വെള്ളാർമലയിലെ ഉണ്ണി മാഷ് വന്നു, സ്നേഹോപഹാരം നൽകി മടക്കം; വികാരനിർഭര നിമിഷമെന്ന് കെ രാജൻ

ഉണ്ണി മാഷും കുടുംബത്തോടൊപ്പം കെ രാജൻ (Photo: Facebook)
തൃശൂർ: മുൻ മന്ത്രി കെ രാജനെ സന്ദർശിച്ച് വയനാട് വെള്ളാർമല സ്കൂളിലെ ഉണ്ണ മാഷും കുടുംബവും. വെള്ളാർമല സ്‌കൂളിന്റെ ചിത്രമുള്ള ഫോട്ടോ ഫ്രെയിമുമായാണ് ഉണ്ണിമാഷ് രാജനെ കാണാനെത്തിയത്. സ്കൂളിന്റെ ഫ്രെയിം ചിത്രം കൈമാറിയതോടൊപ്പം തന്നെ കെട്ടിപിടിച്ച് മാഷ് കരഞ്ഞതായി രാജൻ ഫേസ്ബുക്കിൽ കുറിച്ചു.
ഏറെ വൈകാരികമായ നിമിഷമായിരുന്നു അതെന്നും അദേഹം കൂട്ടിച്ചേർത്തു. ഉണ്ണി മാഷിന്റെ കുടുംബത്തോടൊപ്പമുള്ള ചിത്രവും രാജൻ പങ്കുവെച്ചു. തൃശൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചായിരുന്നു കൂടികാഴ്ച. വെള്ളാർമലയിലേയും ചൂരൽ മലയിലേയും ഓരോ ചെറിയ മാറ്റങ്ങളും മുന്നേറ്റവും അറിയിക്കുന്നു എന്നുളത് വലിയ സന്തോഷം നൽകുന്ന ഒന്നാണെന്ന് പറഞ്ഞുകൊണ്ടാണ് അദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പ്;
ഇന്നലെ തിരുവനന്തപുരത്ത് നിന്നും തൃശൂരിലേക്ക് വന്ദേ ഭാരത് ട്രെയിനിൽ വരുമ്പോൾ ഒരു ഫോൺ കോൾ വന്നു. വെള്ളാർമല സ്ക്കൂളിലെ കൂട്ടികളുടെയെല്ലാം പ്രിയങ്കരനായ ഉണ്ണി മാഷായിരുന്നു അത്. തൃശൂരിൽ ഒന്ന് കാണാൻ പറ്റുമോ എന്നാണ് അദ്ദേഹം ചോദിച്ചത്. വന്ദേഭാരതിൽ തൃശൂരിലേക്കുള്ള യാത്രയിൽ ആണെന്ന് പറഞ്ഞു. 8 മണി കഴിയുന്നതോടെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്താമെന്നും പറഞ്ഞു . എന്നാൽ റെയിൽവേ സ്റ്റേഷനിൽ കാത്ത് നിൽക്കാമെന്നായി ഉണ്ണി മാഷ്. അമ്പലപുഴയിലെ വീട്ടിലേക്കുള്ള യാത്രയിലായിരുന്നു ഉണ്ണിമാഷും കുടുംബവും. ഞാൻ വന്നിറങ്ങിയപ്പോൾ ഉണ്ണിമാഷും കുടുംബവും കാത്ത് നിൽക്കുന്നുണ്ടായിരുന്നു. കണ്ടപ്പോൾ സന്തോഷത്തോടെ വന്ന് വെള്ളാർമല സ്ക്കൂളിനു വേണ്ടി ഒരു ഉപഹാരം തരാനാണ് വന്നതെന്ന് പറഞ്ഞു. ഞാൻ അത്‌ഭുതപെട്ടുപോയി. മാഷ് സ്‌കൂളിൻ്റെ ചിത്രമുള്ള ഒരു ഫോട്ടോ ഫ്രെയിം സന്തോഷപൂർവ്വം എനിക്ക് കൈമാറി . കൈമാറി എന്നു മാത്രമല്ല അതിനു ശേഷം കെട്ടിപിടിച്ച് ഉണ്ണിമാഷ് കരഞ്ഞു . പിന്തുണക്കും സ്നേഹത്തിനുമൊക്കെ നന്ദി രേഖപ്പെടുത്തി. വളരെ വികാരനിർഭരമായി മാറിയ നിമിഷമായിരുന്നു അത് . വെള്ളാർമല സ്‌കൂളിൻ്റേയും കുട്ടികളുടേയും ഉയർച്ചക്ക് വേണ്ടി ചെയ്ത സഹായങ്ങളെ കുറിച്ച് വീണ്ടും വീണ്ടും പറഞ്ഞാണ് മാഷ് കരഞ്ഞത്. വെള്ളാർമല സ്‌കൂളിൽ നൂറു ശതമാനം വിജയം നേടിയപ്പോൾ അവരെ വിളിച്ച് സന്തോഷം അറിയിച്ചിരുന്നു . വെള്ളാർമലയിലേയും ചൂരൽ മലയിലേയും ഓരോ ചെറിയ മാറ്റങ്ങളും മുന്നേറ്റവും അറിയിക്കുന്നു എന്നുളത് വലിയ സന്തോഷം നൽകുന്ന ഒന്നാണ് .











0 comments