print edition എയ്‌ഡഡ് കോളേജുകളിൽ പുതിയ കോഴ്‌സുകൾ: യുജിസി ചട്ടം ലംഘിച്ച് ശുപാർശ

കോഴിക്കോട് : ചട്ടങ്ങളും യുജിസി മാർഗനിർദേശവും കാറ്റിൽപറത്തി 153 എയ്‌ഡഡ് കോളേജുകളിൽ പുതിയ കോഴ്‌സുകൾ അനുവദിക്കാനുള്ള യുഡിഎഫ് സർക്കാർ നീക്കത്തിന് കുടപിടിച്ച് സർവകലാശാലകൾ. കോഴ്‌സുകൾ അനുവദിക്കാനുള്ള ശുപാർശ സർവകലാശാലകൾ സർക്കാരിന് കൈമാറി. ഇൗയാഴ്‌ച കോഴ്‌സ് അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങുമെന്നാണ് സൂചന. മിന്നൽ വേഗത്തിലാണ് നാല് സർവകലാശാലകളും കോളേജുകളുടെ അപേക്ഷ അംഗീകരിച്ച് സർക്കാരിന് കൈമാറിയത്.
ഉന്നത വിദ്യാഭ്യാസവകുപ്പിൽനിന്നുള്ള പ്രത്യേക താൽപ്പര്യവും സമ്മർദവുമാണ് കാരണം. ഇതിനായുള്ള പരിശോധനകൾ പേരിനുമാത്രം പൂർത്തിയാക്കിയാണ് അപേക്ഷ അനുവദിക്കാമെന്ന ശുപാർശ നൽകിയത്. പുതിയ കോഴ്‌സുകൾ അനുവദിക്കുന്നത് അഴിമതിക്ക് കളമൊരുക്കുന്നതാണെന്ന ആരോപണം ശരിവയ്ക്കുന്നതാണ് സർവകലാശാലകളുടെ ശുപാർശ കൈമാറ്റം.
മാനേജ്‌മെന്റുകളുമായി ബന്ധമുള്ള സിൻഡിക്കറ്റംഗങ്ങളെ ഉൾപ്പെടുത്തിയാണ് പല സർവകലാശാലകളിലും കോളേജുകൾ പരിശോധിക്കാൻ സമിതി രൂപീകരിച്ചത്. വിഷയവിദഗ്‌ധരെയടക്കം ഇതിൽനിന്ന് ഒഴിവാക്കിയിരുന്നു. പുതുതലമുറ വിഷയങ്ങൾക്ക് പകരം മിക്ക കോളേജുകളിലും പതിവ് മാനവിക വിഷയങ്ങളിലാണ് കോഴ്‌സ്. ഇത് സ്വകാര്യ മാനേജ്‌മെന്റുകളുടെ സ്വാധീനത്തിന് വഴങ്ങിയാണെന്നാണ് ആക്ഷേപം. അധ്യാപക നിയമനം ലക്ഷ്യമിട്ടാണിത്. കോടികളാണ് അധ്യാപക നിയമനത്തിന് കോഴ. ഇത് ലക്ഷ്യമിട്ടാണ് സ്വകാര്യ മാനേജ്‌മെന്റ് ലോബിയും ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ ഓഫീസിലെ ഉന്നതരും രംഗത്തിറങ്ങിയിട്ടുള്ളത്.









0 comments