വെക്കേഷൻ അടിപൊളിയാക്കാം; ക്രാഫ്റ്റ്‌സ് വില്ലേജിൽ 'കലപില' സമ്മർ ക്യാമ്പ്

കോവളം: കോവളം കേരള ആർട്‌സ് ആൻഡ് ക്രാഫ്റ്റ്‌സ് വില്ലേജിൽ (KACV) കുട്ടികൾക്കായി സംഘടിപ്പിക്കുന്ന 'കലപില' സമ്മർ ക്യാമ്പിലേക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. ഡിജിറ്റൽ ലോകത്തെ തിരക്കുകളിൽ നിന്ന് മാറി കേരളത്തിന്റെ തനതായ ഗ്രാമീണ അന്തരീക്ഷത്തിൽ കലയെയും സർഗ്ഗാത്മകതയെയും നേരിട്ടറിയാൻ അവസരമൊരുക്കുന്ന രീതിയിലാണ് ക്യാമ്പ് വിഭാവനം ചെയ്തിരിക്കുന്നത്. പരമ്പരാഗത കരകൗശല വിദ്യകളെയും കലാരൂപങ്ങളെയും ആധുനിക സാങ്കേതികവിദ്യയുമായി കൂട്ടിയിണക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വർഷത്തെ ക്യാമ്പ് ഒരുക്കിയിരിക്കുന്നത്.
പാരമ്പര്യ കലകളും പുതുതലമുറ സാങ്കേതികവിദ്യയും തമ്മിലുള്ള അകലം കുറയ്ക്കുന്നതിനായി ഇത്തവണ റോബോട്ടിക് വർക്ക്‌ഷോപ്പും ക്യാമ്പിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. അത്യാധുനിക റോബോട്ടിക്‌സ് സാങ്കേതികവിദ്യ സർഗ്ഗാത്മകമായ രീതിയിൽ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും കരകൗശല വിദ്യകളുമായി ഇവയെ എങ്ങനെ കോർത്തിണക്കാമെന്നും കുട്ടികൾക്ക് ഈ സെഷനിലൂടെ പഠിക്കാനാകും. ശാസ്ത്രീയമായ അറിവിനൊപ്പം കലാപരമായ കാഴ്ചപ്പാടുകളും കുട്ടികളിൽ വളർത്താൻ ഈ വർക്ക്‌ഷോപ്പ് സഹായിക്കുമെന്ന് ക്രാഫ്റ്റ് വില്ലേജ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ടി യു ശ്രീപ്രസാദ് വ്യക്തമാക്കി.
മികച്ച കലാകാരന്മാരിൽ നിന്ന് നേരിട്ട് വിദ്യകൾ അഭ്യസിക്കാനും സംവേദനാത്മക സെഷനുകളിലൂടെ കേരളത്തിന്റെ സർഗ്ഗാത്മക പൈതൃകത്തെക്കുറിച്ച് ആഴത്തിലുള്ള അറിവ് നേടാനും ക്യാമ്പ് അവസരമൊരുക്കുന്നു. ഗ്രാമീണ അന്തരീക്ഷത്തിൽ പുതിയ വൈദഗ്ധ്യങ്ങൾ ആർജ്ജിക്കുന്നതിനൊപ്പം കുട്ടികളിൽ സംരംഭകത്വ ചിന്തകൾ വളർത്താനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് കലപില സമ്മർ ക്യാമ്പ്. 5 മുതൽ 15 വയസുവരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. ഏപ്രിൽ 21 മുതൽ 26 വരെയും ആയിരിക്കും ക്യാമ്പ്. രജിസ്‌റ്റര്‍ ചെയ്യുന്നതിന് 9288001166, 9288001197 ബന്ധപ്പെടുക.










0 comments