തിങ്കളാഴ്‌ച തിരുവനന്തപുരത്ത് ചേരുന്നു. അതിനുമുന്നോടിയായി അഖിലേന്ത്യ സംഘടനാ സെക്രട്ടറി ബി എൽ സന്തോഷിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ നേതാക്കളുടെ അടിയന്തരയോഗം ചേർന്നതായി വിവരം. രണ്ടുദിവസമായി കേരളത്തിലുള്ള സന്തോഷ് നേതാക്കളെ കൊച്ചിയിലേക്ക് വിളിപ്പിച്ച് സമവായ ചർച്ച നടത്തിയെന്നാണ് വിവരം. വിദേശത്തായിരുന്ന രാജീവ് ചന്ദ്രശേഖർ കൊച്ചിയിലെത്തി സന്തോഷുമായി കൂടിക്കാഴ്‌ച നടത്തി.
നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം കോർ കമ്മിറ്റി ചേർന്നിട്ടില്ല. ഫണ്ട് കുംഭകോണം പുറത്തുവന്നതോടെ പ്രസിഡന്റ് കമ്മിറ്റി വിളിച്ചുചേർക്കുന്നത് നീട്ടിക്കൊണ്ടുപോയിരുന്നു. ജൂലൈ 29ന് സംസ്ഥാന ഭാരവാഹികളുടെ യോഗത്തിൽ ഫണ്ട് വെട്ടിപ്പ് സ്ഥിരീകരിക്കുന്ന നിലയിലാണ് പ്രസിഡന്റ് സംസാരിച്ചതത്രേ. പക്ഷേ, നടപടിയുണ്ടാകില്ലെന്നും എല്ലാം ജനം മറക്കുമെന്നുമുള്ള നിലപാടാണ് പ്രസിഡന്റ് സ്വീകരിച്ചതെന്നും നേതാക്കൾ പറയുന്നു. അതിനുശേഷമാണ് കോർ കമ്മിറ്റി വിളിക്കാൻ തീരുമാനിച്ചത്. ഫണ്ട് വെട്ടിപ്പ് പുറത്തറിയരുതെന്ന താക്കീതാണ് കേന്ദ്രനേതൃത്വം നൽകിയത്. പണം നഷ്‌ടമായെന്ന് സമ്മതിച്ചാൽ പണമിടപാടുകളുടെ വിവരം വിശദമാക്കേണ്ടിവരും.










0 comments