print edition ഖാദി ഗ്രാമ വ്യവസായ ബോർഡിലും ചട്ടവിരുദ്ധ നടപടി ; ഭിന്നശേഷിക്കാരിയായ ജീവനക്കാരിയെ പിരിച്ചുവിട്ടു

തിരുവനന്തപുരം : കേരള ഖാദി ഗ്രാമവ്യവസായ ബോർഡിൽ ജീവനക്കാരുടെ കൂട്ടപിരിച്ചുവിടലും അനധികൃത സ്ഥാനക്കയറ്റവും ഉൾപ്പെടെ നടക്കുന്നതായി ഖാദി ബോർഡ് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി നിയമിതയായ ഭിന്നശേഷിക്കാരിയായ ജീവനക്കാരിയെ കാരണമില്ലാതെ പിരിച്ചുവിട്ടു.
ഈ തസ്തികയിലേക്ക് കോൺഗ്രസ് അനുകൂല സംഘടനാ നേതാവിന്റെ ബന്ധുവിനെ നിയമിച്ചു. തങ്ങളുടെ സംഘടനയിൽ ചേരാത്ത ജീവനക്കാരെ സ്ഥലംമാറ്റുമെന്നും ഭീഷണിയുണ്ട്. സംസ്ഥാനത്തെ വിവിധ ഓഫീസുകളിലും താഴ്ന്ന തസ്തികകളിൽ ജോലി ചെയ്യുന്ന ചില ജീവനക്കാരെ സീനിയോറിറ്റിയും യോഗ്യതയും മറികടന്ന് ഉയർന്ന തസ്തികകളിൽ നിയമിക്കുകയാണ്. ബോർഡിലെ കോൺഗ്രസ് അനുകൂല സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറിക്ക് നിലവിലെ തസ്തികയേക്കാൾ ഉയർന്ന എക്സിക്യൂട്ടീവ് തലത്തിലുള്ള തസ്തികയുടെ ചുമതല നൽകി. രാഷ്ട്രീയ താൽപ്പര്യങ്ങളുടെ അടിസ്ഥാനത്തിൽ ജീവനക്കാരെ വിവിധ ഓഫീസുകളിലേക്ക് മാറ്റുകയും ചെയ്യുന്നുണ്ട്. ഇത്തരം നടപടികൾക്കെതിരെ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കണം. പരാതികളിൽ നടപടി ഉണ്ടായില്ലെങ്കിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഖാദി ബോർഡ് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അറിയിച്ചു.










0 comments