കെ എം ബഷീർ കേസ്; സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു

തിരുവനന്തപുരം: സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ എം ബഷീർ കാറിടിച്ച് കൊല്ലപ്പെട്ട കേസിൽ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു. അഡ്വക്കേറ്റ് സന്തോഷ് കുമാറിനെയാണ് സ്‌പെഷല്‍ പ്രോസിക്യൂട്ടറായി നിയമിച്ചത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും കോടതി മാറ്റണമെന്നും ആവശ്യപ്പെട്ട് ബഷീറിന്റെ കുടുംബം നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് നിയമനം.
ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനാണ് കേസിലെ പ്രതി. തിരുവനന്തപുരം നാലാം അഡീഷനല്‍ സെഷന്‍സ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. ശ്രീറാമിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ രാമന്‍പിള്ളയാണ് ഹാജരാകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. 2019 ആഗസ്ത് മൂന്നിനാണ് കേസിനാസ്പദമായ സംഭവം. ശ്രീറാമും സുഹൃത്തും സഞ്ചരിച്ച കാറിടിച്ചാണ് ബഷീർ കൊല്ലപ്പെടുന്നത്.
പത്തും പതിനൊന്നും സാക്ഷികളായി വിസ്തരിച്ച കേശവദാസപുരം സ്വദേശി ഡോ. അനീഷ് രാജും കുടപ്പനക്കുന്ന് സ്വദേശി ഐഎഎസ് ട്രെയിനി അതുലുമാണ് കഴിഞ്ഞ ദിവസം മൊഴി നല്‍കിയത്. അപകടസമയത്ത് ശ്രീറാം ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രങ്ങള്‍ അദ്ദേഹത്തിന്റെ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റിയതായി ഡോ. അനീഷ് രാജ് മൊഴി നല്‍കി.
വസ്ത്രങ്ങള്‍ കവടിയാറിലെ സിവില്‍ സര്‍വീസ് ക്വാര്‍ട്ടേഴ്‌സില്‍ കൊണ്ടുപോയി വെക്കുകയായിരുന്നു. തുടര്‍ന്ന് പുതിയ വസ്ത്രങ്ങള്‍ ധരിപ്പിച്ച ശേഷമാണ് ശ്രീറാമിനെ ജനറല്‍ ആശുപത്രിയില്‍ നിന്നും കിംസ് ആശുപത്രിയില്‍ എത്തിച്ചതെന്ന് പത്താം സാക്ഷിയായ ഡോ. അനീഷ് രാജ് പറഞ്ഞു. കവടിയാറിലെ ക്വാര്‍ട്ടേഴ്‌സില്‍ വെച്ചിരുന്ന രക്തം പുരണ്ട ഷര്‍ട്ടും നീല ജീന്‍സും പൊലീസിനെ ഏല്‍പ്പിച്ചത് താനാണെന്നായിരുന്നു അതുലിന്റെ മൊഴി. അപകട സ്ഥലത്ത് നിന്ന് ശേഖരിച്ച തെളിവുകൾ കേസിലെ പന്ത്രണ്ടാം സാക്ഷിയായ സജീർ തിരിച്ചറിഞ്ഞിരുന്നു. കേസിലെ ആറാം സാക്ഷിയായ ഓട്ടോ ഡ്രൈവര്‍ ഷെഫീക്ക് കോടതിയിൽ കൂറുമാറി. കേസിൽ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസയച്ചിരുന്നു. കേസിലെ ഏക പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യ, അപകടകരമായും മദ്യപിച്ചും വാഹനമോടിക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.









0 comments