print edition അന്താരാഷ്ട്ര സ്പൈസ് റൂട്ട്സ് സമ്മേളനം ജനുവരി 6 മുതല്‍ കൊച്ചിയില്‍

തിരുവനന്തപുരം : സംസ്ഥാന ടൂറിസംവകുപ്പുമായി സഹകരിച്ച് മുസിരിസ് ഹെറിറ്റേജ് പ്രോജക്ട് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സ്പൈസ് റൂട്ട്സ് സമ്മേളനം ജനുവരി ആറുമുതല്‍ എട്ടുവരെ കൊച്ചി ബോള്‍ഗാട്ടി പാലസില്‍ നടക്കും. പുരാതന സുഗന്ധവ്യഞ്ജന വിനിമയ പാതകളെ ബന്ധിപ്പിച്ച് സമുദ്ര -സാംസ്കാരിക പൈതൃകത്തെയും അതിന്റെ ആഗോളപ്രസക്തിയെയും ഉയര്‍ത്തിക്കാട്ടുകയാണ് ലക്ഷ്യം.
22 രാജ്യങ്ങളില്‍നിന്നുള്ള 38 പ്രതിനിധികള്‍ സമ്മേളനത്തിന്റെ ഭാഗമാകും. പ്രമുഖ അക്കാദമിഷ്യൻമാർ, ചരിത്രകാരന്മാർ, പ്രശസ്ത പുരാവസ്തു ഗവേഷകര്‍, നയതന്ത്രജ്ഞര്‍, നയരൂപീകരണ വിദഗ്ധര്‍, ടൂറിസം മേഖലയിലെ വിദഗ്ധർ, കലാകാരന്മാർ തുടങ്ങിയവര്‍ പങ്കെടുക്കും.
വിഷയാധിഷ്ഠിത അവതരണങ്ങള്‍ക്കുപുറമെ അന്തര്‍ദേശീയ പൈതൃക ഇടനാഴികള്‍ നിലനിര്‍ത്തുക, വിനോദസഞ്ചാരത്തിനായി സുഗന്ധവ്യഞ്ജന പാതകളെ പുനഃസ്ഥാപിക്കുക തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള സാങ്കേതിക സെഷനുകളും ഉണ്ടാകും. സ്പൈസ് റൂട്ട്സ് ഹെറിറ്റേജ് നെറ്റ്‌വര്‍ക്കിന്റെ പ്രഖ്യാപനവും ചാര്‍ട്ടര്‍ അവതരണവും പ്രഥമ അന്താരാഷ്ട്ര സ്പൈസ് റൂട്ട്സ് സമ്മേളനത്തിന്റെ പ്രധാന ആകര്‍ഷണമാകും. ചരിത്രം, സംസ്കാരം, പാരമ്പര്യം എന്നിവയില്‍ വേരൂന്നിയ ആഴത്തിലുള്ള അനുഭവങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ആകര്‍ഷകമായ ലക്ഷ്യസ്ഥാനമായി കേരളത്തെ സ്ഥാപിക്കാനാണ് അന്താരാഷ്ട്ര സ്പൈസ് റൂട്ട്സ് സമ്മേളനം ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
കൊച്ചിയിലെ വിവിധ സ്ഥലങ്ങളില്‍ ഫോട്ടോഗ്രാഫിക് പ്രദര്‍ശനങ്ങളും കലാപ്രദര്‍ശനങ്ങളും നടത്തുന്നതിനായി പ്രശസ്ത മള്‍ട്ടിമീഡിയ ആര്‍ട്ടിസ്റ്റായ റിയാസ് കോമുവിന്റെ നേതൃത്വത്തിലുള്ള ആഴി ആര്‍ക്കൈവ്സുമായി മുസിരിസ് ഹെറിറ്റേജ് പ്രോജക്ട് സഹകരിക്കുന്നുണ്ട്. അക്കാദമിക് സെഷനുകള്‍ രൂപകല്‍പ്പന ചെയ്യുന്ന അക്കാദമിക് കണ്‍സള്‍ട്ടന്റായി എംജി സര്‍വകലാശാലയിലെ പ്രൊഫ. എം എച്ച് ഇലിയാസ് സഹകരിക്കും. ഫോട്ടോഗ്രാഫിക് പ്രദര്‍ശനങ്ങള്‍, ഗാനമേള, ചവിട്ടുനാടകം എന്നിവയും അരങ്ങേറും.










0 comments