അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തിന് മറുപടിയുമായി ഇറാൻ; കപ്പൽഗതാഗതത്തിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കും

photo credit: AFP
ടെഹ്റാൻ : ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെ നാവിക ഉപരോധങ്ങൾക്ക് തക്കതായ മറുപടി നൽകുമെന്ന് ഇറാൻ. അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തിന് മറുപടിയായി പേർഷ്യൻ ഗൾഫിൽ മാരിടൈം എക്സ്ക്ലൂഷൻ സോൺ പ്രഖ്യാപിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. യുഎസ് നാവിക ഉപരോധം നിലവിലുള്ള പരിധിവരെ ഈ നിയന്ത്രിത മേഖല വ്യാപിപ്പിക്കും. യുഎസിന്റെ ഉപരോധവും സാമ്പത്തിക സമ്മർദവും തുടർന്നാൽ നിയന്ത്രണം ശക്തമാക്കുമെന്ന് ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്സെൻ റെസായി മുന്നറിയിപ്പ് നൽകി.
മേഖലയിൽ നിലയുറപ്പിച്ചിരിക്കുന്ന യുഎസ് യുദ്ധക്കപ്പലുകളെയും സൈനിക താവളങ്ങളെയും നേരിടാനുള്ള ഇറാന്റെ തന്ത്രങ്ങൾ പുനക്രമീകരിച്ചെന്നും ഹോർമുസിൽ ആവശ്യമെങ്കിൽ കപ്പൽഗതാഗതം തടയുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയതായാണ് റിപ്പോർട്ട്.
നിയന്ത്രിത മേഖല പ്രാബല്യത്തിലാകുന്നതോടെ ഗൾഫ് മേഖലയിലുള്ള യുഎസ് യുദ്ധക്കപ്പലുകളും നേരിട്ട് ഇറാന്റെ മേഖലയിൽ വരും. അമേരിക്ക സാമ്പത്തിക സമ്മർദം തുടരുന്ന പക്ഷം ഹോർമുസ്–പേർഷ്യൻ ഗൾഫ് മേഖലയിലെ കപ്പൽഗതാഗതത്തിന് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താനും യുഎസ് യുദ്ധക്കപ്പലുകൾക്കെതിരായ സൈനിക നടപടികൾ തുടരാനുമാണ് ഇറാന്റെ നീക്കമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.









0 comments