print edition കാലിക്കടവ് എംഡിഎംഎ കേസിൽ ഒരു വിദേശികൂടി അറസ്റ്റിൽ

ജീൻ പ്യാരി സെറി
തൃക്കരിപ്പൂർ : മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോ–ഓഡിനേറ്റർ മുഹമ്മദ് ഹുസൈനും സംഘവും ഉൾപ്പെട്ട കാലിക്കടവ് എംഡിഎംഎ കേസിൽ ഒരു വിദേശികൂടി പിടിയിൽ. ഐവറി കോസ്റ്റ് സ്വദേശി ജീൻ പ്യാരി സെറി എന്ന സാമുവൽ ഓസ്റ്റിനെ (38) യാണ് ഉത്തർ പ്രദേശിലെ നോയിഡയിൽനിന്ന് പ്രത്യേക അന്വേഷകസംഘം പിടികൂടിയത്.
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒന്പതായി. നോയിഡയിൽ എംഡിഎംഎ ഉൾപ്പെടെയുള്ള മാരക മയക്കുമരുന്നുകൾ നിർമിച്ച് കേരളത്തിലുൾപ്പെടെ വിതരണം ചെ യ്തിരുന്നത് ജീനായിരുന്നുവെന്ന് ജില്ലാ പൊലീസ് മേധാവി പി നിധിൻരാജ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇയാളിൽനിന്ന് 2,94,000 രൂപയും അഞ്ച് മൊബൈൽ ഫോൺ, 12 എടിഎം കാർഡ് എന്നിവയും പിടികൂടി. കാലാവധി കഴിഞ്ഞ പാസ്പോർട്ടും പിടികൂടി. 2025 മുതൽ അനധികൃതമായി ഇന്ത്യയിൽ തങ്ങുകയായിരുന്നു. ഏപ്രിലിൽ മഞ്ചേശ്വരം പൊലീസ് പിടികൂടിയ 112 ഗ്രാം എംഡിഎംഎ കേസിലും ഇയാളെ പ്രതി ചേർത്തിരുന്നു.
റിമാൻഡിൽ കഴിയുന്ന ഘാന സ്വദേശി വിക്ടർ ഡിസാബ, മുഹമ്മദ് സാബിർ, സൈനുൽ ആ ബിദീൻ എന്നിവർ മുഖേനെയാണ് ഇയാൾ കേ രളത്തിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്നത്. ഇവരുടെ വിതരണ സംഘത്തിൽപ്പെട്ടയാളാണ് മുഹമ്മദ് ഹുസൈനും സംഘവും.
മയക്കുമരുന്നിന്റെ വിൽപ്പനക്ക് മിസോറാം സ്വദേശിയുടെ പേരിലെടുത്ത എസ്ബിഐയുടെ ബാങ്ക് അക്കൗണ്ടിലേക്ക് സൈനുൽ ആബിദീൻ ഭാര്യയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് വഴി പണം അയച്ചതിന്റെ അന്വേഷണമാണ് ഇയാളിലെത്തിയത്.
ഉത്തർ പ്രദേശിൽനിന്ന് പിടികൂടിയ റിയഖാൻ എന്ന സാത്തി ഷേക്ക്, സാബിർ എന്നിവർ മുഖേനെയാണ് എംഡിഎംഎ വിതരണം ചെയ്തത്. കെ എച്ച് മുഹമ്മദ് ഹുസൈൻ, പി എ അബ്ദുൾസലാം, പി എ അബ്ബാസ്, സൈനുൽ ആബിദീൻ, കെ മുഹമ്മദ് സാബീർ, സാത്തി ഷേഖ്, വിക്ടർ ദസാബയ, വിഷ്ണുകുമാർ എന്നിവരാണ് റിമാൻഡിലുള്ളത്.









0 comments