Deshabhimani

print edition ജനസംഖ്യ കണക്ക്; വിദ്വേഷ പ്രചാരണവുമായി ജനം ടിവി

Janam.jpg
വെബ് ഡെസ്ക്

Published on Sep 09, 2026, 12:47 AM | 1 min read

തിരുവനന്തപുരം: ബിജെപി ചാനലായ ജനം ടിവി കേരളത്തിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമം നടത്തുന്നു. മുസ്ലിം ജനസംഖ്യ പെരുകുന്നുവെന്ന, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പയറ്റിയ സംഘപരിവാർ വിദ്വേഷ തന്ത്രമാണ് കേരളത്തിലും പ്രചരിപ്പിക്കുന്നത്. 2024ൽ സാമ്പത്തിക- സ്ഥിതിവിവര വിഭാഗം പുറത്തുവിട്ട വാർഷിക റിപ്പോർട്ട്‌ വളച്ചൊടിച്ചാണ് ജനം ടിവിയുടെ വ്യാജ വാർത്ത. തെറ്റിദ്ധരിപ്പിക്കുന്ന കണക്കുകളും വിദ്വേഷം വളർത്തുന്ന ഉള്ളടക്കവും പ്രചരിപ്പിച്ചിട്ടും സംസ്ഥാന സർക്കാരോ പൊലീസോ നടപടിയെടുത്തിട്ടില്ല.


മുസ്ലിം സമുദായ ജനസംഖ്യയിൽ വർധിച്ചപ്പോൾ, ഹിന്ദു, ക്രിസ്ത്യൻ വിഭാഗങ്ങളുടെ എണ്ണം കുറഞ്ഞെന്നും മലപ്പുറത്ത് ജനസംഖ്യ കൂടുതലാണെന്നുമാണ് പ്രചാരണം. തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ ജനനനിരക്കിനേക്കാൾ മരണനിരക്കും പാലക്കാട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ മരണനിരക്കിനേക്കാൾ ജനനനിരക്കും കൂടുതലാണെന്നും വ്യാഖ്യാനിിക്കുന്നു.


ഈ പ്രവണത കേരളത്തിന്റെ സാമൂഹിക സന്തുലിതാവസ്ഥയെയും മതേതര സ്വഭാവത്തെയും ബാധിക്കുമെന്ന, ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ്‌ ആർ വി ബാബുവിന്റെ കമന്റും വാർത്തയ്‌ക്കൊപ്പം ചേർത്തിട്ടുണ്ട്‌.

ജനസംഖ്യാപരമായ യാഥാർഥ്യവും പ്രായഘടനയിലെ വ്യത്യാസവും പൂർണമായും മറച്ചുവെച്ചാണ് വാർത്ത. ജനനനിരക്ക്, മരണനിരക്ക്, പ്രായഘടന, കുടിയേറ്റം, ആയുർദൈർഘ്യം തുടങ്ങിയ ഘടകങ്ങൾ പരിശോധിക്കാതെയാണ്‌ ജനം ടിവി റിപ്പോർട്ട്‌ തയ്യാറാക്കിയിരിക്കുന്നത്‌.


സാക്ഷരതയും ഉയർന്ന ജീവിതനിലവാരവുമുള്ള കേരളത്തിൽ ജനനനിരക്ക് കുറയുന്നതും ജനസംഖ്യാ വളർച്ച മന്ദഗതിയിലാകുന്നതും സാമൂഹിക മാറ്റത്തിന്റെ ഭാഗമാണ്. മതവിഭാഗങ്ങൾ തമ്മിലുള്ള മരണനിരക്ക് താരതമ്യം ചെയ്യുമ്പോൾ ജനസംഖ്യയുടെ പ്രായഘടന പരിഗണിക്കണം. പ്രായവ്യത്യാസം പരിഗണിക്കാത്ത പൊതുമരണനിരക്കാണ് (ക്രൂഡ് ഡെത്ത് റേറ്റ്) വാർത്തയിൽ പറയുന്നത്‌. കേരളത്തിലെ വിവിധ മതവിഭാഗങ്ങളുടെ പ്രായഘടന ഒരുപോലെയല്ലാത്തതിനാൽ പൊതുമരണനിരക്കും ജനനനിരക്കും താരതമ്യം ചെയ്യുന്നത് യുക്തിയല്ല.


സമൂഹത്തിൽ വിഭാഗീയതയും വിദ്വേഷവും വളർത്താൻ ശ്രമിക്കുന്ന മാധ്യമങ്ങൾക്കും വ്യക്തികൾക്കുമെതിരെ സുപ്രീംകോടതി ഉത്തരവുപ്രകാരം സ്വമേധയാ കേസെടുക്കാനും കർശന നിയമനടപടി സ്വീകരിക്കാനും സംസ്ഥാന സർക്കാരിന്‌ അധികാരമുണ്ട്‌. എന്നാൽ, ജനം ടിവിക്കെതിരെ യുഡിഎഫ്‌ സർക്കാർ മ‍ൗനം തുടരുകയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home