print edition കെ എം ബഷീറിന്റെ മരണം: ശ്രീറാം വെങ്കിട്ടരാമന്റെ വിചാരണ മാറ്റി

കൊച്ചി : മാധ്യമപ്രവർത്തകൻ കെ എം ബഷീർ വാഹനമിടിച്ചു കൊല്ലപ്പെട്ട കേസിലെ പ്രതി ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെയുള്ള വിചാരണ നടപടികൾ ഒരുമാസത്തേക്ക് മാറ്റിവയ്ക്കാൻ ഹൈക്കോടതി നിർദേശിച്ചു. കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് ബഷീറിന്റെ ഭാര്യ സി ജസീല സമർപ്പിച്ച ഹർജി തീർപ്പാക്കി ജസ്റ്റിസ് സി എസ് ഡയസാണ് ഉത്തരവിട്ടത്. അഡ്വ. എ ഐ സന്തോഷ് കുമാറിനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കാൻ തത്വത്തിൽ തീരുമാനിച്ചതായി സർക്കാർ അറിയിച്ചു. ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങാൻ വൈകുന്നതിനാലാണ് വിചാരണ നടപടി നീട്ടിവയ്ക്കാൻ കോടതി നിർദേശിച്ചത്.
വിജ്ഞാപനമിറങ്ങുന്നതോടെ വിചാരണ പുനരാരംഭിക്കണമെന്നും നിർദേശിച്ചു. തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതി (4)യിലാണ് വിചാരണ തുടരുക. വിചാരണ ഒന്നാം സെഷൻസ് കോടതിയിൽനിന്ന് നാലിലേക്ക് മാറ്റിയത് റദ്ദാക്കണമെന്ന ആവശ്യത്തിൽനിന്ന് ഹർജിക്കാരി പിന്മാറിയ സാഹചര്യത്തിൽ കോടതിമാറ്റം ഹെെക്കോടതി ശരിവച്ചു.









0 comments