print edition വിരൽത്തുമ്പിൽ "കേരള ബാങ്കിങ്' ; ഇടപാടുകൾക്ക് കർശന സുരക്ഷ

തിരുവനന്തപുരം : കേരള ബാങ്ക് പുതുതായി അവതരിപ്പിക്കുന്ന ഇന്റർനെറ്റ് ബാങ്കിങ് സേവനങ്ങൾ മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ, ബംഗാളി എന്നീ അഞ്ചു ഭാഷകളിൽ ലഭ്യമാകും. ഭാഷാപരമായ തടസ്സങ്ങളില്ലാതെ സാധാരണക്കാർക്കും അതിഥിത്തൊഴിലാളികൾക്കും ഉൾപ്പെടെ സേവനങ്ങൾ ഉപയോഗിക്കാനാകും. ചെക്ക് ബുക്കിനുള്ള അപേക്ഷ, വ്യക്തിഗത ഇടപാടുകാർക്ക് എടിഎം കാർഡ് കൈകാര്യം ചെയ്യൽ, ഇടപാടുകളുടെ പരിധി സ്വന്തമായി നിശ്ചയിക്കൽ എന്നിവയും ഇതിലൂടെ സാധ്യമാകും. ശാഖകളിൽ പോകാതെതന്നെ സ്ഥിരനിക്ഷേപം ആരംഭിക്കാനും നിലവിലെ നിക്ഷേപങ്ങളുടെയും വായ്പകളുടെയും സമഗ്രവിവരങ്ങൾ അറിയാനും സൗകര്യമുണ്ട്.
ഒന്നാം പിണറായി സർക്കാർ അധികാരമേറ്റ 2016 മുതൽ തുടങ്ങി മൂന്നുവർഷത്തിലേറെ സർക്കാരും അനുബന്ധ സ്ഥാപനങ്ങളും നടത്തിയ തീവ്രപരിശ്രമങ്ങൾക്കൊടുവിലാണ് 2019 നവംബർ 29ന് കേരള ബാങ്ക് യാഥാർഥ്യമായത്. ലയന നടപടികളുടെ ഭാഗമായ പ്രശ്നങ്ങൾക്കുപുറമെ പ്രളയവും കോവിഡും പ്രതിസന്ധി സൃഷ്ടിച്ച വേളയിൽ 13 ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ച് ഏകീകൃത സംവിധാനം എന്ന കഠിനയത്നമാണ് ലക്ഷ്യത്തിലെത്തുന്നത്.









0 comments