ജാഥ ഇന്ന് മുവാറ്റുപുഴ, പിറവം, കുന്നത്തുനാട്, പെരുമ്പാവൂർ മണ്ഡലങ്ങളിൽ
print edition കുടിയേറ്റ മണ്ണിൻ മനസ്സിൽ

ജോസ് കെ മാണി എംപി നയിക്കുന്ന എൽഡിഎഫ് മധ്യ മേഖലാ വികസനമുന്നേറ്റ ജാഥയ്‌ക്ക് ഇടുക്കി ദേവികുളം മണ്ഡലത്തിലെ അടിമാലി സെൻട്രൻ ജങ്ഷനിൽ നൽകിയ സ്വീകരണം / ഫോട്ടോ: ഷിബിൻ ചെറുകര
കെ ടി രാജീവ്
Published on Feb 11, 2026, 02:45 AM | 2 min read
ഇടുക്കി
‘പെൻഷനും ആദിവാസികൾക്കുള്ള ആനുകൂല്യങ്ങളും തുടരണമെങ്കിൽ ജനകീയ സർക്കാർ വീണ്ടും വരണം. ഭൂപ്രശ്‌നങ്ങളിലടക്കം പരിഹാരമാകുന്നു. ഇനി പരിഹരിക്കേണ്ടത് വന്യജീവി പ്രശ്‌നമാണ്. അത് നമ്മുടെ സർക്കാരിനെക്കൊണ്ടുമാത്രം കഴിയുമോ എന്നറിയില്ല. എന്തായാലും നിവേദനം നൽകുന്നുണ്ട്’– അടിമാലിയിൽ എൽഡിഎഫ് മധ്യമേഖലാ ജാഥയെ സ്വീകരിക്കാനെത്തിയ പ്ലാമലക്കുടി ഉന്നതിയിലെ അറുപത്തിയാറുകാരൻ മൂപ്പൻ വേലുച്ചാമി പറഞ്ഞു.

20 കിലോമീറ്റർ അകലെനിന്ന് രാവിലെതന്നെ എത്തിയതാണ്. ഒപ്പം 30 കുടുംബങ്ങളും. ഇടുക്കി ജില്ലയിലെ തോട്ടം തൊഴിലാളികൾക്കും ആദിവാസികൾക്കും കുടിയേറ്റ കർഷകർക്കുമെല്ലാം പറയാനുള്ളത് വികസനത്തിന്റെയും കൈത്താങ്ങിന്റെയും നേരനുഭവങ്ങൾ. നാടിനെ മാറ്റിമറിച്ച വികസന വഴികളിൽ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി നയിക്കുന്ന മധ്യമേഖല വികസന മുന്നേറ്റ ജാഥയ്‌ക്ക് സ്നേഹാഭിവാദ്യമേകുകയാണ് മലനാട്. ചൊവ്വ രാവിലെ ദേവികുളം മണ്ഡലത്തിലെ അടിമാലിയിൽ നടന്ന മുഖാമുഖത്തിൽ കർഷകരും ടൂറിസം രംഗത്തുള്ളവരുമടക്കം പ്രമുഖർ പങ്കെടുത്തു.
ഇരുചക്രവാഹനങ്ങളുടെയും മുത്തുക്കുടകൾ, വാദ്യമേളങ്ങൾ എന്നിവയുടെയും അകന്പടിയോടെയായിരുന്നു അടിമാലി, ഇടുക്കി ചെറുതോണി, തൊടുപുഴ എന്നീ കേന്ദ്രങ്ങളിൽ ജാഥയ്‌ക്ക് വൻവരവേൽപ്പ്. ഇടുക്കിയിലെ അഞ്ച് മണ്ഡലങ്ങളിലെയും പര്യടനം പൂർത്തിയാക്കി ജാഥ വൈകിട്ട് എറണാകുളം ജില്ലയിൽ പ്രവേശിച്ചു. കോതമംഗലത്തായിരുന്നു ആദ്യ സ്വീകരണം.
സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ എംഎൽഎ, സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു, സിപിഐ അസിസ്‌റ്റന്റ് സെക്രട്ടറി പി പി സുനീർ എംപി, ഇന്ത്യൻ സോഷ്യലിസ്‌റ്റ് ജനതാദൾ സംസ്ഥാന സെക്രട്ടറി സാബു ജോർജ്, എൻസിപി സംസ്ഥാന സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ, ആർജെഡി സെക്രട്ടറി ജനറൽ ഡോ. വർഗീസ് ജോർജ്, കോൺഗ്രസ് എസ് സംസ്ഥാന സെക്രട്ടറി മാത്യൂസ് കോലഞ്ചേരി, കേരള കോൺഗ്രസ് ബി സംസ്ഥാന സെക്രട്ടറി കെ ജി പ്രേംജിത്, ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഫ്രാൻസിസ് തോമസ്, ഐഎൻഎൽ സംസ്ഥാന സെക്രട്ടറി എം എ ലത്തീഫ്, കേരള കോൺഗ്രസ് സ്‌കറിയ സംസ്ഥാന പ്രസിഡന്റ് ബിനോയ് ജോസഫ് എന്നിവരാണ് ജാഥാംഗങ്ങൾ.
കർഷക ദുരിതത്തിന് കാരണം കേന്ദ്രം : ജോസ് കെ മാണി
മലയോര കർഷകരുടെ തീരാദുരിതങ്ങൾക്ക് കാരണം കാലഹരണപ്പെട്ട കേന്ദ്ര നിയമങ്ങളാണെന്നും ഭൂ പ്രശ്‌നങ്ങൾ സങ്കീർണമാക്കിയത് കോൺഗ്രസ് സർക്കാരുകളാണെന്നും എൽഡിഎഫ് മധ്യമേഖലാ വികസന മുന്നേറ്റ ജാഥാ ക്യാപ്‌റ്റൻ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വനം– വന്യജീവി നിയമങ്ങളിലെ ചട്ടങ്ങൾ കാലോചിതമായി പരിഷ്കരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ല. നിയമഭേദഗതിക്കായുള്ള കേരളത്തിന്റെ ആവശ്യത്തോട് കേന്ദ്രം പുറംതിരിഞ്ഞു നിൽക്കുന്നു. യുഡിഎഫും ബിജെപിയും പല കാര്യങ്ങൾക്കും കുറ്റം പറയുന്നത് സംസ്ഥാന സർക്കാരിനെയാണ്. പൊറുതിമുട്ടിയിട്ടാണ് സംസ്ഥാന സർക്കാർ വന്യജീവി സംരക്ഷണം (കേരള ഭേദഗതി), ഭൂപരിഷ്കരണ നിയമ ഭേദഗതിയും നിയമസഭയിൽ പാസാക്കിയത്. ഇക്കാര്യങ്ങൾ ഒന്നും ചർച്ച ചെയ്യാനോ സംവാദത്തിൽ ഏർപ്പെടാനോ പ്രതിപക്ഷം തയാറാകുന്നില്ല. പകരം അവർ നുണകൾ പ്രചരിപ്പിക്കുകയാണ് -– ജോസ് കെ മാണി പറഞ്ഞു.










0 comments