print edition അന്തസ്സുള്ള ജീവിതത്തിനാണ് ഭരണമെന്ന് തെളിയിച്ചു : കെ ആർ മീര

കോട്ടയം
വിവിധ മേഖലകളിൽ സഹായം ആവശ്യമുള്ള ജനവിഭാഗങ്ങൾക്ക് സർക്കാരിന്റെ കരുതലേറിയ നടപടിയായാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ കാണുന്നതെന്ന് എഴുത്തുകാരി കെ ആർ മീര .
യൂണിയൻ സർക്കാരും ഭരണകക്ഷി ഭരിക്കുന്ന സംസ്ഥാനങ്ങളും ഭരണത്തെ അധികാരം പിടിക്കാനുള്ള മാർഗമായാണ് കാണുന്നത്. അവർക്ക് ഗവേണൻസ് എന്ന പദത്തിന്റെ അർഥവ്യാപ്‌തിയെ കുറിച്ച് ആകുലതയില്ല.എല്ലാവർക്കും വിദ്യാഭ്യാസം, എല്ലാവർക്കും തൊഴിൽ, എല്ലാവർക്കും അന്തസോടെയുള്ള ജീവിതം, ഇത് കൈവരിക്കാനുള്ള മാർഗമാണ് ഭരണവും അധികാരവുമെന്ന് മറ്റു സംസ്ഥാനങ്ങളെയും ഓർമിപ്പിക്കാൻ കേരളത്തിലെ എൽഡിഎഫ് സർക്കാരിന് സാധിക്കുന്നുവെന്നതിൽ സന്തോഷമുണ്ട്. അദൃശ്യമായ തൊഴിലും വിലകൽപ്പിക്കപ്പെടാത്ത അധ്വാനവുമാണ് വീട്ടകങ്ങളിൽ സ്‌ത്രീകളുടെത്.
ഗാർഹിക അധ്വാനമാണ് സമൂഹത്തിന്റെ അടിത്തറയെന്നും സ്‌ത്രീ അവളുടെ അധ്വാനത്തിന് പ്രതിഫലം അർഹിക്കുന്നുണ്ടെന്നും ഏറെകാലമായി നാം ചർച്ച ചെയ്യുന്നുവെങ്കിലും മൂർത്തമായ ചുവടുവെപ്പ് ഇക്കാര്യത്തിൽ നടപ്പിലായിരിക്കുകയാണ്. കേന്ദ്രസർക്കാരിൽ നിന്ന് സംസ്ഥാനങ്ങൾക്ക് അവകാശപ്പെട്ട തുകയും പിന്തുണയും യഥാസമയം ലഭിച്ചിരുന്നുവെങ്കിൽ ഇടതുപക്ഷത്തിന് ഇതിലും മികച്ച മാതൃക സൃഷ്ടിക്കാൻ കഴിയുമായിരുന്നുവെന്ന് തോന്നിപോകുന്നു–കെ ആർ മീര പറഞ്ഞു.










0 comments