print edition യുകെ വിടുന്ന ഇന്ത്യക്കാരുടെ ആശങ്ക പരിഹരിക്കാൻ കേന്ദ്രസർക്കാർ ഇടപെടണം: ജോസ് കെ മാണി

ജോസ് കെ മാണി
കോട്ടയം : യുകെയിലെ കർശനമായ കുടിയേറ്റ- വിസ നയങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലേക്ക് മടങ്ങുന്ന വിദ്യാർഥികളും തൊഴിലാളികളും നേരിടുന്ന ആശങ്കകൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു.
രണ്ട് വർഷത്തിനിടെ യുകെ ഭരണകൂടം വിസാ മാനദണ്ഡങ്ങൾ കർശനമാക്കുകയും ശമ്പള പരിധി ഉയർത്തുകയും ചെയ്തു. ആശ്രിതർക്ക് നിയന്ത്രണങ്ങളും ഏർപ്പെടുത്തി. തുടർന്ന് ആയിരക്കണക്കിന് ഇന്ത്യക്കാർക്ക് തിരിച്ചടി നേരിടേണ്ടിവരുന്നു. ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ പ്രകാരം ഒരു വർഷത്തിനിടെ ഉന്നത വിദ്യാഭ്യാസത്തിനായി യുകെയിലേക്ക് പോയ ഏകദേശം 51,000 വിദ്യാർഥികൾ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ഇതിൽ ഭൂരിഭാഗം മലയാളികളുമുണ്ട്.
ഇന്ത്യൻ വിദ്യാർഥികളും പ്രൊഫഷണലുകളും യുകെയുടെ ഉന്നത വിദ്യാഭ്യാസ മേഖലയ്‌ക്കും തൊഴിൽ മേഖലയ്ക്കും വലിയ സംഭാവന നൽകിയവരാണ്. പുതിയ നയപരിഷ്‌കാരങ്ങൾ അവരുടെ ഭാവിയെ അനിശ്ചിതത്വത്തിലാക്കി.
ഇന്ത്യൻ വിദ്യാർഥികളുടെയും തൊഴിലാളികളുടെയും ആശങ്കകൾ പരിഹരിക്കുന്നതിനായി യുകെ ഭരണകൂടവുമായി ഉചിതമായ നയതന്ത്ര ഇടപെടൽ നടത്തണമെന്ന് അദ്ദേഹം വിദേശകാര്യ മന്ത്രിയോട് ആവശ്യപ്പെട്ടു.
നാട്ടിലേക്ക് മടങ്ങിയെത്തുന്ന ഇന്ത്യക്കാരുടെ പുനരധിവാസത്തിനും ഉൽപാദനപരമായ സാമൂഹിക-സാമ്പത്തിക സംയോജനത്തിനുമായി കേന്ദ്ര സർക്കാർ പ്രത്യേക പദ്ധതികൾ ആവിഷ്‌കരിക്കണം. തൊഴിൽ, സംരംഭകത്വ അവസരങ്ങൾ സൃഷ്ടിച്ച് മടങ്ങിയെത്തുന്ന യുവാക്കളുടെ കഴിവുകൾ രാജ്യത്തിന്റെ വികസനത്തിനായി പ്രയോജനപ്പെടുത്തണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.










0 comments