കശ്‌മീർ സ്‌നേഹത്തിന്റെ ലോകമാണ്: പുത്തലത്ത് ദിനേശൻ

കെ ആർ അജയൻ രചിച്ച ചിനാറിൽ ഇളം മഞ്ഞ വെയിൽ എന്ന പുസ്തകം ദേശാഭിമാനി ചീഫ് എഡിറ്റർ ദിനേശൻ പുത്തലത്ത് ഡോ. കെ എസ് രവികുമാറിന് നൽകി പ്രകാശനം ചെയ്യുന്നു. ഫോട്ടോ: നിലിയ വേണുഗോപാൽ
തിരുവനന്തപുരം: കശ്‌മീർ സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ലോകമാണെന്ന് ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ. കെ ആർ അജയന്റെ "ചിനാറിൽ ഇളം മഞ്ഞ വെയിൽ' എന്ന പുസ്തകം പ്രകാശിപ്പിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യസമരകാലത്ത് രാജ്യത്തിന്റെ അതിർത്തിപ്രദേശങ്ങൾ വർഗീയകലാപങ്ങൾക്ക് ഇരയായപ്പോൾ ഏറ്റുമുട്ടലുകളൊന്നും ഇല്ലാതിരുന്ന പ്രദേശമായിരുന്നു കശ്‌മീർ. എന്നാൽ, ഇന്ന് നിരവധി സംഘർഷങ്ങളുടെ ഭൂമികയാണ്. കശ്‌മീർ സ്‌നേഹത്തിന്റെ ലോകമാണെന്ന് യാത്രയ്‌ക്കിടയിൽ കണ്ട സാംസ്‌കാരികവൈവിധ്യങ്ങളിലൂടെ പുസ്തകത്തിൽ അവതരിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
മതത്തെയും അതിന്റെ രീതികളെയും അധികാരത്തിനുവേണ്ടി ഉപയോഗപ്പെടുത്തുകയെന്നതാണ് വർഗീയരാഷ്‌ട്രീയത്തിന്റെ മുഖമുദ്രയായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. എന്നാൽ, സൂഫിസം അധികാരത്തിൽനിന്നും ഭരണകൂടത്തിൽനിന്നും മാറിനിന്നുകൊണ്ട് മനുഷ്യസ്‌നേഹത്തിന്റെയും യോജിപ്പിന്റെയും തലങ്ങളാണ് മുന്നോട്ടുവയ്‌ക്കുന്നത്. സൂഫീപാരമ്പര്യത്തിന്റെ വഴികളും കാഴ്‌ചകളിലൂടെ അവതരിപ്പിക്കുന്നു എന്നത് യാത്രാവിവരണത്തിന്റെ പ്രത്യേകതയാണ്. കശ്‌മീരിന്റെ സാഹിത്യത്തെയും അവിടത്തെ ജനതയുടെ സംസ്‌കൃതിയെയും വിശദീകരിക്കുന്നുവെന്നതും പുസ്തകത്തെ സവിശേഷമാക്കുന്നുവെന്നും പുത്തലത്ത് ദിനേശൻ പറഞ്ഞു.
നിയമസഭ അന്താരാഷ്‌ട്ര പുസ്തകോത്സവത്തിൽ നടന്ന ചടങ്ങിൽ സൈന്ധവ ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകം സാഹിത്യനിരൂപകൻ ഡോ. കെ എസ് രവികുമാറിനു നൽകിയാണ് പ്രകാശിപ്പിച്ചത്. എസ് ദേവകുമാർ, കെ ജി അജിത് കുമാർ, കെ ആർ അജയൻ തുടങ്ങിയവർ സംസാരിച്ചു.










0 comments