print edition വോട്ടര്‍ പട്ടിക ക്രമക്കേട് മനുഷ്യാവകാശ പ്രതിസന്ധി: ജോസ് കെ മാണി

കേരള കോണ്‍ഗ്രസ് എം ജന്മദിന സമ്മേളനം ചെയര്‍മാന്‍ ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്യുന്നു.
കോട്ടയം : എസ്ഐആറിന്റെ പേരില്‍ രാജ്യത്ത് നടന്ന വോട്ടര്‍ പട്ടിക ക്രമക്കേട് ആഗോള മനുഷ്യാവകാശ പ്രതിസന്ധിയാണെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എംപി. പാർടിയുടെ അറുപത്തിരണ്ടാമത് ജന്മദിന സമ്മേളനം കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തിനാകെ മാതൃകയായി നിലകൊള്ളുന്ന ഇന്ത്യന്‍ ജനാധിപത്യത്തിനേറ്റ തീരാ കളങ്കമാണ് കോടിക്കണക്കിനാളുകള്‍ക്ക് വോട്ടവകാശം നഷ്ടപ്പെട്ടത്.
ഇന്ത്യയിലെ വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കിയവരുടെ എണ്ണം 14 കോടിയിലധികമാണ്. ഇത് ലോകത്ത് ആകെയുള്ള ജനസംഖ്യയുടെ മൂന്ന് ശതമാനത്തോളമാണ്. ഈ വസ്തുതകള്‍ പരിഗണിക്കുമ്പോഴാണ് എത്ര ഭീകരമായ അട്ടിമറിയാണ് വോട്ടര്‍പട്ടികയില്‍ നടന്നതെന്ന് മനസിലാകുക. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അസ്ഥിവാരം തോണ്ടുന്ന നടപടിയാണിതെന്നും ജോസ് കെ മാണി പറഞ്ഞു.
ഇഎസ്‌എ വിഷയവുമായി ബന്ധപ്പെട്ട് 23ന് ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. മെമ്പര്‍ഷിപ്പ് പ്രചാരണത്തിനും തുടക്കം കുറിച്ചു. റോഷി അഗസ്റ്റിന്‍, തോമസ് ചാഴികാടന്‍, ഡോ. എന്‍ ജയരാജ്, ഡോ. സ്‌റ്റീഫൻ ജോര്‍ജ്, ജോണി നെല്ലൂര്‍, ജോബ് മൈക്കിള്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, പ്രമോദ് നാരായണ്‍, പ്രൊഫ ലോപ്പസ് മാത്യു എന്നിവര്‍ സംസാരിച്ചു.









0 comments