ad
Deshabhimani

കാലടി സർവകലാശാലയിൽ ഗവർണറുടെ പരിപാടി: വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി പങ്കെടുപ്പിക്കാൻ എച്ച്ഒഡി

Governor.jpg
വെബ് ഡെസ്ക്

Published on Apr 21, 2026, 04:13 PM | 1 min read

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ ഗവർണർ രാജേന്ദ്ര അർലേക്കർ പങ്കെടുക്കുന്ന പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് വിദ്യാർത്ഥികൾക്ക് വകുപ്പ് മേധാവിയുടെ ഭീഷണി. വ്യാകരണ വിഭാഗം മേധാവി ഡോ. സുനിൽകുമാറാണ് വിദ്യാർത്ഥികളുടെ വാട്സാപ്പ് ഗ്രൂപ്പിൽ ഭീഷണി സന്ദേശമയച്ചത്.


ഗവർണറുടെ പരിപാടിയോട് സഹകരിക്കാത്തവർക്ക് ഡിപ്പാർട്ട്‌മെന്റിന്റെ ഭാഗത്തുനിന്നുള്ള ആനുകൂല്യങ്ങളും സഹായങ്ങളും ലഭിക്കില്ലെന്നാണ് ഭീഷണി. ശ്രീ ശങ്കര ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ചൊവ്വാഴ്ചയാണ് ഗവർണർ സർവകലാശാലയിൽ എത്തുന്നത്.


പരിപാടിയിൽ പങ്കെടുക്കുന്നുണ്ടോ എന്ന് നോക്കി ബുക്കിൽ നോട്ട് ചെയ്യുമെന്ന് സുനിൽകുമാർ പറഞ്ഞു. ആർഎസി, ഓപ്പൺ ഡിഫൻസ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇനി വരാനിരിക്കുന്നുണ്ട്. ഡിപ്പാർട്ട്‌മെന്റിന്റെ ഭാഗത്തുനിന്നുള്ള സഹകരണം വേണമെങ്കിൽ പരിപാടിയിൽ പങ്കെടുത്തേ മതിയാകൂ.


ഇത് കർശനമായി പറയുകയാണെന്നും ഡോ. സുനിൽകുമാർ അയച്ച സന്ദേശത്തിൽ പറയുന്നു. ഗവർണറുടെ സന്ദർശനവുമായി ബന്ധപ്പെട്ട് സർവകലാശാല നേരത്തെ പുറത്തിറക്കിയ വിചിത്രമായ മാർഗനിർദേശങ്ങൾ വിവാദമായിരുന്നു.


ഗവർണർ വരുമ്പോഴും പോകുമ്പോഴും നിർബന്ധമായും എഴുന്നേറ്റ് നിൽക്കണം, പ്രസംഗം കഴിഞ്ഞാൽ കൈയടിക്കണം, മൊബൈൽ ഫോൺ ഉപയോഗിക്കരുത് തുടങ്ങിയ നിർദേശങ്ങളായിരുന്നു സർക്കുലറിലുണ്ടായിരുന്നത്.


വ്യാപക പ്രതിഷേധം ഉയർന്നതോടെ ഈ സർക്കുലർ പിൻവലിച്ചെങ്കിലും, വകുപ്പ് മേധാവിമാർ വഴി വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി പരിപാടിയിൽ എത്തിക്കാൻ നീക്കം നടക്കുന്നത് സർവകലാശാലയിൽ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home