Deshabhimani

print edition കേന്ദ്രത്തിന്‌ ഹൈക്കോടതിയുടെ രൂക്ഷവിമർശം; ‘കേരളത്തിന് എയിംസ് വേണ്ടെന്നാണോ’

kerala highcourt new 1

ഹൈക്കോടതി

വെബ് ഡെസ്ക്

Published on Oct 08, 2026, 01:30 AM | 1 min read

കൊച്ചി : കേരളത്തിന് എയിംസ് അനുവദിക്കുന്നതിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച പ്രതികൂല നിലപാടിനെ അതിരൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ആരോഗ്യരംഗത്ത് കേരളം കെെവരിച്ച മികച്ച നേട്ടം എങ്ങനെയാണ് അയോഗ്യതയാകുന്നതെന്ന്‌ ചീഫ് ജസ്റ്റിസ് ഷൗമെൻ സെൻ, ജസ്റ്റിസ് വി എം ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ചോദിച്ചു.


എയിംസ് സ്ഥാപിക്കുന്നതിനുള്ള നിർദേശം പുനഃപരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ കേന്ദ്രസർക്കാരിനോട്‌ നിർദേശിച്ചു. എയിംസ്‌ സ്ഥാപിക്കുന്നതിനുള്ള സ്ഥലങ്ങളുടെ പട്ടികയിൽ കാസർകോടിനെയും ഉൾപ്പെടുത്താൻ ആവശ്യപ്പെട്ട്‌ കാസർകോട് ജനകീയ കൂട്ടായ്മ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.


കേരളത്തിൽ എയിംസ് സ്ഥാപിക്കാൻ തത്വത്തിൽ അനുമതി നൽകിയിട്ടില്ലെന്നും മികച്ച ആരോഗ്യസംവിധാനമുള്ള സംസ്ഥാനങ്ങൾക്ക് പകരം ദുർബലാവസ്ഥയിലുള്ള സംസ്ഥാനങ്ങൾക്കാണ് മുൻഗണനയെന്നുമുള്ള ഡെപ്യൂട്ടി സോളിസിറ്റർ ജനറലിന്റെ വിശദീകരണമാണ് കോടതിയുടെ വിമർശത്തിനിടയാക്കിയത്.


എല്ലാവർക്കും വൻകിട സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടാനാകില്ലെന്നും ജനസാന്ദ്രതകൂടിയ കേരളത്തിൽ പാവപ്പെട്ടവർ ആശ്രയിക്കുന്ന സർക്കാർ ആശുപത്രികളുടെ പരിമിതികൂടി പരിഗണിക്കണമെന്നും കോടതി ഓർമിപ്പിച്ചു. കേന്ദ്രവിശദീകരണത്തിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി, എയിംസിനുവേണ്ടി നാലുവർഷമായി കേരളം അംഗീകാരം കാത്തിരിക്കുകയല്ലേ എന്നും ചോദിച്ചു. എയിംസിനുവേണ്ടി 11 വർഷമായി ശ്രമം തുടങ്ങിയിട്ട്.


കോഴിക്കോട് കിനാലൂരിൽ 200 ഏക്കറും കണ്ടെത്തി. അവിടെ കേന്ദ്രസംഘത്തെ അയച്ച് സാധ്യതാപഠനം നടത്തണമെന്ന് 2022 മുതൽ ആവശ്യപ്പെടുന്നതാണ്‌. രാജ്യത്ത് പുതുതായി അനുവദിച്ച 22 എയിംസുകളിൽ 18 എണ്ണം പ്രവർത്തനക്ഷമമായി.


നാലെണ്ണം നിർമാണഘട്ടത്തിലാണ്. എന്നിട്ടും കേരളത്തെ അവഗണിക്കുന്നത്‌ വിവേചനമല്ലേയെന്നും കോടതി ചോദിച്ചു. ആരോഗ്യരംഗത്ത് കേരളത്തിന്റെ നേട്ടങ്ങൾ അയോഗ്യതയല്ലെന്നും മുൻഗണനാക്രമത്തിൽ പരിഗണിക്കുമെന്നും ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ വിശദീകരിച്ചു. ഹർജി അടുത്ത മാസം വീണ്ടും പരിഗണിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home